‘സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിയ്ക്കും മുന്‍പ് അസാധാരണമായ സാഹചര്യം അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ രൂപപ്പെട്ടിരിക്കുന്നു. ബിജെപി സ്ഥാനാര്‍ത്ഥിയായ രാജഗോപാല്‍ യുഡിഎഫിനും, എല്‍ഡിഎഫിനും നേരെ ഉയര്‍ത്തുന്ന വെല്ലുവിളിയാണിത്…’
ഇടത്പക്ഷ സഹയാത്രികനും, രാഷ്ട്രീയ നിരീക്ഷകനുമായ അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന്റെ വിലയിരുത്തലാണിത്. ഇരു മുന്നണികളും അരുവിക്കരയില്‍ വലിയ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. സഹതാപവോട്ടുകള്‍ ലക്ഷ്യമാക്കിയാണ് ബിജെപി രാജഗോപാലിനെ സ്ഥാനാര്‍ത്ഥിയാക്കിയത് എന്ന കോടിയേരി ബാലകൃഷ്ണന്റെ പരിഹാസം ആവര്‍ത്തിച്ചാല്‍ അത് തിരിച്ചടിയാകുമെന്ന് അപ്പൂക്കുട്ടന്‍ വള്ളിക്കുന്ന് തന്റെ ബ്ലോഗായ വള്ളിക്കുന്ന ഓണ്‍ലൈനില്‍ കുറിച്ചു.
‘മണ്ഡലത്തില്‍ രണ്ടാംസ്ഥാനത്ത് ഒ. രാജഗോപാലന്‍ വരണമെന്നേ ബി.ജെ.പി നേതൃത്വം ആഗ്രഹിച്ചിരുന്നുള്ളൂ. അതുപോര, അട്ടിമറി വിജയംതന്നെ കൈവരിക്കണമെന്നാണ് സി.പി.എമ്മിനും ഉമ്മന്‍ചാണ്ടിക്കും നിര്‍ബന്ധമെങ്കില്‍ വിനയം പരക്കുന്ന ഒരു പുഞ്ചിരിയോടെ, കൂപ്പുകൈയോടെ ഒ. രാജഗോപാല്‍ അത് സ്വീകരിക്കാന്‍ സന്നദ്ധനായിരിക്കും. യു.ഡി.എഫും എല്‍.ഡി.എഫും ഇപ്പോഴേ അത് മനസ്സിലാക്കുന്നതാണ് നല്ലത്. തങ്ങളുടെ കണക്കുകൂട്ടലുകള്‍ തെറ്റിയെന്ന് വോട്ടെണ്ണിക്കഴിയുമ്പോള്‍ പറയാതിരിക്കണമെങ്കില്‍’-എന്നിങ്ങനെയാണ് വള്ളിക്കുന്നിന്റെ ലേഖനം അവസാനിക്കുന്നത്.
