ചെന്നൈ: ശബരിമല യുവതി പ്രവേശനത്തിന് ഇറങ്ങിയ ‘മനിതി’യെന്ന സംഘടനയ്ക്ക് തീവ്രവാദ ബന്ധെന്ന് സൂചന, സംഘടനയെക്കുറിച്ച് കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികള്‍ അന്വേഷണമാരംഭിച്ചു. ഇടത്മാവോവാദി ബന്ധമുള്ള വനിതകള്‍ സംഘടനയുമായി ബന്ധപ്പെടുന്നതായാണ് ഏജന്‍സികളുടെ പ്രാഥമിക നിഗമനം. കേരളത്തില്‍ ശക്തമായ വേരുകളാണ് ഇവര്‍ക്കുള്ളതെന്നാണ് വിലയിരുത്തല്‍. ഇന്ന്് മലകയറാനെത്തിയ മലപ്പുറം, കോഴിക്കോട് സ്വദേശിനികള്‍ മനീതി പ്രവര്‍ത്തകരാണെന്നാണ് വിലയിരുത്തല്‍. കേരളത്തില്‍ മനീതിയ്ക്ക് ശക്തമായ സ്വാധീനം ഉണ്ടെന്നും വ്യക്തമായിട്ടുണ്ട്.
ഞായറാഴ്ച പമ്പയിലെത്തിയ മനിതി സംഘത്തിലെ അംഗങ്ങള്‍ പരസ്പരം ‘തോളര്‍’ എന്ന് സംബോധന ചെയ്തത് ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘സഖാവ്’ എന്നതിന്റെ തമിഴ് വാക്കാണ് തോളര്‍. ‘മനിതി’ എന്ന വാക്കിന്റെ അര്‍ഥം ‘സ്ത്രീ’യെന്നാണ്. പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ഥിനി ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട സംഭവത്തോടനുബന്ധിച്ചാണ് ഈ വനിത കൂട്ടായ്മ രൂപംകൊള്ളുന്നത്. ചെന്നൈ മറീന ബീച്ചിലായിരുന്നു ആദ്യ ഒത്തുചേരല്‍. പിന്നീട്, വനിതാവകാശ സംഘടനയായി മാറി. രാജ്യമൊട്ടുക്കും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ സംഘടനയില്‍ സജീവമാണ്. അംഗങ്ങളെ ‘മനിതികള്‍’ എന്നാണ് വിശേഷിപ്പിക്കുന്നത്. സ്വന്തമായി ഒരു ഓഫിസ് പോലുമില്ലാത്ത സംഘടന സമൂഹ മാധ്യമങ്ങളിലൂടെയാണ് സമാനമനസ്കരെ കോര്‍ത്തിണക്കുന്നത്. ഇവരുടെ ഫേസ്ബുക്ക്, വാട്സ്ആപ് പേജുകളാണ് ഇന്റലിജന്‍സ് ബ്യൂറോ വിശകലനം ചെയ്യുന്നത്.
അതിനിടെ കേരള സര്‍ക്കാറുമായി സഹകരിച്ചാണ് ശബരിമലയാത്ര സംഘടിപ്പിച്ചതെന്ന മനിതി കോഓഡിനേറ്റര്‍ സെല്‍വിയുടെ ഫേസ്ബുക്ക് പേജിലെ വെളിപ്പെടുത്തല്‍ വിവാദമായി. ഡിസംബര്‍ 21ന് നല്കിയ ശബരിമല യാത്രാ അറിയിപ്പിലാണ് കേരള സര്‍ക്കാറും പുരോഗമനആദിവാസി സംഘടനകളുമായും സഹകരിച്ചാണ് യാത്രയെന്ന് പറയുന്നത്. ശബരിമല അയ്യപ്പന് പ്രത്യേകിച്ച് വഴിപാടുകളൊന്നും നേരാനില്ലെങ്കിലും സ്ത്രീകളുടെ അവകാശം സംരക്ഷിക്കുകയെന്ന ഉദ്ദേശ്യം മാത്രമാണുള്ളതെന്നും ഇതില്‍ വ്യക്തമാക്കുന്നു.
ശബരിമല യാത്ര, സംഘടനയില്‍ ഭിന്നതക്ക് കാരണമായതായും റിപ്പോര്‍ട്ടുണ്ട്. സെല്‍വിയുടെ ഫേസ്ബുക്ക് പേജില്‍ ‘മനിതി ശബരിമല യാത്ര സംഘടിപ്പിക്കുന്നു’ എന്ന തലക്കെട്ടില്‍ പോസ്റ്റര്‍ പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെ മനിതിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ‘ഞങ്ങള്‍ ശബരിമല യാത്ര സംഘടിപ്പിക്കുന്നില്ല’ എന്ന അറിയിപ്പും വന്നു. ശബരിമല വിവാദത്തില്‍ കക്ഷിചേരേണ്ടതില്ലെന്നാണ് മനിതിയിലെ ഔദ്യോഗിക വിഭാഗത്തിന്റെ നിലപാടെന്നാണ് ഇതിലൂടെ വ്യക്തമായതെന്നും അഭിപ്രായമുയര്‍ന്നിട്ടുണ്ട്.
Discussion about this post