എസ് കലേഷിന്റെ കവിത ദീപാ നിശാന്തിന്റെ പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ടതിന് പിന്നില്‍ സാംസ്ക്കാരിക പ്രഭാഷനായ എം ജെ ശ്രീചിത്രനെന്ന് ആരോപണം. താന്‍ എഴുതിയതാണെന്നും ദീപാ നിശാന്തിന്റെ പേരില്‍ പ്രസിദ്ധീകരിക്കാമെന്നും പറഞ്ഞ് കവിത എം ജെ ശ്രീചിത്രന് ദീപയ്ക്ക് നല്‍കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കവിത മറ്റൊരാള്‍ എഴുതി നല്‍കിയതാണെന്ന കാര്യം ദീപ നിശാന്ത് സ്ഥിരീകരിച്ചുവെന്ന് ഒരു ഓണ്‍ലൈന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.ആരോപണം നിഷേധിച്ച് ശ്രീചിത്രന് രംഗത്തെത്തിയിട്ടുണ്ട്.
കലേഷ് എഴുതിയ ‘അങ്ങനെയിരിക്കെ മരിച്ചുപോയ് ഞാന്‍/ നീ’ എന്ന കവിത ദീപാ നിശാന്ത് മോഷ്ടിച്ചുവെന്നാണ് ആരോപണം. ദീപ നിശാന്തിന്റേതായി എകെപിസിറ്റി മാഗസിനില്‍ പ്രത്യക്ഷപ്പെട്ട അങ്ങനെയിരിക്കുമ്പോള്‍ എന്ന കവിതയാണ് വിവാദമായത്,
തൃശ്ശൂര്‍ കേരള വര്‍മ്മ കോളെജ് അദ്ധ്യാപികയായ ദീപയുടെ ചിത്രം സഹിതമാണ് കവിത പ്രസിദ്ധീകരിച്ചിരുന്നത്. ദീപ വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ എഴുതിയ കവിത മോഷ്ടിച്ച് വികലമാക്കി പ്രസിദ്ധീകരിച്ചെന്ന് ചൂണ്ടിക്കാട്ടി കലേഷ് രംഗത്ത് വരികയായിരുന്നു. ദീപ നിഷശാന്ത് ഇത് നിഷേധിച്ചിട്ടില്ല.
എകെപിസിടിഎ ജേണല്‍ പോലെ ഒരു മാഗസിനില്‍ മോഷ്ടിച്ച കവിത കൊടുക്കാന്‍ മാത്രം വിഡ്ഡിയല്ല താനെന്നായിരുന്നു ദീപാ നിശാന്തിന്റെ പ്രതികരണം.ആരാണ് ആരോപണത്തിന് പിന്നിലെന്ന് അറിയാം. ചില വെളിപ്പെടുത്തലുകള്‍ മറ്റുപലരേയും ബാധിക്കും എന്നതിനാല്‍ അവരെ ബുദ്ധിമുട്ടിക്കുന്നില്ലെന്നും ദീപ വ്യക്തമാക്കിയിരുന്നു.
Discussion about this post