ലേഖനത്തിന്റെ പൂര്‍ണരൂപം വായിക്കുക-
സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും മുമ്പുതന്നെ അസാധാരണമായ സാഹചര്യം അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ രൂപപ്പെട്ടിരിക്കുന്നു. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ഒ. രാജഗോപാല്‍ യു.ഡി.എഫിനും എല്‍.ഡി.എഫിനും നേരെ ഉയര്‍ത്തുന്ന വെല്ലുവിളിയാണത്. പഴയ വോട്ടിംഗ് നിലമാത്രം കണക്കാക്കിയാല്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ശബരീനാഥ് ജയിക്കണം. അല്ലെങ്കില്‍ അത് അട്ടിമറിച്ച് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം. വിജയകുമാര്‍ വിജയിക്കണം. പഴയ സ്വാധീനംവെച്ച് ബി.ജെ.പിക്ക് മൂന്നാംസ്ഥാനംകൊണ്ട് തൃപ്തിപ്പെടണം.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പതിനായിരത്തില്‍പരം വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ച കാര്‍ത്തികേയന്റെ മകന്‍ ശബരീനാഥ് കണക്കിന്റെ പിന്‍ബലത്തില്‍ തോല്‍ക്കേണ്ട കാര്യമില്ല. സഹതാപവോട്ടോടെ ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കുകയാണ് വേണ്ടത്. 91ല്‍ ആര്‍.എസ്.പിയുടെ കരുത്തനായ കെ. പങ്കജാക്ഷനെ നാലായിരത്തോളം വോട്ടുകള്‍ക്ക് തോല്‍പ്പിച്ച് മണ്ഡലം പിടിച്ചെടുത്ത കാര്‍ത്തികേയന്‍ പിന്നെ വിട്ടുകൊടുത്തിട്ടില്ല. 2006ല്‍ എല്‍.ഡി.എഫ് അധികാരത്തില്‍ വന്ന തെരഞ്ഞെടുപ്പില്‍പോലും ആര്‍.എസ്.പിയുടെ ശക്തനായ സ്ഥാനാര്‍ത്ഥി പി. ചന്ദ്രചൂഡനോട് രണ്ടായിരത്തിനടുത്ത ഭൂരിപക്ഷത്തില്‍ കാര്‍ത്തികേയന്‍ ജയിച്ചതാണ്.
ആര്‍.എസ്.പി മുന്നണിവിട്ട സാഹചര്യത്തില്‍ സി.പി.എം ഇത്തവണ മണ്ഡലം പിടിച്ചെടുക്കാനാണ് മത്സരത്തിന് നേരിട്ടിറങ്ങിയത്.o rajagopal കാര്‍ത്തികേയനെപ്പോലെ മുന്‍ സ്പീക്കറും മന്ത്രിയും സ്വന്തം പാര്‍ട്ടിക്കപ്പുറം അംഗീകാരവുമുള്ള എം. വിജയകുമാറിനെ സ്ഥാനാര്‍ത്ഥിയുമാക്കി. കാര്‍ത്തികേയന്റെ ഭാര്യ ഡോ. സുലേഖ മത്സരത്തില്‍നിന്ന് രാഷ്ട്രീയത്തിലില്ലാത്ത മകന് വഴിമാറിയപ്പോള്‍ സി.പി.എമ്മിന്റെ ആത്മവിശ്വാസം കൂടി. പ്രതിപക്ഷ നേതാവ് വി.എസിനെ രംഗത്തിറക്കാതെതന്നെ സീറ്റ് പിടിച്ചെടുക്കാമെന്ന കണക്കുകൂട്ടല്‍ സ്ഥാനാര്‍ത്ഥിക്കുണ്ടായില്ലെങ്കിലും സി.പി.എം നേതൃത്വത്തിനുണ്ടായി. പക്ഷേ അത് തിരുത്തേണ്ടിവന്നു. വിജയകുമാര്‍തന്നെ വി.എസിനെ കണ്ട് തെരഞ്ഞെടുപ്പ് കമ്മറ്റിയുടെ ആവശ്യം അറിയിച്ചു. അതനുസരിച്ച് അടുത്തദിവസം വി.എസ് പ്രചാരണത്തിന് ഇറങ്ങുകയാണ്. പക്ഷേ, പാര്‍ട്ടി നേതൃത്വത്തിന് വി.എസിനോടുള്ള വെറുപ്പും അനിഷ്ടവും ഈ പ്രചാരണ നേട്ടത്തിന്റെ മേനി എത്രയുണ്ടാക്കുമെന്ന് കണ്ടറിയേണ്ടിവരും. ജനങ്ങളുടെ മനോഭാവം ഇതുകൊണ്ട് മാറ്റിയെടുക്കാനാകുമോ എന്നും.
