ഭാരതത്തിന്റെ ദേവഭൂമി, ദൈവങ്ങളുടെ നാട് എന്നെല്ലാം അറിയപ്പെടുന്ന സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. ഉത്തരാഖണ്ഡിലെ നാല് പ്രധാന ക്ഷേത്രങ്ങളിലേക്ക് ഹൈന്ദവ വിശ്വാസികൾ വർഷംതോറും നടത്തിവരുന്ന തീർത്ഥയാത്രയാണ് ചാർ ധാം യാത്ര. ഹിമാലയത്തിൽ സ്ഥിതി ചെയ്യുന്ന ഈ നാല് ക്ഷേത്രങ്ങളിലേക്കും എത്തിപ്പെടുക എന്നുള്ളത് എറെ കഠിനമായ കാര്യമാണ്. എന്നാൽ ശുഭകരമായി ഈ ക്ഷേത്രങ്ങളിൽ എത്തി ദർശനം നടത്താൻ സാധിച്ചാൽ അത് ഹൈന്ദവ വിശ്വാസ പ്രകാരം ജീവിതത്തിൽ ലഭിക്കുന്ന വലിയ പുണ്യമായി കരുതപ്പെടുന്നു.
ഒരു ഹിന്ദുവിനെ സംബന്ധിച്ചിടത്തോളം ജീവിതത്തിലെ എല്ലാ പാപങ്ങളും ഇല്ലാതാക്കി മോക്ഷത്തിന്റെ കവാടങ്ങൾ തുറക്കുന്ന തീർത്ഥയാത്രയായാണ് ചാർ ധാം തീർത്ഥാടനം അറിയപ്പെടുന്നത്. സാക്ഷാൽ ആദിശങ്കരാചാര്യരാണ് ചാർ ധാം തീർത്ഥാടനത്തിന് തുടക്കം കുറിക്കുകയും ഈ തീർത്ഥയാത്രയുടെ പ്രാധാന്യം ജനങ്ങളിലേക്ക് പകരുകയും ചെയ്തത് . ഹൈന്ദവ സംസ്കാരത്തിൽ ഏറെ പ്രാധാന്യമുള്ളതും ഹിമാലയത്തിന്റെ മടിത്തട്ടിൽ സ്ഥിതിചെയ്യുന്നതുമായ നാല് ക്ഷേത്രങ്ങളാണ് ചാർ ധാം തീർത്ഥാടനത്തിൽ ഉൾപ്പെടുന്നത്. യമുനോത്രി, ഗംഗോത്രി, കേദാർനാഥ്, ബദരീനാഥ് എന്നിവയാണ് ഈ നാല് വിശുദ്ധ ക്ഷേത്രങ്ങൾ. അദ്വൈതവേദാന്തത്തെ ഹൈന്ദവ ജനതയ്ക്ക് പുനരുജ്ജീവിപ്പിച്ചു നൽകിയ ആദി ശങ്കരാചാര്യർ ചാർ ധാം ദർശനത്തിനു ശേഷമാണ് മോക്ഷം പ്രാപിച്ചത്. ചാർ ധാം തീർത്ഥാടനത്തിന് എത്തുന്നവർ ഈ വിശുദ്ധ ക്ഷേത്രങ്ങളോടൊപ്പം തന്നെ സമീപത്തുള്ള ശങ്കരാചാര്യ സമാധിയും സന്ദർശിക്കാറുണ്ട്.
