ആം ആദ്മി പാര്‍ട്ടി (എ.എ.പി) അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷ വിമര്‍ശനവുമായി പഞ്ചാബ് എം.എല്‍.എ ബല്‍ദേവ് സിംഗ് രംഗത്തെത്തി. കെജ്രിവാളിന്റേത് ഏകാധിപരവും ധിക്കാരപരവുമായ പ്രവര്‍ത്തനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പഞ്ചാബിലെ എം.എല്‍.എ സ്ഥാനം ബല്‍ദേവ് സിംഗ് രാജിവെച്ചിട്ടുമുണ്ട്.
പഞ്ചാബിലെ പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്ത് നിന്നും എം.എല്‍.എ സുഖ്പാല്‍ സിംഗ് ഖൈരയെ അരവിന്ദ് കെജ്രിവാള് മാറ്റിയതിനെത്തുടര്‍ന്നാണ് ബല്‍ദേവ് സിംഗ് രാജിവെച്ചത്. മറ്റ് എം.എല്‍.എമാരുമായി ചര്‍ച്ച ചെയ്യാതെയാണ് ഈ നടപടി എടുത്തതെന്ന് ബല്‍ദേവ് സിംഗ് കുറ്റപ്പെടുത്തുന്നു. സുഖ്പാല്‍ സിംഗ് ഖൈരയും എ.എ.പിയില്‍ നിന്നും രാജിവെച്ചിട്ടുണ്ട്.
അണ്ണാ ഹസാരെയുടെ നീക്കങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ആരംഭിച്ച പാര്‍ട്ടി നിലവില്‍ ആ പാതയില്‍ നിന്നും മാറിപ്പോയിരിക്കുകയാണെന്ന് ബല്‍ദേവ് സിംഗ് അഭിപ്രായപ്പെട്ടു.
2018 നവംബറില്‍ സുഖ്പാല്‍ സിംഗ് ഖൈരയെയും കന്‍വര്‍ സാധുവിനെയും പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. ജൂലൈയിലായിരുന്നു സുഖ്പാല്‍ സിംഗ് ഖൈരയെ പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്ത് നിന്നും നീക്കം ചെയ്തത്.
അകാലി ദള്‍ നേതാവ് ബിക്രം സിംഗ് മജീതിയയോട് മാപ്പ് പറഞ്ഞതില്‍ വിയോജിപ്പ് പ്രകടിപ്പിച്ചതിനാണ് സുഖ്പാല്‍ സിംഗ് ഖൈരയെ പുറത്താക്കിയത്. മയക്ക് മരുന്ന് വിവാദത്തില്‍ അകപ്പെട്ട മന്ത്രി ബിക്രം സിംഗ് മജീതിയയോട് മാപ്പ് പറഞ്ഞതിലൂടെ അരവിന്ദ് കെജ്രിവാളിന്റെ ഇരട്ടത്താപ്പ് വ്യക്തമാവുകയാണെന്ന് സുഖ്പാല്‍ സിംഗ് ഖൈര അഭിപ്രായപ്പെട്ടിരുന്നു. ഇത് കൂടാതെ കോണ്‍ഗ്രസുമായി അരവിന്ദ് കെജ്രിവാള് രാഷ്ട്രീയ ലാഭത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്നും സുഖ്പാല്‍ സിംഗ് ഖൈര ആരോപിച്ചിരുന്നു.
Discussion about this post