കേന്ദ്ര സര്‍ക്കാരിന്റെ യോഗദിനാഘോഷ പരിപാടിയില്‍ ഇന്ത്യന്‍ സൈന്യവും പങ്കെടുക്കും. എല്ലാ സേനാംഗങ്ങളും ജൂണ്‍ 21ലെ പരിപാടിയുടെ ഭാഗമാകുമെന്ന് ഉറപ്പു വരുത്താന്‍ സേനയ്ക്കു കീഴിലുള്ള വിവിധ സംഘങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി വരികയാണ്. ഡല്‍ഹിയിലെ സൈനിക ആസ്ഥാനമാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
1.3 ദശലക്ഷം വരുന്ന ഇന്ത്യന്‍ സൈന്യത്തിന്റെ പ്രാതിനിധ്യം പരിപാടിയില്‍ ഉറപ്പു വരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സൈനിക മേധാവി ജനറല്‍ ദല്‍ബീര്‍ സിങ്ങുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ജൂണ്‍ 15 മുതല്‍ യോഗദിനത്തില്‍ പങ്കെടുക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങാനാണ് സേനാംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഒരോ സംഘങ്ങളും അവരവരുടെ മേഖലകളില്‍ നിന്നു തന്നെയാകും യോഗയില്‍ പങ്കെടുക്കുന്നത്.
നിര്‍ണ്ണായകമായ ദൗത്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ ഒഴികെ മറ്റെല്ലാ സേനാംഗങ്ങളും യോഗാഭ്യാസങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.
യോഗദിന പരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രാലയവും സര്‍ക്കുലര്‍ ഇറക്കി. മന്ത്രാലയത്തിനു കീഴിലുള്ള എല്ലാ ഉദ്യോഗസ്ഥരും രാജ്പത്തിലെ പരിപാടിയുടെ ഭാഗമാകണമെന്നാണ് നിര്‍ദ്ദേശം.
യോഗദിനാഘോഷങ്ങള്‍ക്ക് എതിരെ മുസ്ലീം സംഘടനകള്‍ രംഗത്തു വന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്താനും സൈന്യം തീരുമാനിച്ചിട്ടുണ്ട്. ലളിതമായ യോഗാഭ്യാസങ്ങളാകും സൈന്യം അന്നേ ദിവസം പരിശീലിക്കുന്നത്.
സൂര്യ നമസ്ക്കാരം യോഗദിന പരിപാടിയില്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് നേരത്തെ ഇസ്ലാം മത സംഘടനകളില്‍ നിന്നും എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ സായുധ സേനയ്ക്കുള്ളില്‍ മതത്തിന്റെ പേരിലുള്ള വേര്‍തിരിവുകളില്ല എന്ന് മുതിര്‍ന്ന സേന ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Discussion about this post