ഡല്‍ഹി: മുത്തലാഖ് ബില്ല് രാജ്യസഭ ഇന്ന് വീണ്ടും പരിഗണിക്കും. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കില്ല. ലോക്‌സഭയില്‍ ഈ ബില്ലില്‍ ചര്‍ച്ച നടന്നതിനാല്‍ എന്തിനാണ് സെലക്ട് കമ്മിറ്റിക്കു പോകുന്നത് എന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ചോദ്യം. രാജ്യസഭയില്‍ ആദ്യം അജണ്ടയിലുള്ളത് സെലക്ട് കമ്മിറ്റിക്കു വിടണം എന്ന പ്രമേയമാണ്. ഇതാകും ആദ്യം പരിഗണിക്കുക. ചട്ടം 125 പ്രകാരം ഇത് ആദ്യം വോട്ടിനിടണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രിയന്‍ ആവശ്യപ്പെടുന്നു.
മുത്തലാഖ് നിരോധന ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ല് കൊണ്ടു വരാനുള്ള സര്‍ക്കാര്‍ നീക്കംത്തിനെതിരെ തിങ്കളാഴ്ച പ്രതിപക്ഷം പാര്‍ലമെന്റില്‍ ബെഹളമുണ്ടാക്കിയിരുന്നു. ബില്ല് വോട്ടിനിടും മുമ്പ് സെലക്ട് കമ്മിറ്റിക്കു വിടാനുള്ള പ്രമേയത്തില്‍ തീരുമാനം വേണമെന്നാണ് പ്രതിപക്ഷ ആവശ്യം. അതേസമയം സര്‍ക്കാരിന് ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ ഇന്നും ബില്ലിന്റെ ചര്‍ച്ച നടക്കാനിടയില്ല.
ബില്ല് വോട്ടിനിട്ട് പരാജയപ്പെട്ടാല്‍ ഉത്തരവാദിത്വം കോണ്‍ഗ്രസിനാണെന്ന പ്രചരണം നടത്താം എന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ഇത് മനസ്സിലാക്കിയാണ് ബില്ലിന്മേലുള്ള വോട്ടെടുപ്പിന് പകരം സെലക്ട് കമ്മിറ്റി പ്രമേയത്തിനു മേലുള്ള വോട്ടെടുപ്പ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. ബില്‍ പാസാക്കിയില്ലെങ്കില്‍ സര്‍ക്കാര് ഓര്‍ഡിനന്‍സിലേക്ക് നീങ്ങും. അടുത്ത തെരഞ്ഞെടുപ്പില്‍ ഇത് ബിജെപിയ്ക്ക് നേട്ടമാകുമെന്നാണ് വിലയിരുത്തല്‍.
Discussion about this post