പമ്പ: ശബരിമല ദര്‍ശനത്തിനായി ആന്ധ്രയില്‍ നിന്നെത്തിയ ആറു യുവതികള്‍ സാഹചര്യം കണക്കിലെടുത്ത് ദര്‍ശനം നടത്താതെ മടങ്ങി. പോലീസും ഭക്തരും കാര്യങ്ങള്‍ വിശദീകരിച്ചതോടെയാണ് ഇവര്‍ ദര്‍ശനത്തിന് മുതിരാതെ മടങ്ങിയത്. എന്നാല്‍ ദര്‍ശനം നടത്തണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണെങ്കില്‍ സുരക്ഷ നല്‍കാമെന്ന് പോലിസ് അറിയിച്ചിരുന്നു. എന്നാല്‍ ആചാരലംഘനത്തെ തുടര്‍ന്നുണ്ടാകുന്നു പ്രതിഷേധം കണക്കിലെടുത്ത് മടങ്ങുകയാണെന്ന് ഇവര്‍ അറിയിക്കുകയായിരുന്നു.
ആന്ധ്രയില്‍ നിന്നെത്തിയ 32 പേരടങ്ങുന്ന സംഘത്തിലാണ് യുവതികള്‍ എത്തിയത്. നിലയ്ക്കലില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി ബസിലാണ് ഇവര്‍ പമ്പയില്‍ എത്തിയത്. ബസില്‍ ഒപ്പം യാത്ര ചെയ്തിരുന്ന അയ്യപ്പ ഭക്തരും പമ്പയിലെത്തിയ ശേഷം പോലീസും പ്രതിഷേധത്തെക്കുറിച്ച് ഇവരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പമ്പയില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി ബസില്‍ തന്നെ ഇവര്‍ നിലയ്ക്കലിലേക്ക് മടങ്ങി. മറ്റുള്ളവര്‍ ദര്‍ശനം നടത്തി തിരിച്ചെത്തുന്നതുവരെ നിലയ്ക്കലില്‍ തങ്ങുമെന്നും ഇവര്‍ അറിയിച്ചിട്ടുണ്ട്
Discussion about this post