തമിഴ്‌നാടില്‍ 2,000 കോടിയിലധികം വരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തുടക്കം കുറിക്കും. ഇന്ന് വൈകീട്ട് കന്യാകുമാരിയില്‍ വെച്ച് നടക്കുന്ന പരിപാടിയിലായിരിക്കും മോദി നിരവധി വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കില്ലടലും നിര്‍വ്വഹിക്കും. പരിപാടിയില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി.കെ.പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ.പനിര്‍ശെല്‍വവും, കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനും പങ്കെടുക്കുന്നതായിരിക്കും. അതേസമയം ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ബി.ജെ.പി കന്യാകുമാരിയില്‍ സംഘടിപ്പിക്കാനിരുന്ന റാലി മാറ്റിവെച്ചിട്ടുണ്ട്.
‘റാലി ഉണ്ടാകില്ല. സര്‍ക്കാര്‍ നടത്തുന്ന ഒരു പരിപാടി മാത്രമായിരിക്കും ഉണ്ടാകുക,’ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ തമിലിസൈ സൗന്ദരരാജന്‍ പറഞ്ഞു. മധുര മുതല്‍ ചെന്നൈ എഗ്മോര്‍ വരെ പോകുന്ന തേജസ് എക്‌സ്പ്രസിന്റെ ഉദ്ഘാടനം മോദി നിര്‍വ്വഹിക്കും. ഇത് കൂടാതെ 2,995 കോടി ചിലവ് വരുന്ന ഹൈവെ പദ്ധതികളും മോദി ഉദ്ഘാടനം ചെയ്യും. മധുരൈ-ചെട്ടിക്കുളം ദേശീയ പാത നാലുവരിപ്പാതയാക്കുന്നതിന്റെ ശിലാസ്ഥാപനവും മോദി നിര്‍വ്വഹിക്കുന്നതായിരിക്കും.
പാക്കിസ്ഥാനുമായുള്ള ബന്ധം വഷളായിരിക്കുമ്പോഴും തമിഴ്‌നാട്ടില്‍ വന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മോദി തുടക്കം കുറിക്കുന്നത് രാജ്യത്തിന്റെ സുരക്ഷയില്‍ അദ്ദേഹത്തിനുള്ള ആത്മവിശ്വാസമാണ് പ്രകടിപ്പിക്കുന്നതെന്ന് ബി.ജെ.പിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി വനതി ശ്രീനിവാസന്‍ ചൂണ്ടിക്കാട്ടി.
Discussion about this post