സ്‌പെഷല്‍ റിപ്പോര്‍ട്ടര്‍
രണ്ടാം യൂപിഎ സര്‍ക്കാരിന്റെ അവസാന കാലത്ത് കോണ്‍ഗ്രസ്സ് നേതൃത്വം നടത്തിയ അതീവഗുരുതരവും രാജ്യദ്രോഹപരമായ ഒരു രാഷ്ട്രീയക്കളിയെപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്ത്. ദേശീയ ദിനപ്പത്രമായ സണ്‍ഡേ ഗാര്‍ഡിയന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടാണ് വിഷയം വീണ്ടും സജീവ ചര്‍ച്ചയാക്കുന്നത്. അഴിമതി വിരുദ്ധ സമരത്തില്‍ പൊറുതിമുട്ടി രാജ്യം മുഴുവന്‍ കോണ്‍ഗ്രസ്സിനെതിരേ നിരന്നുനിന്നിരുന്ന ആ സമയത്ത് കോണ്‍ഗ്രസ്സ് നേതൃത്വത്തെ ആ ആരോപണങ്ങളില്‍ നിന്ന് രക്ഷിയ്ക്കാന്‍ ഇന്ത്യന്‍ സൈന്യത്തെ പറ്റി കള്ളക്കഥകള്‍ ചമയ്ക്കാന്‍ കേന്ദ്ര ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ മുതിര്‍ന്ന ചില കോണ്‍ഗ്രസ്സ് നേതാക്കള്‍ നിര്‍ബന്ധിച്ചു എന്ന റിപ്പോര്‍ട്ടാണ് സണ്‍ഡേ ഗാര്‍ഡിയന്‍ പുറത്തുവിട്ടത്.
സൈന്യം മന്‍മോഹന്‍ സിംഗ് സര്‍ക്കാരിനെകിരെ അട്ടിമറിയ്ക്ക് ഒരുങ്ങുന്നു എന്ന കള്ളക്കഥ പ്രചരിപ്പിക്കണം എന്നും മാദ്ധ്യമങ്ങളില്‍ അത്തരം വാര്‍ത്തകള്‍ വരുത്തണമെന്നും ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ നിര്‍ബന്ധിച്ചതായാണ് സണ്‍ഡേ ഗാര്‍ഡിയന്‍ പറയുന്നത്. ജനങ്ങള്‍ ആ വാര്‍ത്തയ്ക്ക് പിന്നാലേ പോകുമ്പോള്‍ തങ്ങള്‍ക്കെതിരേയുള്ള അഴിമതി ആരോപണം എല്ലാവരും മറക്കും എന്നായിരുന്നു കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ സൈന്യം അത്തരത്തില്‍ ഒരു നീക്കവും നടത്തിയില്ല എന്ന് മാത്രമല്ല അങ്ങനെ എന്തെങ്കിലും ചെയ്യാന്‍ ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഒരിയ്ക്കലും സാദ്ധ്യവുമല്ല.
2012ന്റെ ആദ്യ മാസങ്ങളില്‍ യാതൊരു കാരണവുമില്ലാതെ ഇങ്ങനെ ഒരു നീക്കം നടക്കുന്നുണ്ടോ എന്ന് അന്വേഷിക്കണം എന്ന നിര്‍ദ്ദേശവുമായി ആഭ്യന്തര മന്ത്രാലയത്തില്‍ ഒരു ഫയല്‍ ഉണ്ടാക്കുകയായിരുന്നു ആദ്യം ഇവര്‍ ചെയ്തത്. ഇങ്ങനെ ഒരു ഫയല്‍ പേരിനെങ്കിലും ആഭ്യന്തരമന്ത്രാലയത്തിലുണ്ടെങ്കില്‍ എപ്പൊഴെങ്കിലും ആരെങ്കിലും ഒരു ഉപരിതല അന്വേഷണം നടത്തിയാല്‍ ഇങ്ങനെ അന്വേഷണം നടന്നിരുന്നില്ല എന്ന് ആര്‍ക്കും നിഷേധിക്കാനാവില്ല. ‘തീയില്ലാതെ പുകയുണ്ടാവില്ലല്ലോ’ എന്ന് കരുതി കുറച്ചു പേരെങ്കിലും അത് വിശ്വസിയ്ക്കും.
