ഛത്തീസ്ഗഢില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി ഛത്തീസ്ഗഢില്‍ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് പ്രകടന പത്രിക പുറത്തിറക്കിയത്.
ഛത്തീസ്ഗഢിനെ ഒരു നക്സല്‍ മുക്ത സംസ്ഥാനമായി മാറ്റുമെന്ന പത്രികയില്‍ പറയുന്നു. ഇത് കൂടാതെ മാധ്യമപ്രവര്‍ത്തകര്‍ക്കും അഭിഭാഷകര്‍ക്കും സംരക്ഷണം നല്‍കിക്കൊണ്ടുള്ള നിയമവും നടപ്പിലാക്കുന്നതായിരിക്കും.
സൗജന്യ ഉപ്പ് യോജന തുടരുമെന്ന് മുഖ്യമന്ത്രി രമണ്‍ സിംഗ് വ്യക്തമാക്കി. 60 വയസ്സിന് മുകളിലുള്ള ഭൂരഹിത കര്‍ഷകര്‍ക്ക് പ്രതിമാസം 1,000 രൂപ പെന്‍ഷനായും ലഭിക്കുന്നതായിരിക്കും. ഇത് കൂടാതെ കര്‍ഷകര്‍ക്കായുള്ള താങ്ങുവില 1.5 ഇരട്ടിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കര്‍ഷകര്‍ക്ക് വേണ്ടി രണ്ട് ലക്ഷം പമ്പുകളും നല്‍കുന്നതായിരിക്കും.
ഇത് കൂടാതെ 2022ഓടെ എല്ലാവര്ക്കും ഭവനം എന്ന പദ്ധതിയും നടപ്പിലാക്കുന്നതായിരിക്കും.
അംബികാപുരത്തും ജഗദല്‍പൂരിലും സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളും നിര്‍മ്മിക്കുന്നതായിരിക്കും. കൂടാതെ ഛത്തീസ്ഗഢില്‍ ഒരു ഫിലിം സിറ്റി നിര്‍മ്മിക്കാനുള്ള പദ്ധതിയെപ്പറ്റിയും പത്രികയില്‍ പറയുന്നു.
ഹിന്ദി, ഛത്തീസ്ഗഢ് ഭാഷകളിലുള്ള പ്രത്യേക സ്കൂളുകളും തുടങ്ങുന്നതായിരിക്കുമെന്ന് പത്രികയില്‍ പറയുന്നു. പഠനത്തില്‍ മികവ് പ്രകടിപ്പിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി പഠനം തുടരാനുള്ള പദ്ധതിയും നടപ്പിലാക്കുന്നതായിരിക്കും.
ഇത് കൂടാതെ തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് പല തരത്തിലുള്ള കിഴിവുകളും നല്‍കുന്നതായിരിക്കും. പാവപ്പെട്ട് കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വരെയുള്ള ആരോഗ്യ ഇന്‍ഷുറന്‍സും നല്‍കുന്നതായിരിക്കും. ചെറിയ വ്യാപാരികള്‍ക്ക് 5 ലക്ഷം രൂപ വരെ ആരോഗ്യ ഇന്‍ഷുറന്‍സ് ലഭിക്കും.
ബി.ജെ.പിയുടെ കഴിഞ്ഞ പതിനഞ്ച് വര്‍ഷക്കാലത്തെ ഛത്തീസ്ഗഢിലുള്ള ഭരണം വളരെ മികച്ചതായിരുന്നുവെന്ന് അമിത് ഷാ അഭിപ്രായപ്പെട്ടു. രമണ്‍ സിംഗിന്റെ സര്‍ക്കാര്‍ നക്സലുകളുടെ പ്രവര്‍ത്തനം തടയാന്‍ നല്ല രീതിയില്‍ പരിശ്രമിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
നവംബര്‍ 12നാണ് ഛത്തീസ്ഗഢില്‍ ആദ്യ ഘട്ട തിരഞ്ഞെടുപ്പ് നടക്കുക. രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നവംബര്‍ 20നാണ് നടക്കുക. വോട്ടെണ്ണല്‍ ഡിസംബര്‍ 11നും നടക്കുന്നതായിരിക്കും.
Discussion about this post