ഇംഫാല്‍: പ്രധാനമന്ത്രിയായതിന് ശേഷം നരേന്ദ്ര മോദി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തിയത് മുപ്പതിലേറെ തവണ. മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലില്‍ 1,500 കോടി രൂപ വരുന്ന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കവെ പ്രധാനമന്ത്രി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.വടക്കു കിഴക്കന്‍ മേഖലയില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു. കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതിന് ശേഷം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ ഓരോന്നായി ബിജെപിയോ സഖ്യകക്ഷികളോ കീഴടക്കിയിരുന്നു. നിലവില്‍ ആസാം, മണിപ്പൂര്‍, അരുണാചല്‍, ത്രിപുര എന്നിവിടങ്ങളില്‍ ബിജെപി മുഖ്യമന്ത്രിമാരാണ്. മേഘാലയ, നാഗാലാന്റ്, മിസോറാം എന്നീ സംസ്ഥാനങ്ങള്‍ എന്‍ഡിഎയും. പ്രധാനമന്ത്രിയായ ഉടന്‍ നോര്‍ത്ത് ഈസ്റ്റിന് പ്രത്യേക പരിഗണന നല്‍കണമെന്ന് മോദി മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. കോണ്‍ഗ്രസ് ഭരണത്തില്‍ അവഗണിക്കപ്പെട്ടിരുന്ന മേഖലയില്‍ വമ്പന്‍ വികസന പദ്ധതികളും യാഥാര്‍ത്ഥ്യമായി.
വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന പദ്ധതികള്‍ പൂര്‍ത്തിയാക്കി വടക്ക്-കിഴക്ക് മേഖല പരിവര്‍ത്തനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വികസനത്തോടുള്ള ഗവണ്മെന്റിന്റെ പ്രതിബദ്ധതയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനം എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര ഗവണ്മെന്റും മണിപ്പൂര്‍ ഗവണ്മെന്റും പ്രവര്‍ത്തിക്കുന്നത്. സംസ്ഥാന ഗവണ്മെന്റിന്റെ കുന്നുകളിലേയ്ക്ക് പോകൂ, ഗ്രാമങ്ങളിലേയ്ക്ക് പോകൂ പദ്ധതിയെ അദ്ദേഹം പ്രകീര്‍ത്തിച്ചു. പദ്ധതികളുടെ പൂര്‍ത്തീകരണത്തില്‍ കേന്ദ്രത്തിന്റെ ഊര്‍ജ്ജസ്വലവും ലക്ഷ്യബോധത്തോട് കൂടിയതുമായ സമീപനത്തെ വിശദീകരിച്ച് മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിരീക്ഷിക്കുന്ന പ്രധാനമന്ത്രിയുടെ ഓഫീസിലെ സംവിധാനം മോഡി ചൂണ്ടിക്കാട്ടി. ഇതിലൂടെ മുടങ്ങിക്കിടന്നിരുന്ന പദ്ധതികളുമായി ബന്ധപ്പെട്ട ഏകദേശം 12 ലക്ഷം കോടിരൂപയുടെ പ്രശ്നങ്ങള്‍ പരിഹരിച്ചു.
മോറെയിലെ സംയോജിത ചെക്ക് പോസ്റ്റ്, ദോലൈതാബി മണല്‍ത്തിട്ട പദ്ധതി, എഫ്.സി.ഐ.യുടെ സാവോംബുംങ്ങിലെ ഭക്ഷ്യ ഗോഡൗണ്‍, ജലവിതരണം, വിനോദസഞ്ചാരം തുടങ്ങിയവയുമായി ബന്ധപ്പെട്ട മറ്റ് പദ്ധതികള്‍ എന്നിവയുടെ ഉദ്ഘാടനമാണ് മണിപ്പൂരില്‍ മോഡി നിര്‍വ്വഹിച്ചത്. ദൊലൈതാബി മണല്‍ത്തിട്ട പദ്ധതി 1987 ലാണ് വിഭാവനം ചെയ്തെങ്കിലും 2014ന് ശേഷമാണ് ഗതിവേഗംകൈവന്നതെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. സില്‍ച്ചാര്‍ – ഇംഫാല്‍ 400 കെ.വി. ഡബിള്സര്ക്യൂട്ട്ലൈനും അദ്ദേഹം രാഷ്ട്രത്തിന് സമര്‍പ്പിച്ചു. വിവിധകായിക പദ്ധതികള്‍ക്കും തറക്കല്ലിട്ടു.
Discussion about this post