ശബരിമലയില്‍ തീര്‍ത്ഥാടകരുടെ തിരക്ക് അനുഭവപ്പെട്ടു തുടങ്ങിയിട്ടും വരുമാനത്തില്‍ വര്‍ദ്ധനവ് ഉണ്ടാകാത്തത് ദേവസ്വം ബോര്‍ഡിന് ഞെട്ടിക്കുന്നു. പോലിസ് നിയന്ത്രണങ്ങള്‍ നീക്കിയതിനെ തുടര്‍ന്ന് കഴിഞ്ഞ നാല് ദിവസങ്ങളിലായി സന്നിധാനത്ത് ഭക്തരുടെ തിരക്ക് അനുഭവപ്പെട്ടു തുടങ്ങി. എന്നാല്‍ നടവരവില്‍ കാര്യമായ വര്‍ധനവില്ല.
അയ്യപ്പ ഭക്തര്‍ നിറഞ്ഞ് നില്‍ക്കുമ്പോഴും അരവണ കൗണ്ടര്‍ കാലിയായി തന്നെ കിടക്കുന്നതായിരുന്നു പലപ്പോഴും ഉള്ള കാഴ്ച. തീര്‍ത്ഥാടകര്‍ അരവണയും അപ്പവും ഒഴിവാക്കുന്നുവെന്നാണ് സൂചന. വില്‍പന കുത്തനെ കുറഞ്ഞതോടെ അരവണ, അപ്പം നിര്‍മ്മാണം ദേവസ്വം നിര്‍ത്തി വച്ചിരിക്കുകയാണ്. അരവണയും അപ്പവും വാങ്ങാതെ ഭക്തര്‍ നടയിറങ്ങുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. യുവതി പ്രവേശനത്തില്‍ സര്‍ക്കാരും ദേവസ്വവും സ്വീകരിക്കുന്ന നിലപാടില്‍ പ്രതിഷേധിച്ച് ഭക്തര്‍ അരവണയും അപ്പവും വാങ്ങാന്‍ തയ്യാറാകുന്നില്ലെന്നാണ് വിലയിരുത്തല്‍. ഭണ്ഡാരത്തില്‍ വഴിപാട് ഇടരുത് എന്ന നിലയിലുള്ള പ്രചരണവും വരുമാനം കുറയുന്നതിന് ഇടയാക്കിയിട്ടുണ്ട്. ഇതോടെ സന്നിധാനത്ത് തിരക്കുണ്ടയായാലും വരുമാനത്തില്‍ വലിയ കുറവുണ്ടാകുമെന്ന ആശങ്കയിലാണ് ദേവസ്വം ബോര്‍ഡ്. ബോര്‍ഡിന്റെ പ്രവര്‍ത്തനം തന്നെ അലങ്കോലമാകുന്ന വിധത്തിലുള്ള തിരിച്ചടിയാണ് ഭക്തര്‍ നല്‍കുന്നത്. ഈ നിലയ്ക്ക് പോയാല്‍ ജീവനക്കാര്‍ക്ക് ശബളവും പെന്‍ഷനും നല്‍കാന്‍ പോലും കഴിയാത്ത അവസ്ഥയുണ്ടാകുമെന്ന് ദേവസ്വം പ്രസിഡണ്ടും, മന്ത്രിയും പറയുന്നു.
കഴിഞ്ഞവര്‍ഷത്തെക്കാള്‍ 25 കോടി രൂപയുടെ കുറവാണ് ഇത്തവണയുണ്ടായത്. നടവരവില്‍ മാത്രമാണ് ഇത്.
കാണിക്കവരുമാനത്തില്‍ 6 കോടി 85 ലക്ഷം രൂപയുടെ കുറവാണുണ്ടായത്. അരവണ വരുമാനത്തില്‍ 11 കോടി 99 ലക്ഷം രൂപയുടെ കുറവും ഉണ്ടായി.
ഭണ്ഡാരത്തില്‍ ശരണമന്ത്ര കുറിപ്പുകളും, അയ്യപ്പ മുദ്രയുള്ള നോട്ടുകളും ഇട്ട് ദേവസ്വത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തുകയാണ് ഭക്തര്‍. അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരും ഇത്തവണ കാര്യമായ തുക ഭണ്ഡാരങ്ങളില്‍ നിക്ഷേപിക്കുന്നില്ല. അയ്യപ്പന് വലിയ തുക കാണിക്ക അര്‍പ്പിക്കേണ്ടതില്ല, അപ്പവും അരവണയും വാങ്ങരുത് തുടങ്ങിയ ബോധവത്ക്കരണ അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള അയ്യപ്പന്മാര്‍ക്കും ചില കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്നുണ്ട്. ക്ഷേത്രത്തില്‍ കാണിക്ക ഇടരുതെന്ന് കൂടെയുള്ള സ്വാമിമാര്‍ക്ക് നിര്‍ദ്ദേശം ഗുരുസ്വാമിമാര്‍ നിര്‍ദ്ദേശം നല്‍കുന്നുവെന്ന വാര്‍ത്തകളും പുറത്തു വരുന്നുണ്ട്.
Discussion about this post