അധികാരത്തില്‍ വന്നാല്‍ എല്ലാവര്ക്കും മിനിമം വരുമാനം, കര്‍ഷക കടം എഴുതി തള്ളും തുടങ്ങി കോണ്‍ഗ്രസിന്റെ പൊള്ളയായ വാഗ്ദാനങ്ങള്‍ പൊളിച്ചടുക്കുന്ന വലിയ പ്രഖ്യാപനങ്ങളുണ്ടാകും കേന്ദ്ര ബജറ്റിലെന്ന വിലയിരുത്തലുകളാണ് കോണ്‍ഗ്രസിനെയും, പ്രതിപക്ഷത്തെയും ആശങ്കയിലാക്കുന്നത്. ഇപ്പോഴെ എന്‍ഡിഎ വീണ്ടും അധികാരത്തിലെത്തുമെന്ന മട്ടിലാണ് തെരഞ്ഞെടുപ്പ് സര്‍വ്വേകള്‍. ഇനിയുള്ള ദിവസങ്ങളില്‍ ജനകീയ പദ്ധതികള്‍ പ്രഖ്യാപിച്ചു, വികസന നേട്ടങ്ങള്‍ ജനങ്ങളിലെത്തിച്ചും കേന്ദ്ര സര്‍ക്കാരും ബിജെപിയും കളം പിടിക്കുമെന്ന് ഉറപ്പാണ്. ഇതിനായുള്ള പ്രധാന ഉപാധിയായിരിക്കും ബജറ്റെന്നാണ് വിലയിരുത്തല്‍.
ഇത്തവണം പതിവിന് വിപരീതമായി സമ്പൂര്‍ണ ബജറ്റ് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. ഭരണ തുടര്‍ച്ച ലക്ഷ്യമിടുന്ന എന്‍ഡിഎ സര്‍ക്കാര്‍ ജനകീയ ക്ഷേമ പദ്ധതികള്‍ നിരത്തിയായിരിക്കും തെരഞ്ഞെടുപ്പിന് മുമ്പുള്ള ബജറ്റ് അവതരിപ്പിക്കു. അധികാരത്തില്‍ തുടരനായാല് ചെയ്ത് തീര്‍ക്കാനുള്ള പദ്ധതികള്‍ മുന്‍കൂട്ടി പ്രഖ്യാപിച്ച് ജനമനസ് കീഴടക്കുകയാവും ലക്ഷ്യം. ഇതുവരെ ഒരു സര്‍ക്കാരും അഞ്ചില്‍കൂടുതല്‍ സമ്പൂര്‍ണ ബ്ജറ്റ് അവതരിപ്പിച്ച ചരിത്രമില്ല. ഇടക്കാല ബജറ്റ് എന്ന പതിവില്‍ നിന്ന് മോദി സര്‍ക്കാര്‍ മാറി ചിന്തിക്കുമെന്നാണ് ഇതുവരെയുള്ള കണക്ക് കൂട്ടല്‍.
മുന്‍പെല്ലാം വരാന്‍ പോകുന്ന സാമ്പത്തിക വര്‍ഷത്തെ ആദ്യ നാല് മാസത്തേക്കുള്ള ചെലവിനങ്ങള്ക്കായുള്ള ധനാഭ്യര്‍ത്ഥനയാണ് ഇടക്കാല ബ്ജറ്റില്‍ മുഖ്യമായും ഇടംപിടിക്കുക. പുതിയ വരുമാന നിര്‍ദ്ദേശങ്ങള്‍ അതില്‍ ഉണ്ടാവില്ല. എന്നാല്‍ വരുന്ന പന്ത്രണ്ട് മാസത്തിനുള്ളില്‍ ചെയ്തുതീര്‍ക്കാനുള്ള പരിപാടികളും അവയുടെ ചെലവും ഇടക്കാല ബജറ്റില്‍ ഉള്‍പ്പെടുത്താറുണ്ടായിരുന്നു. എന്നാല്‍ പതിവ് രീതികളില്‍ നിന്ന് ഭിന്നമായി 2019-20 വര്‍ഷത്തേക്ക്, ഇപ്പോഴത്തെ സര്‍ക്കാര്‍, ഒരു സമ്പൂര്‍ണ ബഡ്ജറ്റ് അവതരിപ്പിച്ചാല്‍ അതിന് നിയമപരമായി തടസമൊന്നുമില്ല.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ ഭരണകക്ഷിക്ക് തിരിച്ചടി നേരിട്ട വിഷയങ്ങളെ പരിഹരിക്കുന്നതാകും ബജറ്റ് പ്രഖ്യാപനങ്ങള്‍. കര്‍ഷകരുടെ ഇടയിലുള്ള അതൃപ്തിയും, തൊഴില്‍ മേഖലയില്‍ ഉണ്ടായ മുന്നേറ്റങ്ങള്‍ ജനങ്ങളില്‍ എത്താതിരുന്നതുമാണ് മധ്യപ്രദേശ്, രാജസ്ഥാന് എന്നിവിടങ്ങളില്‍ ചെറിയ തിരിച്ചടിയ്ക്ക് ഇടയാക്കിയത്. ഈ രണ്ട് മേഖലയിലും വിശ്വാസ്യത വീണ്ടെടുക്കുന്ന നിര്‍ദ്ദേശങ്ങള്‍ ബജറ്റില്‍ ഉണ്ടാകും.
