പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ധീര ജവാന്മാരുടെ ജാതിയും വർഗ്ഗവും തുലനം ചെയ്തു കാരവാൻ എന്ന ഇടതുപക്ഷ മാധ്യമത്തിൽ വന്ന വാർത്തയ്ക്ക് എതിരെ ശക്തമായ പ്രതികരണവുമായി സിആർപിഎഫ്. തികഞ്ഞ ദേശവിരുദ്ധ അജണ്ടയോടും ദുരുപദിഷ്ടമായ ഉദ്ദേശങ്ങളോടും കൂടി ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച ജവാന്മാരുടെ പോലും ജാതിയും മതവും തിരഞ്ഞുപിടിച്ച് സമൂഹത്തിൽ അവിശ്വാസവും അന്തഛിദ്രവും വളർത്തുന്ന വാർത്തകൾക്കും വിശകലനങ്ങൾക്കും എന്നും സ്ഥാനം ഉണ്ടായിട്ടുള്ള മാദ്ധ്യമമാണ് കാരവാൻ. അതിന്റെ ഉടമസ്ഥരായ ഇന്ത്യാ പ്രസ് ഇടതുപക്ഷ കമ്മ്യൂണിസ്റ്റ് ആശയഗതികൾ ഉള്ള പ്രസാധകരാണ്. അതിശക്തമായ പ്രതിഷേധമാണ് പുൽവാമ ഭീകരാക്രമണത്തിൽ പോലും വീരമൃത്യു വരിച്ച ജവാന്മാരുടെ ജാതിയും വർഗ്ഗവും കണ്ടുപിടിക്കുവാൻ നടത്തിയ ഔത്സുക്യത്തിന് എതിരേ രാജ്യം മുഴുവൻ ഉണ്ടായത്.
അജാസ് അഷ്റഫ് എന്ന റിപ്പോർട്ടറാണ് കാരവാൻ മാഗസിനിൽ ഈ ലേഖനം എഴുതിയത്. വീരമൃത്യു വരിച്ച ജവാന്മാരുടെ വീട്ടിൽ വിളിച്ചു ചോദിച്ചു പോലും ജാതി അന്വേഷിച്ച് മനസ്സിലാക്കി എന്നായിരുന്നു ആ ലേഖനത്തിൽ ഉണ്ടായിരുന്നത്. ഒരാളുടെ മരണസമയത്ത് കാണിക്കേണ്ട കുറഞ്ഞ ഔചിത്യം പോലുമില്ലാതെ ദുഃഖിതരായ കുടുംബാംഗങ്ങളെ പോലും ഇതുമാതിരി രാഷ്ട്രീയ താല്പര്യങ്ങൾക്ക് ഉപയോഗിച്ച ഇടതുപക്ഷ ദുഷ്പ്രചരണം വൻ എതിർപ്പാണ് സമൂഹത്തിൽ ഉണ്ടാക്കിയത്
ജവാന്മാർ സി ആർ പി എഫിൽ ഏത് കാറ്റഗറിയിലാണ് ജോലിക്ക് കയറിയത് എന്നുപോലും ആ ലേഖനത്തിൽ ഊഹിച്ച് എഴുതിയിരുന്നു. നമുക്ക് വേണ്ടി ജീവൻ വെടിഞ്ഞ വരെ അപമാനിക്കുന്ന, അവരുടെ സ്വകാര്യതയിൽ കടന്നുകയറിയ, ഇത്രയും ക്രൂരമായ രാജ്യ വിരുദ്ധത കാട്ടിയ ലേഖകനെതിരെയും മാധ്യമത്തിനെതിരേയും അതിശക്തമായാണ് സിആർപിഎഫ് പ്രതികരിച്ചത്. ”ഞങ്ങൾ സിആർപിഎഫ് കാർ ഞങ്ങളെ ഭാരതീയർ ആയാണ് കണക്കാക്കുന്നത്.
ഒട്ടും കൂടുതൽ കുറവുമില്ലാതെ തന്നെയാണ് ഞങ്ങൾ ഭാരതീയരായി സ്വയം കണക്കാക്കുന്നത്. ജാതിയുടെയും മതത്തിനെയും വർണ്ണത്തിലും പേരിലുള്ള അതി നികൃഷ്ടമായ വിവേചനം ഞങ്ങളുടെ രക്തത്തിൽ ഇല്ല. വീരമൃത്യുവരിച്ച ജവാന്മാരെ അപമാനിക്കുന്നതിൽ നിന്നും നിങ്ങൾ മാറി നിൽക്കണം. കർശനമായി തന്നെ അക്കാര്യം പറയുകയാണ്. വീരമൃത്യുവരിച്ച ജവാന്മാരെ നിന്ദിക്കുന്ന നിങ്ങളുടെ നികൃഷ്ടമായ ലേഖനത്തിലെ കണക്കുകൾ അല്ല അവർ എന്നോർക്കണം” കാരവാൻ മാഗസിനും അജാസ് അഷ്റഫിനും മറുപടിയായി സിആർപിഎഫ് വക്താവ് മോസസ് ദിനകരൻ ട്വിറ്ററിലൂടെ അറിയിച്ചു. ഒരു വിവേചനവും കാണാൻ കഴിഞ്ഞില്ലെങ്കിൽ കൂടി ഹിന്ദുക്കളിലെ ജാതി വ്യത്യാസങ്ങൾ ഒരു കാരണവുമില്ലാതെ എടുത്തുകാട്ടി ഈ നാട്ടിലെ ജനങ്ങളെ ഒറ്റപ്പെടുത്താനും അവരെ മാനസികമായി തകർക്കാനും ഇന്ത്യാ വിരുദ്ധ ശക്തികൾ എന്നും ഉപയോഗിക്കുന്ന ആയുധമാണ് ഇത്തരം ദുഷ്പ്രചാരണങ്ങൾ. ഇത്തവണയെങ്കിലും ശക്തമായ പ്രതിഷേധവുമായി അതിനെതിരെ നവമാധ്യമങ്ങളിൽ എങ്കിലും ജനങ്ങൾ രംഗത്തെത്തിയത് ശുഭസൂചകമായി കരുതുന്നു.
Discussion about this post