ഐ.എസ്.ആര്.ഒ മുന്‍ ശാസ്ത്രജ്ഞന് നമ്പി നാരായണന് പത്മഭൂഷണ്‍ നല്‍കിയതില്‍ മുന്‍ ഡി.ജി.പി ടി.പി.സെന്‍കുമാര്‍ നടത്തിയ വിമര്‍ശനത്തിന് പ്രതികരണവുമായി നമ്പി നാരായണന് രംഗത്ത്. സെന്‍കുമാര്‍ പറയുന്നത് പ്രസക്തിയില്ലാത്തതും അബദ്ധപരമുവായ കാര്യങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. താന്‍ നല്കിയ നഷ്ട പരിഹാര കേസില്‍ സെന്‍കുമാര്‍ പ്രതിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സെന്‍കുമാറിന്റെ ചോദ്യങ്ങള്‍ക്ക് താന്‍ മറുപടി പറയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കേസ് നിലനില്ക്കുമ്പോള് അഭിപ്രായം പറയുന്നത് തെറ്റാണെന്നും ഈ തെറ്റ് താന്‍ ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഐ.എസ്.ആര്.ഒ ചാരക്കേസ് വീണ്ടും അന്വേഷിക്കാന്‍ സുപ്രീം കോടതി പറഞ്ഞിട്ടില്ല. പോലീസിന്റെ വീഴ്ചകള്‍ അന്വേഷിക്കാനാണ് സുപ്രീം കോടതി സമിതി രൂപീകരിച്ചത്. കോടതി വിധിയെ തെറ്റായി വ്യഖ്യാനിക്കുകയാണ് സെന്‍കുമാറെന്ന് നമ്പി നാരായണന് പറഞ്ഞു. മുന്പുണ്ടായിരുന്നു അന്വേഷണത്തിന്റെ തുടര്‍ച്ചയല്ല ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആരൊക്കെയാണ് കേസില്‍ തെറ്റ് ചെയ്തതെന്നും എന്നാണ് അവര്‍ അത് ചെയ്തതെന്നും അന്വേഷിക്കാനാണ് സമിതി രൂപീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
പത്മഭൂഷണ്‍ അവാര്‍ഡ് നമ്പി നാരായണന് എന്തിന് നല്‍കിയെന്ന് വിശദീകരിക്കണമെന്നായിരുന്നു സെന്‍കുമാറിന്റെ വിമര്‍ശനം. ശരാശരിയില്‍ താഴെയുള്ള ഒരു ശാസ്ത്രജ്ഞനാണ് നമ്പി നാരായണനെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പത്മഭൂഷണ്‍ നല്‍കുന്നത് രാഷ്ട്രപതിയാണെന്നും ആ തീരുമാനത്തെ ചോദ്യം ചെയ്യാമോയെന്ന് തനിക്കറിയില്ലെന്നും നമ്പി നാരായണന് പ്രതികരിച്ചു.
നമ്പി നാരായണന് അവാര്‍ഡ് നല്കിയാല് ഇനി മറിയം റഷീദയ്ക്കും ഗോവിന്ദച്ചാമിക്കും അമീര്‍ ഉള് ഇസ്ലാമിനും അവാര്‍ഡ് നല്‍കേണ്ടി വരുമെന്ന് സെന്‍കുമാര്‍ പരിഹസിച്ചിരുന്നു. ഈ പരിഹാസം അദ്ദേഹത്തിന്റെ സംസ്കാരത്തെ സൂചിപ്പിക്കുന്നുവെന്ന് നമ്പി നാരായണന് പറഞ്ഞു. സെന്‍കുമാറിന് എന്തോ ഒരു വെപ്രാളം ഉള്ളത് പോലെ തനിക്ക് തോന്നുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം താന്‍ നല്കിയ സംഭാവനകള്‍ എന്താണെന്ന് ഐ.എസ്.ആര്.ഒ ചെയര്‍മാനാണ് പറയേണ്ടതെന്ന് നമ്പി നാരായണന് വ്യക്തമാക്കി. തന്റെ സംഭാവനയെപ്പറ്റി ഒറ്റവാക്കില്‍ പറയുകയാണെങ്കില്‍ താന്‍ നിര്‍മ്മിച്ച വികാസ് എന്ജിന് ഇല്ലായിരുന്നെങ്കില്‍ ഐ.എസ്.ആര്.ഒയുടെ ചരിത്രത്തില്‍ ഒരു വഴിത്തിരിവുണ്ടാകില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post