എന്നാല്‍ ഒ. രാജഗോപാലിനെ രംഗത്തിറക്കി അതിശക്തമായ ത്രികോണ മത്സരം ബി.ജെ.പി ആസൂത്രണം ചെയ്തു. യു.ഡി.എഫിനേക്കാളും ഞെട്ടിയിരിക്കുന്നത് എല്‍.ഡി.എഫ് ആണ്. ബി.ജെ.പിയുടെ ജില്ലാ പ്രസിഡന്റ് സി. ശിവന്‍കുട്ടി കഴിഞ്ഞതവണ കേവലം ആറുശതമാനം വരുന്ന 7694 വോട്ടാണ് ഇവിടെ നേടിയത്. എന്നിട്ടും ഇപ്പോള്‍ മണ്ഡലത്തിലെ രാഷ്ട്രീയ ബലാബലം രാജഗോപാലിന്റെ വരവോടെ പെട്ടെന്ന് അനിശ്ചിതത്വത്തിന് വഴിമാറി. ഈ സ്ഥാനാര്‍ത്ഥികളില്‍ മറ്റെല്ലാവരില്‍നിന്നും ഉയര്‍ന്നുനില്‍ക്കുന്ന ആദരണീയമായ ഒ. രാജഗോപാലിന്റെ വ്യക്തിത്വം യു.ഡി.എഫിനും എല്‍.ഡി.എഫിനും അപ്രതീക്ഷിതമായ വെല്ലുവിളിയായി. രണ്ടുതവണ കേന്ദ്രമന്ത്രിയെന്ന നിലയില്‍ സംസ്ഥാനത്തിന് നല്‍കിയ സംഭാവനയും മഹര്‍ഷി തുല്യമായ ജീവിതവും ഒ. രാജഗോപാലിനെ ഏവര്‍ക്കും സ്വീകാര്യനാക്കുന്നു. ബി.ജെ.പിയും സംഘപരിവാറും എന്ന നിഷേധാത്മക വശം സ്ഥാനാര്‍ത്ഥി രാജഗോപാലായതോടെ എതിരാളികള്‍ക്ക് മുതലെടുക്കാന്‍ കഴിയാതെയായി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ വോട്ടുകള്‍ രാജഗോപാലിന് കിട്ടിയതും അവസാന റൗണ്ട് വോട്ടെണ്ണി തീരുംവരെ കേന്ദ്രമന്ത്രി ശശി തരൂരിനെ വെള്ളം കുടിപ്പിച്ചതും അവഗണിക്കാനാവില്ല.
മൊത്തം 1,77,605 വോട്ടര്‍മാരാണ് അരുവിക്കരയില്‍. അതില്‍ പുരുഷന്മാരേക്കാള്‍ പതിനായിരത്തോളം സ്ത്രീ വോട്ടര്‍മാരുണ്ട്. വാശിയേറിയ മത്സരം വോട്ടിംഗ് ശതമാനം എണ്‍പതിനുമേല്‍ ഉയര്‍ത്തിയാല്‍ തന്നെ 1,40,000 മുകളിലാണ് ആകെ പോള്‍ ചെയ്യാന്‍ പോകുന്ന വോട്ടുകള്‍. ഇത്തവണ അസാധാരണമായ മറ്റൊരു സ്ഥിതിവിശേഷം ഈ ത്രികോണ മത്സരത്തെ നിര്‍ണ്ണായകമായി സ്വാധീനിക്കാന്‍ പോകുന്നു. കഷ്ടി പതിനായിരത്തിനുതാഴെ വോട്ടുകള്‍ വാങ്ങിയ ആറ് സ്വതന്ത്രന്മാര്‍ കഴിഞ്ഞതവണ മത്സരിച്ച മണ്ഡലത്തില്‍ മൂന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ഇത്തവണ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി രാഷ്ട്രീയ ബലാബലത്തിന്റെ അടിയിളക്കുന്നുണ്ട്. അഴിമതി വിരുദ്ധ മുന്നണിയുണ്ടാക്കി സ്ഥാനാര്‍ത്ഥിയെ ഇറക്കിയിട്ടുള്ളത് യു.