ജെഎഫ് 17 ബ്ലോക്ക് 3 പോര്‍വിമാനങ്ങളുടെ നിര്‍മാണം അവസാന ഘട്ടത്തിലെന്ന് ചൈനയുടെ വെളിപ്പെടുത്തല്‍. പാക്കിസ്ഥാന് ചൈനീസ് സംയുക്ത സംരംഭമായി നിര്‍മിക്കുന്ന ജെഎഫ് 17 പോര്‍വിമാനങ്ങളുടെ പ്രധാന ആവശ്യക്കാര്‍ പാക്കിസ്ഥാനാണ്. പുതിയ പോര്‍വിമാനം അമേരിക്കയുടെ എഫ് 16 പോര് വിമാനങ്ങള്‍ക്കൊപ്പം നില്ക്കുന്നവയെന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം. അമേരിക്കയുടെ ഭാഗത്തു നിന്നുള്ള പ്രതിരോധ സഹായം അവസാനിച്ചതോടെ ചൈന നല്കുന്ന ആയുധങ്ങളും പോര്‍വിമാനങ്ങളും വാങ്ങാന്‍ തന്നെയാണ് പാക്കിസ്ഥാന്റെ തീരുമാനം. എന്നാല്‍ പാക്കിസ്ഥാനു നല്കുന്ന മിക്ക പോര്‍വിമാനങ്ങളും ടെക്നോളജിയും ചൈനീസ് സൈന്യം കാര്യമായി ഉപയോഗിക്കുന്നില്ല എന്നത് മറ്റൊരു രഹസ്യമായ പരസ്യമാണ്. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന രാജ്യങ്ങള്‍ക്ക് നല്കുന്ന ആയുധങ്ങളാണ് ചൈന പാക്കിസ്ഥാനും നല്‍കുന്നത്.
AESA (active electronically scanned array) റഡാറാണ് പുതിയ ജെഎഫ് 17 പോര്‍വിമാനത്തിന്റെ പ്രധാന പ്രത്യേകതയായി കണക്കാക്കുന്നത്. വലിയ തോതില്‍ വിവരശേഖരണം നടത്താനാകുമെന്നതാണ് ഇതിന്റെ പ്രധാന ഗുണമായി അവതരിപ്പിക്കുന്നത്. ഒരേസമയം ഒന്നിലേറെ ലക്ഷ്യങ്ങള്‍ ആക്രമിക്കാനും ഇതിനാകും. ഇതിനൊപ്പം പൈലറ്റിന്റെ ഹെല്‍മെറ്റില്‍ ഘടിപ്പിച്ച ക്യാമറയിലൂടെ പൈലറ്റ് കാണുന്നത് തന്നെ ലക്ഷ്യമാക്കി ആക്രമിക്കാനും സാധിക്കും.
ജെഎഫ് 17 പോര്‍വിമാനങ്ങളുടെ പ്രധാന ഉപയോക്താവ് നിലവില്‍ പാക്കിസ്ഥാനാണ്. മറ്റു രാജ്യങ്ങള്‍ക്ക് കൂടി ഈ പോര്‍വിമാനങ്ങള്‍ വില്ക്കാന് ചൈനക്കും പാക്കിസ്ഥാനും പദ്ധതിയുണ്ട്. പുതിയ ജെഎഫ് 17 പോര്‍വിമാനങ്ങള്‍ എഫ് 16 പോര്‍വിമാനങ്ങള്‍ക്ക് തുല്യം നില്‍ക്കുന്നവയാണെന്നാണ് ഇവരുടെ അവകാശവാദം.
കയറ്റുമതി സാധ്യതകള്‍ മുന്‍ നിര്‍ത്തിയാണ് ജെഎഫ് 17 ബ്ലോക്ക് 3 പോര്‍വിമാനങ്ങള്‍ പ്രധാനമായും നിര്‍മിക്കുന്നത്. നിരവധി രാജ്യങ്ങള്‍ ജെഎഫ് 17 പോര്‍വിമാനങ്ങളില്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ചൈന അറിയിച്ചിട്ടുണ്ട്. ആധുനികവും ചിലവ് കുറഞ്ഞതുമായ പോര്‍വിമാനമെന്ന രീതിയിലാണ് ജെഎഫ് 17 ശ്രദ്ധിക്കപ്പെടുന്നതെന്നാണ് ചൈനീസ് പാക്ക് അവകാശവാദം. പുതിയ പോര്‍വിമാനങ്ങള്‍ വാങ്ങാനുള്ള മലേഷ്യയുടെ ശ്രമങ്ങളില്‍ ഇന്ത്യയുടെ തേജസിനും ദക്ഷിണകൊറിയയുടെ എഫ്എ 50ക്കും പ്രധാന എതിരാളിയാണ് ജെഎഫ് 17.
Discussion about this post