സന്നിധാനത്ത് ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറിയിറങ്ങി ആചാരലംഘനം നടത്തിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡംഗം കെ.പി.ശങ്കര്‍ദാസിനെ നീക്കണമെന്നാവശ്യപ്പെട്ട് കേരളാ ഹൈക്കോടതിയില്‍ ഹര്‍ജി. അഭിഭാഷകനായ രാംകുമാര്‍, ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്, തിരുവിതാംകൂര്‍ ദേവസ്വം മുന്‍ പ്രസിഡന്റ് പ്രയാര്‍ഗോപാലകൃഷ്ണന്‍ എന്നിവരാണ് ഹര്‍ജികള്‍ നല്‍കിയിട്ടുള്ളത്. ആചാരങ്ങള്‍ സംരക്ഷിക്കേണ്ട ദേവസ്വം ബോര്‍ഡ് അംഗങ്ങളിലൊരാള്‍ തന്നെ ആചാരലംഘനം നടത്തിയെന്നാണാരോപണം.
ബോര്‍ഡ് അംഗമായി ചുമതല ഏല്ക്കുമ്പോള് നടത്തിയ സത്യപ്രതിജ്ഞയുടെ ലംഘനമാണ് ശങ്കര്‍ ദാസ് നടത്തിയെന്ന് എന്ന് വ്യക്തമാക്കിയാണ് ഹര്‍ജികള്‍. ഹിന്ദു റിലീജ്യസ് ആക്ട് 31ാം വകുപ്പിന്റയും ലംഘനമാണിതെന്നും തത്സ്ഥാനത്തുനിന്ന് ശങ്കര്‍ദാസിനെ നീക്കം ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
ചിത്തിര ആട്ടവിശേഷത്തിനായി നവംബര്‍ അഞ്ചിന് വൈകീട്ട് നട തുറന്നപ്പോഴായിരുന്നു കെ.പി.ശങ്കര്‍ദാസ് ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറിയിറങ്ങിയത്. ആഴിയ്ക്ക് തിരി തെളിയിക്കാന്‍ വേണ്ടി തന്ത്രിയുടെയും മേല്‍ശാന്തിയുടെയും കൂടെ ഇരുമുടിക്കെട്ടില്ലാതെ ശങ്കര്ദാസുമുണ്ടായിരുന്നു.
ആചാരങ്ങള്‍ പ്രകാരം തന്ത്രിയ്ക്കും മേല്‍ശാന്തിയ്ക്കും പരികര്മിമാര്ക്കുമാണ് ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി ചവിട്ടാന്‍ അവകാശമുള്ളത്. എന്നാല്‍ താന്‍ ആചാരലംഘനം നടത്തിയിട്ടില്ലായെന്നാണ് ശങ്കര്‍ദാസ് പറയുന്നത്. ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറിയിറങ്ങിയത് ചടങ്ങിന്റെ ഭാഗമായാണെന്നും ചടങ്ങും ആചാരവും രണ്ടാണെന്നും അദ്ദേഹം വിശദീകരിച്ചു.
Discussion about this post