ന്യൂഡൽഹി : ഭാരതത്തിന്റെ വ്യോമപ്രതിരോധ മേഖലയ്ക്ക് മുതൽക്കൂട്ടാവാൻ റഷ്യയിൽ നിന്നും ഇഗ്ല എസ് എത്തുന്നു. ഇന്ത്യ 2023 ലാണ് റഷ്യയിൽ നിന്നും ഈ ഹ്രസ്വദൂര വ്യോമ പ്രതിരോധ സംവിധാനം ഓർഡർ ചെയ്തിരുന്നത്. മെയ് മാസം അവസാനത്തോടെ അവ ഇന്ത്യയിൽ എത്തിച്ചേരുമെന്നാണ് റഷ്യയിൽ നിന്നും ലഭിക്കുന്ന വിവരം. 260 കോടി രൂപയുടെ കരാർ വഴി 48 ഇഗ്ല എസ് ലോഞ്ചറുകൾ, 100 മിസൈലുകൾ, 48 നൈറ്റ് വ്യൂ സിസ്റ്റങ്ങൾ, ഒരു മിസൈൽ പരീക്ഷണ കേന്ദ്രം എന്നിവ അടങ്ങിയ പ്രതിരോധ സംവിധാനങ്ങളാണ് റഷ്യയിൽ നിന്നും ഇന്ത്യയിലേക്ക് എത്തുന്നത്.
റഷ്യൻ കമ്പനിയായ റോസോബോറോനെക്സ്പോർട്ട് ഈ ഹ്രസ്വദൂര വ്യോമ പ്രതിരോധ സംവിധാനത്തിന്റെ സാങ്കേതികവിദ്യയും ഇന്ത്യയ്ക്ക് കൈമാറുന്നതായിരിക്കും. തുടർന്ന് അദാനി ഡിഫൻസ് സിസ്റ്റംസ് ആൻഡ് ടെക്നോളജീസ് ലിമിറ്റഡ് വഴി ആയിരിക്കും ഇഗ്ല എസ് അസംബ്ലിംഗ് നടക്കുന്നത്. മിസൈലിന് ആവശ്യമായ ലോഞ്ചർ ബാറ്ററി തുടങ്ങിയ ചില ഭാഗങ്ങൾ അദാനി ഡിഫൻസ് കമ്പനി ഇന്ത്യയിൽ തന്നെ നേരിട്ട് നിർമ്മിച്ച് കൂട്ടിച്ചേർക്കുകയും ചെയ്യുന്നതാണ്.
കൈകൊണ്ട് പ്രവർത്തിപ്പിക്കാൻ കഴിയുന്ന വ്യോമ പ്രതിരോധ സംവിധാനമാണ് ഇഗ്ല എസ്. സാധാരണഗതിയിൽ തോളിൽ വച്ച് കൈകൾ കൊണ്ടാണ് ഇവ പ്രവർത്തിപ്പിക്കുക. ഹ്രസ്വദൂര വ്യോമ പ്രതിരോധ സംവിധാനമായ ഇവ താഴ്ന്ന് പറക്കുന്ന വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, യുഎവികൾ എന്നിവ ആക്രമിച്ചു വീഴ്ത്തുന്ന രീതിയിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. കൂടാതെ ക്രൂയിസ് മിസൈലുകൾ പോലുള്ളവ കണ്ടെത്താനും ഇവയ്ക്ക് കഴിയുന്നതാണ്. കൈകൾ ഉപയോഗിച്ച് പ്രവർത്തിപ്പിച്ചുകൊണ്ട് 500 മീറ്റർ മുതൽ 6 കിലോമീറ്റർ വരെ ദൂരത്തേക്ക് തൊടുക്കാൻ കഴിയും എന്നുള്ളതാണ് ഇഗ്ല എസിന്റെ പ്രത്യേകത. 5 സെക്കൻഡിന് ഉള്ളിൽ പ്രവർത്തനക്ഷമമാകുന്ന ഇഗ്ല എസ് 10 മുതൽ 3500 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിലും പ്രവർത്തിപ്പിക്കാൻ കഴിയും.









Discussion about this post