ഡി.എഫില്‍ തുടരുന്ന എം.എല്‍.എ പി.സി ജോര്‍ജാണ്. ഈയിടെ കേരളത്തില്‍ വന്നുമടങ്ങിയ അബ്ദുള്‍ നാസര്‍ മഅദ്‌നിയുടെ പാര്‍ട്ടിയായ പി.ഡി.പി ശക്തനായ ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടുണ്ട്. എല്‍.ഡി.എഫിനൊപ്പം നിന്നിരുന്ന പി.സി തോമസിന്റെ സ്ഥാനാര്‍ത്ഥി എല്‍.ഡി.എഫിന്റെ കുറെ വോട്ടുകള്‍ അടര്‍ത്തും. ആര്‍. ബാലകൃഷ്ണപിള്ള സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ യു.ഡി.എഫിനെ തോല്‍പ്പിക്കാന്‍ എല്‍.ഡി.എഫ് വേദികളില്‍ സജീവമാണ്. ഈ സ്ഥാനാര്‍ത്ഥികള്‍ പരമാവധി എത്ര വോട്ടുകള്‍ സ്വരൂപിക്കും, അത് ഭരണ – പ്രതിപക്ഷ മുന്നണികളെ എങ്ങനെ ബാധിക്കും എന്നത് ഉപതെരഞ്ഞെടുപ്പിന് മുമ്പ് യു.ഡി.എഫും എല്‍.ഡി.എഫും നടത്തിയ കണക്കുകൂട്ടലുകളെ തെറ്റിക്കുന്നു.
മറ്റൊന്ന് കെ.എസ്.യുക്കാര്‍ക്കുപോലും പരസ്യമായി എതിര്‍ക്കേണ്ടിവന്ന കോണ്‍ഗ്രസ് രാഷ്ട്രീയത്തിലില്ലാത്ത ശബരീനാഥിനെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയാക്കിയതാണ്. കോണ്‍ഗ്രസ് വോട്ടുകളെ അത് ബാധിക്കും. ഡോ. സുലേഖയായിരുന്നെങ്കില്‍ വിജയം ഉറപ്പായിരുന്നു എന്ന ആര്‍.എസ്.പി നേതാവ് പ്രേമചന്ദ്രന്‍ പറഞ്ഞത് ഓര്‍ക്കുക.
ഒരു തെരഞ്ഞെടുപ്പിന്റെ വിജയം നിര്‍ണ്ണയിക്കുന്നത് പഴയ കണക്കുകളോ പാര്‍ട്ടിയും സ്ഥാനാര്‍ത്ഥിയും പണ്ടുനേടിയ പിന്തുണയോ അല്ല. വോട്ടര്‍മാര്‍ ഒരു നിര്‍ജ്ജീവ പദാര്‍ത്ഥമല്ല. വികാര – വിചാരങ്ങളുള്ള മനുഷ്യരാണ്. ഒരു ഘട്ടത്തില്‍ ഒരു പാര്‍ട്ടിക്കോ സ്ഥാനാര്‍ത്ഥിക്കോ പിന്തുണ നല്‍കിയ വോട്ടര്‍മാര്‍ മറ്റൊരു ഘട്ടത്തില്‍ മാറി തീരുമാനിക്കും. ആ തീരുമാനമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടേതടക്കമുള്ള ശാത്രീയ കണക്കുകൂട്ടലുകളെ ഇത്തവണ അട്ടിമറിക്കുക. അത്തരം ഘടകങ്ങള്‍ തുടര്‍ച്ചയായി ഈ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നേരിടുകയാണ്. അതിന്റെ ഗുണഭോക്താവ് സി.പി.എമ്മും എല്‍.ഡി.എഫുമാണെന്ന് കരുതിയിട്ട് കാര്യമില്ല.
