ജമ്മു കശ്മീരിനെ പാക്കിസ്ഥാന്റെ ഭാഗമാക്കി ചിത്രീകരിച്ച സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പോസ്റ്ററിനെതിരെ മഹാത്മാ ഗാന്ധി നാഷണല്‍ ഫൗണ്ടേഷന് പരാതി നല്കി. കോട്ടയത്തെ പാലായിലെ കൊട്ടാരമുറ്റത്തെ ആവെ ടവറില്‍ പ്രവര്‍ത്തിക്കുന്ന എസ്.ബി.ഐയുടെ എ.ടി.എമ്മിനുള്ളിലാണ് കശ്മീരിനെ പാക്കിസ്ഥാന്റെ ഭാഗമാക്കിയുള്ള പരസ്യ ബോര്‍ഡ് കണ്ടത്.
‘ഇവിടെ നിന്നും വിദേശത്തേക്ക് പണമയക്കാം’ എന്ന തലക്കേട്ടോട് കൂടിയുള്ള പരസ്യ ബോര്‍ഡിലാണ് കശ്മീരിനെ ഇന്ത്യയുടെ ഭാഗമല്ലാതാക്കിയത്. ഇത് കൂടാതെ ഈ ഭാഗത്ത് പാക്കിസ്ഥാന്റെ പതാകയും ചേര്‍ത്തിട്ടുണ്ട്.
പല പരിശോധനകള്‍ക്ക് ശേഷം മാത്രമെ സ്റ്റേറ്റ് ബാങ്ക് പോലുള്ള ഒരു സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനത്തില്‍ നിന്നും പരസ്യം പുറത്ത് വിടാന്‍ പറ്റുകയുള്ളുവെന്ന് മഹാത്മാ ഗാന്ധി ഫൗണ്ടേഷന് ചെയര്മാന് എബി.ജെ.ജോസ് ചൂണ്ടിക്കാട്ടി. ഈ പരസ്യ ബോര്‍ഡ് രാജ്യ വിരുദ്ധമാണെന്നും ഇത് പോലെ മറ്റ് പരസ്യ ബോര്‍ഡുകള്‍ മറ്റ് ബ്രാഞ്ചുകളില്‍ സ്ഥാപിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ നടപടിയെടുക്കണമെന്ന ആവശ്യവുമായി ഗാന്ധി ജയന്തി ദിനത്തില്‍ തിരുവനന്തപുരത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആസ്ഥാനത്ത് പ്രതിഷേധം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post