ന്യൂഡൽഹി : സമയോചിതമായ ഇടപെടൽ മൂലം ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യത്തിലാണ് ഇന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡ്. ഒരു വിദേശ കപ്പലിലെ ബ്രിട്ടീഷ് നാവികനാണ് ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ഇടപെടൽ മൂലം ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ദുബായിൽ നിന്നും ബ്രൂണെയിലെ മുവാര തുറമുഖത്തേക്ക് സഞ്ചരിക്കുകയായിരുന്ന അൻവിൽ പോയിന്റ് എന്ന കപ്പലിലെ നാവികനാണ് ഇന്ത്യൻ കോസ്റ്റ് ഗാർഡ് രക്ഷയായത്.
നടുക്കടലിൽ വച്ച് നാവികൻ ഗുരുതരാവസ്ഥയിൽ ആയതോടെ ബ്രിട്ടനിലെ മാരിടൈം റെസ്ക്യൂ കോർഡിനേഷൻ സെന്റർ മുംബൈ എം ആർ സി സിക്ക് ഒരു അടിയന്തര സന്ദേശം അയക്കുകയായിരുന്നു. ബ്രൂണെയിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്ന അൻവിൽ പോയിന്റ് എന്ന കപ്പലിലെ നാവികനായ കെന്നത്ത് ഹില്ലർ ഗുരുതരാവസ്ഥയിൽ ആണെന്നും അടിയന്തര വൈദ്യസഹായം ആവശ്യമാണെന്നുമായിരുന്നു സന്ദേശം.
സന്ദേശം ലഭിച്ച ഉടൻതന്നെ മുംബൈ എം ആർ സി സി കപ്പൽ ലൊക്കേറ്റ് ചെയ്യുകയും കൊച്ചിയിലെ ഏകോപന കേന്ദ്രത്തോട് മെഡിക്കൽ എമർജൻസിക്ക് തയ്യാറാകാനായി നിർദ്ദേശം നൽകുകയും ചെയ്തു. നാവികന്റെ രോഗാവസ്ഥകൾ ചോദിച്ചറിഞ്ഞ ശേഷം മരുന്നുകൾ ക്രമീകരിക്കാനും പ്രഥമ ശുശ്രൂഷ നൽകാനുമുള്ള സൗകര്യങ്ങളും ഒരുക്കാനായും കൊച്ചിയിലെ കോസ്റ്റ് ഗാർഡ് കേന്ദ്രത്തോട് മുംബൈ എം ആർ സി സി നിർദേശിച്ചു. തുടർന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ കപ്പലായ സി 410 കപ്പൽ ഉടൻ തന്നെ ബ്രിട്ടീഷ് കപ്പലിന്റെ അടുത്തേക്ക് യാത്രയായി . സമയം വൈകാതെ ബ്രിട്ടീഷ് കപ്പലിന്റെ അടുത്തെത്തിയ സി 410 ഉടൻതന്നെ രോഗിയുമായി കൊച്ചി തുറമുഖത്തേക്ക് തിരിച്ചു. നിലവിൽ ബ്രിട്ടീഷ് നാവികൻ കൊച്ചിയിലെ ആശുപത്രിയിൽ സുഖം പ്രാപിച്ചു വരികയാണ്.
Discussion about this post