ഉമ്മന്‍ചാണ്ടി ഗവണ്മെന്റിനെ നിരന്തരം വേട്ടയാടുന്ന അഴിമതി വിവാദങ്ങളുടേയും കേസുകളുടേയും പ്രത്യാഘാതം കരുതുന്നതിലും അപ്പുറമാണ്. ജി. കാര്‍ത്തികേയന്‍തന്നെ ഈ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായാല്‍പോലും അത് ബാധിക്കുമായിരുന്നു. തീര്‍ന്നിട്ടില്ല. ഇനിയും അത്തരം പ്രതികൂല സംഭവങ്ങള്‍ യു.ഡി.എഫിന് പിറകെയുണ്ട്.
പുലി വരുന്നേ എന്നു പറഞ്ഞതുപോലെയായി സി.ബി.ഐ കേരളത്തില്‍ കളത്തിലിറങ്ങിയത്. അരുവിക്കരയിലെ രാഷ്ട്രീയ അലകളില്‍ സി.ബി.ഐ പുള്ളിപ്പുലിയുടെ പ്രതിബിംബം തെളിഞ്ഞത്. സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശക പത്രിക സമര്‍പ്പിക്കുന്നതിന് തൊട്ടുമുമ്പ്.
ഭൂമി തട്ടിപ്പുകേസില്‍ മുഖ്യമന്ത്രിയുടെ പഴയ ഗണ്‍മാനെയും കുടുംബാംഗങ്ങളേയും തട്ടിപ്പിന് സഹായംചെയ്ത റവന്യൂ ഉദ്യോഗസ്ഥരേയുമാണ് അറസ്റ്റുചെയ്തത്. കോടതിയില്‍നിന്ന് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തുകൊണ്ടിരിക്കുന്ന സലിംരാജില്‍നിന്ന് പുറത്തുവരുന്ന തെളിവുകള്‍ ഉന്നതങ്ങളിലേക്ക് നീണ്ടാല്‍ അത്ഭുതപ്പെടാനില്ല. മുഖ്യമന്ത്രിയുടെ ഓഫീസെന്ന അധികാര കേന്ദ്രത്തിന്റെ പിന്‍ബലത്തിലാണ് തട്ടിപ്പ് നടത്തിയത് എന്നാണ് സി.ബി.ഐ തെളിവിന്റെ കാതല്‍.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സി.ബി.ഐ പിടികൂടിയതിന് സമാനമായാണ് യു.ഡി.എഫ് ഒഴികെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളാകെ തെരഞ്ഞെടുപ്പ് കളത്തില്‍ ഇറങ്ങുംമുമ്പുതന്നെ വീണുകിട്ടിയ ഈ രാഷ്ട്രീയ ആയുധത്തെ കാണുന്നത്. ഉമ്മന്‍ചാണ്ടി ഗവണ്മെന്റ് സസ്‌പെന്റ് ചെയ്ത് പഴ്‌സണല്‍ സ്റ്റാഫില്‍നിന്ന് ഇറക്കിവിട്ടവരാണ് ഗണ്‍മാന്‍ സലിംരാജും പി.എ. ജോപ്പനുമൊക്കെ എന്ന കോണ്‍ഗ്രസ് ഐയുടെ പ്രതിരോധം ദുര്‍ബലമാണ്. ഒരു കോണ്‍സ്റ്റബിളിനെ തൊടാന്‍ ഡി.ജി.പി ഭയപ്പെടുന്നത് എന്തിനാണ് എന്ന് സലിംരാജിനെക്കുറിച്ച് ഹൈക്കോടതി ചോദിച്ചത് രോഷത്തോടെയും പരിഹാസത്തോടെയുമാണ്. സലിംരാജിന്റെ ടെലഫോണ്‍ രേഖകള്‍ പിടിച്ചെടുക്കാന്‍ കോടതി ആവശ്യപ്പെട്ടത് പാലിച്ചുമില്ല. ഒടുവില്‍ ഹൈക്കോടതിയാണ് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