മാത്രമല്ല പിന്നീട് ഈ കള്ളവാര്‍ത്ത ഏതെങ്കിലും പത്രത്തിനു ചോര്‍ത്തിക്കൊടുത്താല്‍ പത്രം കള്ളം എഴുതി എന്ന് കോടതിയില്‍ ആര്‍ക്കും ചോദ്യം ചെയ്യാനും ആകില്ല. ഞങ്ങള്‍ ഈ ഫയലിലെ വിവരങ്ങള്‍ വച്ചാണ് വാര്‍ത്ത എഴുതിയത് എന്ന് പത്രത്തിനു കോടതിയില്‍ പറയാം. പത്രസ്വാതന്ത്ര്യനിയമങ്ങള്‍ കാരണം ഈ ഫയലിന്റെ വിവരങ്ങള്‍ ആരാണ് ചോര്‍ത്തിത്തന്നതെന്ന് പത്രക്കാര്‍ക്ക് ആരോടും പറയേണ്ട ബാദ്ധ്യതയുമില്ല.
എന്നാല്‍ ഇങ്ങനെ ഒരു നീക്കവും നടക്കുന്നില്ല, നടക്കുകയുമില്ല എന്ന് ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥര്‍ ഗവണ്മെന്റിനു റിപ്പോര്‍ട്ട് കൊടുത്തു. പക്ഷേ അതിനു ശേഷം ആ വര്‍ഷം ഏപ്രില്‍ മാസത്തില്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സ് എന്ന പത്രത്തില്‍ ഹരിയാനയില്‍ നിന്നും ആഗ്രയില്‍ നിന്നും ടാങ്ക് ട്രാന്‍സ്‌പോര്‍ട്ട് ചെയ്യുന്ന ട്രക്കുകളും പാരാ കമാന്‍ടോകളുമായി സൈന്യം ഡല്‍ഹിക്ക് നേരേ നീങ്ങുന്നു എന്നൊരു വാര്‍ത്ത വന്നു.
ഇത്തരം സൈനിക നീക്കം അസ്വാഭാവികമാണ് എന്നൊക്കെ എന്ന് നിഷ്‌കളങ്കമായി സംശയിക്കുക മാത്രമാണ് വാര്‍ത്തയില്‍ ചെയ്തിരുന്നത്. യഥാര്‍ത്ഥത്തില്‍ ഇത് എപ്പോഴും സാധാരണയായി നടക്കുന്ന ഒരു മിലിട്ടറി പരിശീലനം മാത്രം ആയിരുന്നു. പക്ഷേ ആ പരിശീലനത്തിന്റെ വിവരങ്ങളൊക്കെ വിശദമായി എഴുതിയിട്ട് സാധാരണയില്‍ കവിഞ്ഞ എണ്ണം പട്ടാളക്കാര്‍ ഉള്ളതു പോലെ ‘തോന്നുന്നു’, ജനറല്‍ വി.കെ സിംഗ് സുപ്രീം കോടതിയില്‍ സീനിയോറിറ്റിയെ സംബന്ധിച്ച് കേസ് നല്‍കിയിരിയ്ക്കുന്നു എന്നൊക്കെ പരസ്പരബന്ധമില്ലാത്ത വിവരങ്ങള്‍ നല്‍കി എങ്ങും തോടാതെ ഒരു റിപ്പോര്‍ട്ടാണ് ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ വന്നത്.
പക്ഷേ ഒരു പത്രത്തില്‍ ഇതൊരു സ്വാഭാവിക സൈനികപരിശീലനമാണ് എന്നത് മറച്ചുവച്ച് സൈനിക അട്ടിമറിയാണോ എന്ന സംശയം കാട്ടി എഴുതിയാല്‍ സ്വാഭാവികമായും അറിവില്ലാത്തവര്‍ സംശയത്തിലാകും. ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ വാര്‍ത്ത വന്നതിനു പിറകേ പെട്ടെന്ന് തന്നെ സകല മാദ്ധ്യമങ്ങളിലും ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ ഇങ്ങനെ വാര്‍ത്ത വന്നു എന്ന് പറഞ്ഞുകൊണ്ട് ഈ വാര്‍ത്ത നിറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസ് ഇങ്ങനെ ഒരു അട്ടിമറി സാദ്ധ്യമോ എന്ന ഒരു വോട്ടിങ്ങ് പോലും നടത്തി. 65 ശതമാനം ജനങ്ങളും അട്ടിമറിയൊന്നും സാദ്ധ്യമല്ല എന്ന് പോള്‍ ചെയ്‌തെങ്കിലും മുപ്പത്തിരണ്ട് ശതമാനം ആള്‍ക്കാര്‍ അട്ടിമറി സാദ്ധ്യമാണ് എന്നാണ് പോള്‍ ചെയ്തത്. അതായത് ഇവര്‍ ഉണ്ടാക്കിയ കള്ളവാര്‍ത്ത 32 ശതമാനം ജനങ്ങള്‍ വിശ്വസിച്ചു എന്ന് സാരം., ഇതായിരുന്നു അവര്‍ക്ക് വേണ്ടിയിരുന്നതും.
