കാസര്‍കോട്: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനേയും കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറുമെന്ന് സൂചന. കാസര്‍ഗോഡ് ഇരട്ടക്കൊലപാതകം പൈശാചികമാണെന്നും സൂചിപ്പിച്ച് ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ കോടതിയും വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു . സംഭവത്തിന് പിന്നിലുള്ളതാരെന്ന് കണ്ടുപിടിക്കണമെന്നാണ് കോടതി ഇന്നലെ നിര്‍ദ്ദേശം നല്‍കിയത്. കേസിലെ പ്രധാന പ്രതി പിതാംബരനെ പോലിസ് കസ്റ്റഡിയില്‍ വിട്ടുകൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശം.
അതേ സമയം കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും ഇവരെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് നിലവില്‍ അഞ്ചുപേര്‍ കസ്റ്റഡിയിലുണ്ട്.കേസില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കും. സംഭവ സമയത്ത് വാഹനം ഓടിച്ചിരുന്ന വാഹന ഉടമ ഏച്ചിലടുക്കത്തെ സജി സി. ജോര്‍ജ്ജിനെ പോലിസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കൊല്ലാനുപയോഗിച്ച ആയുധങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തിരുന്നു. ;സി.പി.എം പ്രവര്‍ത്തകന്‍ കല്യോട്ടെ ശാസ്ത ഗംഗാധരന്‍ നായരുടെ വീട്ടുവളപ്പിലെ പൊട്ടക്കിണറ്റില്‍നിന്നാണ് രക്തംപുരണ്ട ആയുധങ്ങള്‍ ലഭിച്ചത്.
കൊലക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് സി.പി.എം പ്രവര്‍ത്തകര്‍ തന്നെയാണെന്നും പെരിയയിലുണ്ടായത് സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച കൊലപാതകമാണെന്നും പൊലീസ് കസ്റ്റഡി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ പീതാംബരന്‍ ഇരുമ്പുദണ്ഡു കൊണ്ടും മറ്റുള്ളവര്‍ വാള്‍കൊണ്ടുമാണ് ആക്രമിച്ചതെന്നും റിപ്പോര്‍ട്ടില്‍ പൊലീസ് വ്യക്തമാക്കുന്നു .
Discussion about this post