കൊൽക്കത്ത : കുട്ടിക്കാലം മുതൽ രാഷ്ട്രീയ സ്വയംസേവക സംഘത്തിലൂടെ വളർന്നുവന്ന ആളാണ് താനെന്ന് കൊൽക്കത്ത ഹൈക്കോടതി ജഡ്ജി ചിത്തരഞ്ജൻ ദാസ്. കൊൽക്കത്ത ഹൈക്കോടതിയിൽ നിന്നും വിരമിക്കുന്നതിന്റെ ഭാഗമായി നടത്തിയ വിരമിക്കൽ പ്രസംഗത്തിന്റെ ഭാഗമായിട്ടായിരുന്നു ജസ്റ്റിസ് ചിത്തരഞ്ജൻ ദാസ് ഇക്കാര്യം വ്യക്തമാക്കിയത്.
“കുട്ടിക്കാലം മുതൽ ആർഎസ്എസിലൂടെയാണ് വളർന്നുവന്നത്. യൗവനകാലം വരെ ആർഎസ്എസിന്റെ എല്ലാ പ്രവർത്തനങ്ങളിലും പങ്കാളിയായിരുന്നു. ധീരനും സത്യസന്ധനും എല്ലാവരോടും തുല്യവീക്ഷണം പുലർത്തുന്നവനും ആയിരിക്കാൻ എന്നെ സഹായിച്ചത് ആ ആർഎസ്എസ് പ്രവർത്തന കാലമാണ്. എല്ലാത്തിലും ഉപരിയായി രാജ്യസ്നേഹവും ജോലിയോട് പ്രതിബദ്ധതയും ഉള്ള വ്യക്തി ആയിരിക്കാൻ എന്നെ പഠിപ്പിച്ചത് ആർഎസ്എസ് ആണ്. ഇപ്പോൾ ഈ പദവിയിൽ നിന്നും വിരമിക്കുന്ന വേളയിൽ ഇക്കാര്യം ഇവിടെ സമ്മതിക്കേണ്ടതുണ്ടെന്ന് തോന്നുന്നു” എന്നും വിരമിക്കൽ പ്രസംഗത്തിൽ ജസ്റ്റിസ് ചിത്തരഞ്ജൻ ദാസ് സൂചിപ്പിച്ചു.
തന്റെ പ്രവർത്തന മേഖല മൂലം കഴിഞ്ഞ 37 വർഷമായി താൻ ആർഎസ്എസിൽ നിന്നും അകന്നിരിക്കുകയായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ജഡ്ജി എന്ന നിലയിലുള്ള തന്റെ ചുമതലകളെ ഒരിക്കലും ആരും സ്വാധീനിക്കാൻ ഇടവരുത്തിയിട്ടില്ല. ജഡ്ജിയായി പ്രവർത്തിച്ച എല്ലാ കാലത്തും ആരെയും തരംതിരിച്ചു കാണാതെ എല്ലാവരെയും തുല്യരായാണ് കണ്ടത്. ജീവിതത്തിലോ കരിയറിലോ ഒരു തെറ്റും ചെയ്യാത്തതുകൊണ്ടാണ് ഇപ്പോഴും സംഘടനയുടെ ഭാഗമായിരുന്നെന്ന് തുറന്നു പറയാൻ കഴിയുന്നത്. ഇക്കഴിഞ്ഞ കാലഘട്ടങ്ങളിൽ കരിയറിനു വേണ്ടിയോ മറ്റൊന്നിനു വേണ്ടിയും ആർഎസ്എസുമായി ബന്ധപ്പെടേണ്ടി വന്നിട്ടില്ല. എന്നാൽ ഇപ്പോൾ വിരമിച്ചു കഴിഞ്ഞ് ആർഎസ്എസിലേക്ക് മടങ്ങണമെന്നാണ് ആഗ്രഹം എന്നും ജസ്റ്റിസ് ചിത്തരഞ്ജൻ ദാസ് വ്യക്തമാക്കി.
Discussion about this post