ഡല്‍ഹി: അന്താരാഷ്ട്ര യോഗദിനാചരണത്തിന് രാജ്യമെമ്പാടും ഒരുക്കം തകൃതി. ജൂണ്‍ 21ന് നടക്കുന്ന പരിപാടി ചരിത്രമാക്കി മാറ്റാനുള്ള പരിശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്ന യോഗദിന പരിപാടി ഡല്‍ഹിയിലെ രാജ്പഥിലാണ് നടക്കുക. ആയുഷ് മന്ത്രാലയമാണ് സംഘാടകര്‍.
ഞായറാഴ്ചത്തെ പരിപാടിയില്‍ രാജ്പഥില്‍ 40,000 പേര് പങ്കെടുക്കുമെന്നാണ് മന്ത്രാലയം പ്രതീക്ഷിക്കുന്നത്. രാവിലെ ഏഴു മുതല്‍ 7.35 വരെയാണു യോഗ നടക്കും. രാജ്പഥിലെ ചടങ്ങില്‍ പ്രധാനമന്ത്രിക്കൊപ്പം വേദിയില്‍ ബാബാ രാംദേവ്, കര്‍ണാടക വ്യാസ സര്‍വകലാശാല വി.സി എച്ച്.ആര്.നാഗേന്ദ്ര, മുംബൈ ആസ്ഥാനമായ യോഗ ഇന്‍സ്റ്റിറ്റ്യൂട്ട് തലവന്‍ ഹന്‍സാജി ജയ്ദേവ് ജോഗേന്ദര്‍, ബേലൂര്‍മഠ് രാമകൃഷ്ണ മിഷന് വിവേകാനന്ദ സര്‍വകലാശാല വി.സി സ്വാമി ആത്മ പ്രിയാനന്ദ എന്നിവരുണ്ടാകും. കാര്യപരിപാടിയുടെ വിശദാംശങ്ങള്‍ ആയുഷ് മന്ത്രാലയം പൂര്‍ണമായും പുറത്തുവിട്ടിട്ടില്ല.
പ്രധാനമന്ത്രിയുള്‍പ്പെടെ വേദിയിലിരിക്കുന്നവര്‍ യോഗ ചെയ്യുമോയെന്ന് വ്യക്തമല്ല. രാജ്പഥിലെ യോഗപ്രദര്‍ശനത്തിന് സമാനമായി അതേസമയം വിവിധ സംസ്ഥാനങ്ങളിലൂം സംസ്ഥാന-കേന്ദ്ര മന്ത്രിമാരുടെ നേതൃത്വത്തില്‍ യോഗ അരങ്ങേറും. തിരുവനന്തപുരത്ത് കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡയാണ് യോഗദിന പരിപാടികള്‍ക്ക് നേതൃത്വം നല്‍കുക.
ഡല്‍ഹിയിലെ ചടങ്ങിന് സമാന്തരമായി ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളുടെ നേതൃത്വത്തില്‍ 192 രാജ്യങ്ങളിലും യോഗദിന പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ പേര് പങ്കെടുത്ത യോഗപ്രദര്ശനമെന്ന റെക്കോഡ് നിലവില്‍ ഗ്വാളിയര്‍ ജിവാലി സര്‍വകലാശാലയിലെ വിവേകാനന്ദ കേന്ദ്രയുടെ പേരിലാണ്. 2005 നവംബറില്‍ ഇവര്‍ സംഘടിപ്പിച്ച യോഗ പ്രദര്‍ശനത്തില്‍ 29973 പേര് പങ്കെടുത്തു. കേന്ദ്ര സര്‍ക്കാര്‍ മുന്‍കൈയെടുത്ത് നടത്തുന്ന ഞായറാഴ്ചത്തെ ചടങ്ങ് ആ റെക്കോഡ് തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രാഷ്ട്രപതി ഭവനില്‍ സ്വന്തം നിലക്ക് ജീവനക്കാരുടെ നേതൃത്വത്തില്‍ യോഗദിന പരിപാടി നടക്കുമെന്ന് രാഷ്ട്രപതി ഭവന് അറിയിച്ചു. സൈന്യവും യോഗയില്‍ അണിചേരും. വിവിധ സ്ഥാപനങ്ങളും യോഗാദിനാചരണത്തില്‍ പങ്കാളികളാകാനുള്ള തിരക്കിട്ട ഒരുക്കങ്ങളിലാണ്
യോഗക്കെതിരെ ചില മുസ്ലിം സംഘടനകള്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ ബൂരിപക്ഷ മുസ്ലിം സംഘടനകളും യോഗാദിനാചരണത്തെ പിന്തുണയ്ക്കുകയാണ് ചെയ്തത്. സിപിഎം പോലുള്ള ിടത് പക്ഷ നേതാക്കളും യോഗ ഹൈന്ദവവത്ക്കരണത്തിന്റെ ഭാഗമാണെന്ന് ആരോപിച്ച് രംഗത്തെത്തിയിരുന്നു. പ്രതിഷേധങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അത് കാര്യമാവില്ല എന്നാണ് വിലയിരുത്തല്‍.
യോഗായ്ക്ക് അന്താരാഷ്ട്ര തലത്തില്‍ സ്വീകാര്യത ലഭിക്കാനും, അത് വഴി ഭാരതീയ സംസ്ക്കാരത്തിന്റെ മേന്മ മറുനാട്ടുകാരിലെത്തിക്കാനും യോഗാദിനാചരണത്തിന് കഴിഞ്ഞുവെന്നാണ് വിലയിരുത്തല്‍.
Discussion about this post