ഹിന്ദുത്വത്തെ കുറിച്ച് സംസാരിക്കാന്‍ അവകാശമുള്ളത് ബ്രാഹ്മണര്‍ക്ക് മാത്രമാണെന്ന പ്രസ്താവന നടത്തിയതില്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് സി.പി.ജോഷി മാപ്പ് പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നയങ്ങള്‍ക്ക് എതിരാണ് ജോഷിയുടെ പ്രസ്താവനയെന്ന് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടിരുന്നു. രാജ്യത്തെ ഒരു ജാതിക്കും മതത്തിനുമെതിരെ ആകരുത് കൊണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
അബ്രാഹ്മണരായ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും ബി.ജെ.പി നേതാവ് ഉമാഭാരതിയ്ക്കും ഹിന്ദുത്വത്തെക്കുറിച്ച് സംസാരിക്കാന്‍ കഴിയില്ലെന്നായിരുന്നു ജോഷി പ്രസ്താവിച്ചത്. ലോധ് സമുദായത്തില്‍പ്പെട്ട ഉമാഭാരതി ഹിന്ദു മതത്തെക്കുറിച്ച് സംസാരിക്കുന്നത് വിചിത്രമായ കാര്യമാണെന്ന് ജോഷി പറഞ്ഞു. കൂടാതെ നരേന്ദ്ര മോദി മറ്റേതോ മതത്തില്‍ പെട്ടയാളാണെന്നും അദ്ദേഹത്തിനും ഹിന്ദു മതത്തെക്കുറിച്ച് സംസാരിക്കാന്‍ അവകാശമില്ലെന്നും ജോഷി പറയുന്നു.
ഗുജറാത്തിലെ ബി.ജെ.പി എം.എല്‍.എ ഹര്‍ഷ് സാങ്‌വിയായിരുന്നു ജോഷിയുടെ പ്രസ്താവനയുടെ വീഡിയോ പുറത്ത് വിട്ടത്. അതേസമയം സി.പി.ജോഷി തന്റെ പ്രസ്താവനയില്‍ മാപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. തന്റെ പ്രസ്താവനയെ ബി.ജെ.പി ദുര്‍വ്യാഖ്യാനം ചെയ്തുവെന്നാണ് ജോഷി പറഞ്ഞത്. ഇത് ചൂണ്ടിക്കാട്ടിയാണ് ജോഷി ക്ഷമാപണം നടത്തിയത്.
Discussion about this post