നിയമം അതിന്റെ വഴിക്ക് പോകട്ടെ എന്നത് മുഖ്യമന്ത്രിയുടെ സ്ഥിരം പല്ലവിയാണെങ്കിലും അദ്ദേഹത്തിന്റെ പഴയ വിശ്വസ്ത ഗണ്‍മാനടക്കം പത്തുപേരെ നിയമത്തിന്റെ വഴിയിലേക്ക് ഇപ്പോള്‍ നടത്തിച്ചുകൊണ്ടുപോകുന്നത് സി.ബി.ഐ ആണ്. കളമശ്ശേരിയിലും കടകംപള്ളിയിലുമായി 170 പേരുടെ 45 ഏക്കറിലേറെ ഭൂമി വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തെന്നാണ് കേസ്. മുഖ്യമന്ത്രിക്ക് നേരിട്ട് പരാതികൊടുത്തിട്ടും പരാതിക്കാരുടെ മുമ്പില്‍വെച്ച് സലിംരാജ് ഉമ്മന്‍ചാണ്ടിയെ ഭീഷണിപ്പെടുത്തിയെന്നും തന്റെ സ്വാധീനം ഉപയോഗിച്ച് പരാതിക്കാരെ തുടര്‍ന്നും കേസില്‍ പെടുത്തി പീഡിപ്പിച്ചെന്നുമാണ് ആക്ഷേപം. എല്‍.ഡി.എഫ് ഭരണത്തിലാണ് സലിംരാജ് ഭൂമിതട്ടിപ്പ് തുടങ്ങിയത്. ആ കേസ് കോടിയേരി റഫര്‍ ചെയ്തു.
പനമ്പഴം പഴുത്തെങ്കിലും എല്‍.ഡി.എഫിന് വായ്പ്പുണ്ണ് ബാധിച്ച സ്ഥിതിയാണ്. തെരഞ്ഞെടുപ്പു ഘട്ടത്തില്‍ സി.ബി.ഐയുടെ പേര് ഉച്ഛരിക്കുന്നത് രാഷ്ട്രീയമായി കള്ളക്കേസില്‍ പെടുത്താനാണ് എന്ന് ലാവ്‌ലിന്‍ കേസ് തൊട്ട് വാദിക്കുന്നതാണ് പാര്‍ട്ടി. ടി.പി വധക്കേസ്, ഷുക്കൂര്‍ വധക്കേസ്, ഏറ്റവുമൊടുവില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ മനോജിന്റെ വധക്കേസ് – ഇതിലെല്ലാം സി.ബി.ഐ മൂര്‍ച്ഛയുള്ള രാഷ്ട്രീയായുധമാണ്. ഇപ്പോള്‍ ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള സി.ബി.ഐ കേസ് രാഷ്ട്രീയ വിരോധം മൂലമുള്ള കള്ളക്കഥയല്ലെന്ന് അരുവിക്കരയില്‍ പറഞ്ഞു ഫലിപ്പിക്കാന്‍ എല്‍.ഡി.എഫിന് വിശേഷിച്ച് സി.പി.എമ്മിന് സാഹസപ്പെടേണ്ടതുണ്ട്. മാത്രവുമല്ല ഇരട്ട വരവാണ് സി.ബി.ഐ നടത്തിയത്. അരുവിക്കരയിക്ക് അടുത്തുള്ള സി.ബി.ഐ ക്യാമ്പില്‍ സലിംരാജിന്റെ അറസ്റ്റിന് തൊട്ടുമുമ്പാണ് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ സി.ബി.ഐ അഞ്ചുമണിക്കൂര്‍ ചോദ്യം ചെയ്തത്. ജയരാജിന്റെ നിലപാട് അംഗീകരിച്ചെന്നോ ഇനിയും വിളിപ്പിക്കില്ലെന്നോ സി.ബി.ഐ പറഞ്ഞിട്ടുമില്ല.