അന്ന് കരസേനാ മേധാവിയായിരുന്ന ജനറല്‍ വീ കേ സിംഗ് തന്റെ ജനനത്തീയതി സംബന്ധിച്ച ചില കാര്യങ്ങളില്‍ തന്റെ സീനിയോറിറ്റിയെപ്പറ്റി ഒരു കേസ് സുപ്രീം കോടതിയില്‍ നടത്തുന്നുണ്ടായിരുന്നു എന്നത് ഈ പുകമറ സൃഷ്ടിയ്ക്കുവാന്‍ ഗൂഢാലോചന നടത്തിയവര്‍ക്ക് എളുപ്പമായി. ജനറല്‍ അധികാരം പിടിച്ചെടുക്കാന്‍ അട്ടിമറിയ്ക്ക് ശ്രമിയ്ക്കുന്നു എന്ന മട്ടില്‍ ഊരും പേരുമില്ലാതെ സാമൂഹ്യമാദ്ധ്യമങ്ങളിലും ബ്ലോഗുകളിലും വാര്‍ത്തകള്‍ നിരന്നു.
പത്രങ്ങള്‍ ഈ വാര്‍ത്ത തെറ്റെന്ന് പുറമേ പറഞ്ഞ് ശരി എന്ന് വായിക്കുന്നവര്‍ക്ക് തോന്നുന്ന രീതിയില്‍ വാചകഘടനയോടെ വാര്‍ത്തകള്‍ എഴുതി. ഉദാഹരണത്തിനു ഈ വിഷയം ബി ബി സി റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങനെയാണ്. The defense ministry and the army too denied the report. They said the units’ movements were a ‘routine exercise’. ഈ വാചകത്തില്‍ ഇത് വെറും സൈനിക പരിശീലനം ആണെന്ന് കരസേന അറിയിച്ചു എന്നാണ് വാചകങ്ങളുടെ അര്‍ത്ഥമെങ്കിലും ‘Routine Exercise‘ എന്ന ഭാഗം ഉദ്ധരണികളില്‍ നല്‍കിയതോടെ ആ വാചകത്തില്‍ എന്തോ വ്യംഗ്യമായി പറയുന്നുണ്ട് എന്ന് വായിയ്ക്കുന്നവര്‍ക്ക് തോന്നും. ബിബിസി ഉള്‍പ്പെടെയുള്ള ലോക മാദ്ധ്യമങ്ങളെല്ലാം ഇതുപോലെ വ്യംഗ്യമായി ദ്യോതിപ്പിച്ചുകൊണ്ടാണ് വാര്‍ത്ത എഴുതിയത്.
ഇത്തരം വാര്‍ത്തകളുടെ ഒരു പ്രത്യേകത ഇതില്‍ ഉള്‍പ്പെട്ടവര്‍ എത്രത്തോളം നിഷേധിയ്ക്കുന്നുവോ അത്രത്തോളം ആള്‍ക്കാരില്‍ സംശയം ഉണ്ടാകും എന്നതാണ്. ചുരുക്കിപ്പറഞ്ഞാല്‍ തികഞ്ഞ രാജ്യസ്‌നേഹിയും ജീവന്‍ പണയം വച്ച് സര്‍വീസ് കാലം മുഴുവന്‍ രാഷ്ട്രസേവനത്തിനായി വിനിയോഗിക്കുകയും ചെയ്ത ജനറല്‍ വി കേ സിംഗിനെ പട്ടാള അട്ടിമറിക്കാരനായി ചുരുക്കം ചിലരെങ്കിലും കരുതി. കോണ്‍ഗ്രസ്സ് മന്ത്രിമാരുടെ അഴിമതി താല്‍ക്കാലികമായെങ്കിലും ജനങ്ങള്‍ മറന്നു, അഴിമതിയ്‌ക്കെതിരെയുള്ള സമരങ്ങള്‍ മാദ്ധ്യമങ്ങളുടെ മുന്‍ പേജുകളില്‍ നിന്ന് ഒഴിവായി. താല്‍ക്കാലികമായെങ്കിലും കോണ്‍ഗ്രസ്സ് നേതൃത്വം രക്ഷനേടി.
