ഫ്രാന്‍സിന്റെ മുന്‍ പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാന്ദിന്റെ പ്രസ്താവന പരസ്പര വിരുദ്ധമാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. റാഫേല്‍ ഇടപാടില്‍ ഒളാന്ദ് ആദ്യം പറഞ്ഞ പ്രസ്താവനയില്‍ നിന്നും വിരുദ്ധമായ പ്രസ്താവനയാണ് അദ്ദേഹം രണ്ടാമത് നല്‍കിയതെന്ന് അരുണ്‍ ജെയ്റ്റ്ലി ചൂണ്ടിക്കാട്ടി. റഫേല്‍ ഇടപാടില്‍ റിലയന്‍സിനെ പങ്കാളിയാക്കിയത് കേന്ദ്ര സര്‍ക്കാരാണെന്നും ഇതില്‍ ഫ്രാന്‍സിന് പങ്കില്ലെന്നുമായിരുന്നു ഒളാന്ദ നേരത്തെ നല്കിയ പ്രസ്താവന. എന്നാല്‍ പിന്നീട് റിലയന്‍സിന് വേണ്ടി ഇന്ത്യ സമ്മര്‍ദ്ദം ചിലത്തിയിരുന്നോ എന്ന ചോദ്യത്തിന് തനിക്ക് അറിയില്ല, അത് ദസോ ഏവിയേഷനോട് ചോദിക്കണ്ട ചോദ്യമാണെന്നാണ് അദ്ദേഹം രണ്ടാമത് നല്കിയ മറുപടി. ഇത് പരസ്പര വിരുദ്ധമാണെന്നും ആദ്യത്തെ പ്രസ്താനവനയ്ക്ക് ശേഷം ഒളാന്ദിന് ഫ്രാന്‍സില്‍ നിന്നും സമ്മര്‍ദ്ദം ഉണ്ടായിക്കാണുമെന്നും അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഒളാന്ദും കേന്ദ്ര സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ വേണ്ടി ആസൂത്രിത ശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. സത്യത്തിന് രണ്ടു വ്യാഖ്യാനമില്ലെന്നും റാഫേല്‍ ഇടപാടില്‍ റിലയന്‍സിനെ പങ്കാളിയാക്കിയത് ദസോ ഏവിയേഷന്തന്നെയാണെന്നും അദ്ദേഹം വിശദീകരിച്ചു. നൂറ്റാണ്ടുകളായി ലോകമെമ്പാടു ഇടപാടുകള്‍ നടത്തുന്ന പെരുമാറ്റ വ്യവസ്ഥയെ കോണ്‍ഗ്രസ് പാര്‍ട്ടി ഓര്‍ക്കേണ്ടതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആരോപണങ്ങള്‍ ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ റഫേല്‍ കരാര്‍ റദ്ദാക്കാനാകില്ലെന്നും ജയ്റ്റ്ലി പറഞ്ഞു.
നേരത്തെ, രാജ്യത്തിന്റെ കാവല്ക്കാരന് കള്ളനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമാക്കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു.
Discussion about this post