ജയരാജന്റെ വധശ്രമക്കേസില്‍ പ്രതിയായിരുന്ന മനോജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ സി.പി.എം പ്രവര്‍ത്തകരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യാവലി തയാറാക്കി സി.ബി.ഐ സി.പി.എം സംസ്ഥാനകമ്മറ്റി അംഗംകൂടിയായ ജയരാജനെ ചോദ്യംചെയ്യാന്‍ വിളിച്ചത്. മനോജിനെ കൊലചെയ്തശേഷം പ്രതികളെ രക്ഷപെടുത്താനും ഒളിപ്പിക്കാനും ഉപയോഗിച്ചത് സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്റെ പേരിലുള്ള കാറാണ്. ടി.പി വധക്കേസിലും പ്രതികളെ രക്ഷപെടുത്തിയത് ജയരാജന്റെ പേരിലുള്ള കാര്‍ ഉപയോഗിച്ചായിരുന്നു.
വി.എസിനെ ഒഴിവാക്കാന്‍ ശ്രമിച്ചതും ബാലകൃഷ്ണപിള്ളയെ അഴിമതിക്കെതിരായ പോരാട്ടത്തില്‍ കൂടെക്കൂട്ടിയതും എല്‍.ഡി.എഫിനെ എങ്ങനെ ബാധിക്കുമെന്നത് നിര്‍ണ്ണായകമാണ്. പ്രചാരണത്തിന്റെ തുടക്കത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഒ. രാജഗോപാലിനെതിരെ നടത്തിയ പരാമര്‍ശം ഈ തെരഞ്ഞെടുപ്പില്‍ വിജയകുമാറിന് വിനയായാല്‍ അത്ഭുതപ്പെടേണ്ട. തരഞ്ഞെടുപ്പെവിടെയുണ്ടോ അവിടെയെല്ലാം ഒ. രാജഗോപാലുണ്ടാകും എന്നുപറഞ്ഞത് ക്രൂരമായ തമാശയായി. കൊല്ലത്ത് ആര്‍.എസ്.പി സ്ഥാനാര്‍ത്ഥി പ്രേമചന്ദ്രനെ പിണറായി അഭിഷേകം ചെയ്തതിന്റെ രൂക്ഷഗന്ധം കോടിയേരിയുടെ വാക്കുകളില്‍ ഇല്ലെങ്കിലും അഹങ്കാരത്തിന്റെ പുളച്ചില്‍ അതിലുണ്ട്. സഹതാപ വോട്ടുകള്‍ ലക്ഷ്യമാക്കിയാണ് രാജഗോപാലനെ നിര്‍ത്തിയതെന്നുകൂടി കോടിയേരി പരിഹസിച്ചു.
മണ്ഡലത്തില്‍ കോടിയേരി ഇത് ആവര്‍ത്തിച്ച് പറയാന്‍ ധൈര്യം കാട്ടട്ടെ: വോട്ടെണ്ണുമ്പോള്‍ അറിയാം സഹതാപവോട്ട് ഒ. രാജഗോപാലനെ എവിടെ എത്തിക്കുമെന്ന്. മണ്ഡലത്തില്‍ രണ്ടാംസ്ഥാനത്ത് ഒ. രാജഗോപാലന്‍ വരണമെന്നേ ബി.ജെ.പി നേതൃത്വം ആഗ്രഹിച്ചിരുന്നുള്ളൂ. അതുപോര, അട്ടിമറി വിജയംതന്നെ കൈവരിക്കണമെന്നാണ് സി.പി.എമ്മിനും ഉമ്മന്‍ചാണ്ടിക്കും നിര്‍ബന്ധമെങ്കില്‍ വിനയം പരക്കുന്ന ഒരു പുഞ്ചിരിയോടെ, കൂപ്പുകൈയോടെ ഒ. രാജഗോപാല്‍ അത് സ്വീകരിക്കാന്‍ സന്നദ്ധനായിരിക്കും. യു.ഡി.എഫും എല്‍.ഡി.എഫും ഇപ്പോഴേ അത് മനസ്സിലാക്കുന്നതാണ് നല്ലത്. തങ്ങളുടെ കണക്കുകൂട്ടലുകള്‍ തെറ്റിയെന്ന് വോട്ടെണ്ണിക്കഴിയുമ്പോള്‍ പറയാതിരിക്കണമെങ്കില്‍.
Discussion about this post