രാജ്യത്തെ അസ്ഥിരപ്പെടുത്താനും തങ്ങള്‍ക്ക് നേരെയുള്ള ചോദ്യങ്ങളെ ജനദൃഷ്ടിയില്‍ നിന്ന് ഒളിപ്പിയ്ക്കാനും അധികാരം നിലനിര്‍ത്താനും കോണ്‍ഗ്രസ്സ് നേതൃത്വം ഏതറ്റം വരെയും പോകുമെന്ന് വീണ്ടും തെളിയിയ്ക്കുന്ന ഈ ഇല്ലാത്ത പട്ടാള അട്ടിമറി കപടവാര്‍ത്തയെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയാണ്.
സണ്‍ഡേ ഗാര്‍ഡിയന്‍ പത്രത്തില്‍ ഈ പുതിയ വിവരങ്ങള്‍ വന്നതോടെ കോണ്‍ഗ്രസ്സിനെതിരെ ബിജെപി ശക്തമായി മുന്നോട്ടുവന്നിരിയ്ക്കുകയാണ്. ബിജെപി വക്താവായ ജി.വി.ഐ നരസിംഹറാവു പ്രതിരോധ പാര്‍ലമെന്ററി കമ്മിറ്റി ഉടനേതന്നെ കൂടിച്ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്യണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ്സിന്റെ കാബിനറ്റ് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇത്തരം കപടവാര്‍ത്ത പടച്ചുണ്ടാക്കി എന്ന ആരോപണം അതീവ ഗുരുതരമാണെന്നും രാഹുല്‍ ഗാന്ധിയ്ക്ക് ഇതില്‍ എന്ത് പങ്കുണ്ട് എന്നും അന്വേഷിയ്ക്കണം എന്നും നരസിംഹറാവു അറിയിച്ചിട്ടുണ്ട്. ഈ വിഷയത്തെപ്പറ്റി പാര്‍ലമെന്റില്‍ ഉന്നയിച്ചിരുന്നു എന്ന് മാത്രമാണ് അന്നത്തെ പ്രതിരോധമന്ത്രി എ.കെ ആന്റണി പ്രതികരിച്ചത്.
പഴയകാല ചാരക്കേസ് ഇതേ മാതിരി തന്നെ ശൂന്യതയില്‍ നിന്നുണ്ടാക്കിയ ഒരു ഇല്ലാക്കഥയായിരുന്നു. അന്ന് മാദ്ധ്യമങ്ങളും രാഷ്ട്രീയക്കാരും ചില പോലീസ് ഉദ്യോഗസ്ഥരുമൊക്കെ ചേര്‍ന്ന് ഇതുപോലെയൊരു ആരോപണമുണ്ടാക്കിയപ്പോള്‍ ജീവിതം നശിച്ചതും പീഡനങ്ങളനുഭവിച്ചതും നമ്പിനാരായണനെപ്പോലെയുള്ള ശാസ്ത്രജ്ഞരുടെ ആയിരുന്നു എങ്കില്‍ ഈ മാദ്ധ്യമവാര്‍ത്ത വിവാദമായിരുന്നെങ്കില്‍ സഹിയ്‌ക്കേണ്ടി വരുമായിരുന്നത് ജനറല്‍ വി കേ സിംഗും കരസേനാ ഉദ്യോഗസ്ഥരും ആയിരുന്നേനേ. ഭാഗ്യത്തിന് ഈ വാര്‍ത്ത അന്ന് അധികം ചലനങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയില്ല. ചാരക്കേസുമായി ഈ അട്ടിമറി കള്ളവാര്‍ത്തയ്ക്ക് വളരെ സാമ്യമുണ്ട് എന്നത് യാദൃശ്ചികമാവില്ല എന്ന് രാഷ്ട്രീയനിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.
Discussion about this post