കടങ്ങള്‍ എഴുതിത്തള്ളി കര്‍ഷക ദുരിതം ശമിപ്പിക്കാനുള്ള നടപടിയോട് പ്രധാനമന്ത്രിതന്നെ ഇതിനകം വിയോജിപ്പ് പ്രകടിപ്പിച്ചുകഴിഞ്ഞു. ബാങ്കുകളെ സഹായിക്കുന്ന ഇത്തരം എഴുതിതള്ളലുകള്‍ കര്‍ഷകര്‍ക്ക് വലിയ ഗുണമൊന്നും ഉണ്ടാക്കില്ലെന്നാണ് വിലയിരുത്തല്‍. കര്‍ഷകരുടെ ഉത്പാദനപരമായ വളര്‍ച്ച ലക്ഷ്യമാക്കുാതെ കടം എഴുതി തള്ളുന്നതില്‍ കാര്യമില്ല. കണ്ണില്‍ പൊടിയിട്ട് വോട്ട് തട്ടുന്ന ഈ തന്ത്രം താന്‍ പിന്തുടരില്ല എന്നാണ് മോദിയുടെ നിലപാട്. ഐഎംഎഫ് ചീഫ് എക്കണോമിസ്റ്റ് ഗീതാ ഗോപിനാഥ് , മുന്‍ ഗവര്‍ണര്‍ രഘുരാജന്‍ തുടങ്ങിയ സാമ്പത്തിക വിദഗ്ധരെല്ലാം കടം എഴുതിതള്ളലിനെ എതിര്‍ത്ത് രംഗ്തതെത്തിയിരുന്നു. കര്‍ഷകരുടെ അക്കൗണ്ടില്‍ പണം നേരിട്ട് നിക്ഷേപിക്കുന്ന പദ്ധതി കേന്ദ്രം തയ്യാറാക്കി കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. പണം സ്വന്തമായി നേരിട്ട് ലഭിക്കുന്നതോടെ കര്‍ഷകര്‍ക്ക് അവ അനുയോജ്യമായി ഉപയോഗിക്കാനുള്ള അവസരവും, അതുവവി കടം വീട്ടലും നിര്‍വ്വഹിക്കാനാകും. തെലുങ്കാനയില്‍ ചന്ദ്രശേഖര്‍ റാവുവിന് വോട്ട് നേടിക്കൊടുത്ത ‘ഋതുബന്ധു’ എന്ന പദ്ധതിയുടെ പുനരാവിഷ്ക്കരണമാകും കേന്ദ്ര ബജറ്റിലുണ്ടാകുക. കേന്ദ്രസര്‍ക്കാര്‍ നേരത്തെ തന്നെ ആലോചിച്ചുറപ്പിച്ചിരുന്ന പദ്ധതി തെലങ്കാന സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് സമയത്ത് അവതരിപ്പിക്കുകയായിരുന്നു.
ഏക്കറൊന്നിന് രണ്ടുപ്രാവശ്യം നാലായിരം രൂപവീതം ഒരുവര്‍ഷം കര്‍ഷകന്റെ കൈയില്‍ നേരിട്ട് ഏല്‍പ്പിക്കുന്ന പദ്ധതിയാണിത്. ഗ്രാമീണ മേഖലയ്ക്ക് ഇപ്പോള്‍ സര്‍ക്കാര്‍ ചെലവഴിക്കുന്നത് മൊത്തം പൊതുചെലവിന്റെ 56 ശതമാനം മാത്രമായിരിക്കുന്ന സാഹചര്യത്തില്‍ കാര്‍ഷിക മേഖലയില്‍ അധിക മുതല്‍മുടക്ക് അനിവാര്യമായിത്തീര്ന്നിരിക്കുന്നുവെന്ന തിരിച്ചറിവും കാര്‍ഷിക പദ്ധതി പ്രഖ്യാപനത്തിലുണ്ടാകും..
തൊഴില്‍ മേഖല സംമ്പുഷ്ടമാക്കുന്ന നിരവധി പദ്ധതികളും പൊതുബജറ്റിലുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഇതും തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സര്‍ക്കാരിന് ഉപയോഗപ്പെടുത്തനാകും. നിരവധി ക്ഷേമ പദ്ധതികളും ബജറ്റിലുണ്ടായേക്കും. ഫലത്തില്‍ ഒരു സാമ്പത്തിക വര്‍ഷത്തേക്കുള്ള സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കുകയാണെങ്കില്‍ അത് എന്‍ഡിഎയുടെ പ്രകടന പത്രികയുടെ തന്നെ പകര്‍പ്പായി മാറിയേക്കാം എന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്. അത് എന്‍ഡഎയ്ക്ക് അധികാര തുടര്ച്ചയേകുന്ന വിധത്തില്‍ ശക്തമാകുമെന്ന് തന്നെയാണ് സാമ്പത്തിക വിദഗ്ധരുടെ കണക്ക് കൂട്ടല്‍.
Discussion about this post