കാശ്മീരില്‍ ഭീകരവാദി സംഘങ്ങളിലേക്ക് യുവാക്കളെ ആകര്‍ഷിയ്ക്കാന്‍ വന്‍ തോതില്‍ യുവതികളെ ഉപയോഗിച്ച് തേന്‍ കെണികളുണ്ടാക്കുന്നതായും സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പരിചയപ്പെട്ട ശേഷം ബ്ളാക്മെയിലിങ്ങ് പോലെയുള്ള തന്ത്രങ്ങള്‍ ഉപയോഗിയ്ക്കുന്നതായും പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു.
സയദ് ഷസിയ എന്ന മുപ്പതുവയസ്സുകാരിയായ യുവതിയെ ബന്ദിപ്പോരയില്‍ നിന്ന് അറസ്റ്റ് ചെയ്തതോടെയാണ് പോലീസിനു വിവരങ്ങള്‍ ലഭിച്ചുതുടങ്ങിയത്. അവരെ ചോദ്യം ചെയ്യുകയും അവരെ ഉപയോഗിച്ച് ഇന്റലിജന്‍സ് വിവരങ്ങള്‍ ശേഖരിയ്ക്കുകയും ചെയ്തപ്പോഴാണ് ഒരു വന്‍ ഭീകരവാദശൃംഘലയുടെ ഒരു കണ്ണിയാണ് ഇവര്‍ എന്ന് മനസ്സിലായത്. ജയ്ഷ് ഏ മുഹമ്മദ് എന്ന ഭീകരവാദസംഘടയുടെ ഭാഗമായാണിവര് പ്രവര്‍ത്തിച്ചിരുന്നത്.
ഫെയിസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ എന്നീ സാമൂഹ്യമാദ്ധ്യമ സൈറ്റുകളില്‍ അനേകം അക്കൗണ്ടുകളുണ്ടാക്കി യുവാക്കളെ ആ അക്കൗണ്ടുകള്‍ വഴി വശീകരിച്ച് ഭീകരവാദപ്രസ്ഥാനങ്ങളോട് അടുപ്പിയ്ക്കുകയായിരുന്നു ഈ ഗ്രൂപ്പിന്റെ രീതി. വഴങ്ങാത്തവരെ ഭീഷണിയും ബ്ളാക്മെയിലിങ്ങും ഉപയോഗിച്ച് അയുധക്കടത്ത് തുടങ്ങിയ ജോലികള്‍ ചെയ്യിയ്ക്കുകയും ചെയ്യുമായിരുന്നു. മാസങ്ങളോളം ഇന്റര്‍നെറ്റ്/സോഫ്റ്റ്വെയര് വിദഗ്ധര്‍ ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ ഉപയോഗിയ്ക്കുന്ന ഐ പീ അഡ്രസ്സുകള്‍ അക്കൗണ്ടുകള്‍ എന്നിവയൊക്കെ നിരീക്ഷിച്ച് വിവരങ്ങള്‍ ശേഖരിയ്ക്കാനായത്.
സംഘത്തിലെ മറ്റു ചിലരേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതല്‍ അറാസ്റ്റുകള് ഉടനേയുണ്ടാകുമെന്ന് ജമ്മു കാശ്മീര്‍ പോലീസ് അധികൃതര്‍ അറിയിച്ചു.
Discussion about this post