തനിക്ക് ആധാര്‍ കാര്‍ഡ് ലഭിച്ചതില്‍ താന്‍ അഭിമാനിക്കുന്നുവെന്ന് പാര്‍ലമെന്റ് ആക്രമണത്തില്‍ വധ ശിക്ഷ ലഭിച്ച ഭീകരവാദി അഫ്‌സല്‍ ഗുരുവിന്റെ മകന്‍ ഗലീബ്. നിലവില്‍ സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി ഉപരിപഠനത്തിന് ശ്രമിക്കുന്ന ഗലീബിന് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് വേണമെന്നുമുണ്ട്. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ലഭിച്ചാല്‍ താന്‍ അഭിമാനമുള്ള ഒരു ഇന്ത്യന്‍ പൗരനാകുമെന്നും ഗലീബ് അഭിപ്രായപ്പെട്ടു.
ഒരു ഡോക്ടറാകണമെന്ന ആഗ്രഹമാണ് ഗലീബ് വെളിപ്പെടുത്തിയത്. ഇതിന് വേണ്ടി നീറ്റ് പരീക്ഷയ്ക്ക് വേണ്ടി പഠിക്കുകയാണ്. നീറ്റ് പരീക്ഷയില്‍ പ്രവേശനം ലഭിച്ചില്ലെങ്കില്‍ വിദേശത്ത് പോയി പഠിക്കാനാണ് പദ്ധതി. തുര്‍ക്കിയിലെ ഒരു കോളേജ് തനിക്ക് പിന്നീട് സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ സാധ്യതയുണ്ടെന്ന് ഗലീബ് പറഞ്ഞു.
തന്റെ അച്ഛന്റെ ആഗ്രഹം സഫലീകരിക്കാനാണ് താന്‍ ഡോക്ടറാകുന്നതെന്ന് ഗലീബ് പറഞ്ഞു. അഫ്‌സല്‍ ഗുരുവിന് ഷേര്‍-ഇ-കശ്മീര്‍ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കാന്‍ സാധിച്ചിരുന്നില്ല. നിലവില്‍ ഗലീബ് തന്റെ മുത്തച്ഛന്റെയും അമ്മയുടെയും കൂടെയാണ് താമസിക്കുന്നത്.
അതേസമയം കശ്മീരിലെ സുരക്ഷാ സൈനികരുടെ പക്കല്‍ നിന്നും തനിക്ക് മോശപ്പെട്ട അനുഭവങ്ങളൊന്നും ലഭിച്ചിരുന്നില്ലായെന്ന് ഗലീബ് പറഞ്ഞു. അവര്‍ തനിക്ക് എന്നും പ്രചോദനം മാത്രമാണ് നല്‍കിയിരുന്നതെന്നും ഗലീബ് വ്യക്തമാക്കി.
2001ലെ ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണത്തില്‍ വധശിക്ഷ വിധിക്കപ്പെട്ട ഭീകരനായിരുന്നു അഫ്‌സല്‍ ഗുരു. തുടര്‍ന്ന് 2013ല്‍ ഇയാളെ തൂക്കിലേറ്റി. അഫ്‌സല്‍ ഗുരുവിന്റെ പേരിലായിരുന്ന പുല്‍വാമയില്‍ ജയ്ഷ്-ഇ-മുഹമ്മദ് ചാവേറാക്രമണം നടത്തിയത്.
Discussion about this post