ഹിമാലയൻ സാനുക്കളിൽ സ്ഥിതിചെയ്യുന്ന ഈ നാലു വിശുദ്ധ ക്ഷേത്രങ്ങൾ വർഷത്തിൽ ആറുമാസം മാത്രമാണ് തുറക്കുന്നത്. മഞ്ഞുകാലത്തിന്റെ ആരംഭത്തോടെ ഒക്ടോബറിലോ നവംബറിലോ ആയി ക്ഷേത്രങ്ങൾ അടയ്ക്കുകയും മഞ്ഞുവീഴ്ച കഴിഞ്ഞ് വേനൽ ആരംഭിക്കുമ്പോൾ ഏപ്രിലിലോ മെയിലോ ആയി ക്ഷേത്രങ്ങൾ വീണ്ടും തുറക്കുകയും ചെയ്യുകയാണ് പതിവ്. ശൈത്യ കാലത്തിനു ശേഷം ക്ഷേത്രങ്ങൾ തുറക്കുന്ന സമയത്താണ് ചാർ ധാം തീർത്ഥാടനത്തിന് ആരംഭമാകുന്നത്. ഈ തീർത്ഥയാത്ര ഘടികാരദിശയിൽ പൂർത്തിയാക്കണമെന്നാണ് വിശ്വാസം. ആദ്യം യമുനോത്രി, പിന്നീട് ഗംഗോത്രി, മൂന്നാമതായി കേദാർനാഥ്, ഏറ്റവും ഒടുവിൽ ബദരീനാഥ് എന്നിങ്ങനെയാണ് തീർത്ഥയാത്ര പൂർത്തിയാക്കേണ്ടത്. ഓരോ വർഷവും ദശലക്ഷക്കണക്കിന് ഹൈന്ദവ വിശ്വാസികൾ ആണ് ചാർ ധാം തീർത്ഥയാത്രയ്ക്കായി എത്താറുള്ളത്. 2023ല്‍ 18 ലക്ഷത്തിലേറെ പേരാണ് ഈ വിശുദ്ധ ക്ഷേത്രങ്ങളിലേക്കുള്ള തീർത്ഥാടനം നടത്തിയത്.
ഉത്തരാഖണ്ഡ് സംസ്ഥാനത്തെ ഉത്തരകാശി ജില്ലയിൽ യമുനാ നദിയുടെ ഉത്ഭവ സ്ഥാനത്തിന് സമീപമുള്ള ഇടുങ്ങിയ മലയിടുക്കിലാണ് യമുനോത്രി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. യമുനാ ദേവിയെ തന്നെയാണ് ഇവിടെ ആരാധിക്കുന്നത്. ഹൈന്ദവ വിശ്വാസപ്രകാരം ഏറ്റവും പവിത്രമായ നദിയായി കരുതപ്പെടുന്ന ഗംഗായ്ക്കായി സമർപ്പിക്കപ്പെട്ടിരിക്കുന്ന ആരാധനാലയമാണ് ഗംഗോത്രി ക്ഷേത്രം. ഉത്തരകാശി ജില്ലയുടെ പ്രധാന ആകർഷണം തന്നെ ഗംഗോത്രിയാണ്. യമുന ദേവിയ്ക്കും ഗംഗാദേവിയ്ക്കും ആരാധനകൾ അർപ്പിച്ച ശേഷം ഉത്തരകാശി ജില്ലയിൽ നിന്നും രുദ്രപ്രയാഗ് ജില്ലയിലേക്ക് ആണ് പോകേണ്ടത്.
രുദ്രപ്രയാഗിലാണ് ഭഗവാൻ ശിവന്റെ പവിത്രമായ ആരാധനാ കേന്ദ്രമായ കേദാർനാഥ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഗർവാൾ ഹിമാലയത്തിലെ മന്ദാകിനി നദിയുടെ ഉത്ഭവസ്ഥാനമായ ചോരാബാരി ഹിമാനിക്ക് സമീപമായി 3580 മീറ്റർ ഉയരത്തിൽ ആയാണ് കേദാർനാഥ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഭാരതത്തിലെ 12 ജ്യോതിർലിംഗങ്ങളിൽ ഒന്നു കൂടിയാണ് കേദാർനാഥ്. സദാശിവ രൂപത്തിലാണ് കേദാർനാഥിൽ ശിവ ഭഗവാൻ ആരാധിക്കപ്പെടുന്നത്.
കേദാർനാഥിലെത്തി പരമേശ്വരനെ വണങ്ങിയശേഷം ബദരീനാരായണനെ കാണാനായി ബദരീനാഥ ക്ഷേത്രത്തിലേക്ക് പോകാം. ചാമോലി ജില്ലയിലാണ് ബദരീനാഥ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഗർവാൾ ഹിമാലയത്തിൽ അളകനന്ദ നദിയുടെ തീരത്ത് നര-നാരായണ പർവ്വതനിരകൾക്കിടയിൽ ആയാണ് ബദരീനാഥ് ക്ഷേത്രമുള്ളത്. ശ്രീ ശങ്കരാചാര്യരാൽ സ്ഥാപിക്കപ്പെട്ട ഈ ക്ഷേത്രത്തിൽ ബദരീനാരായണനായ മഹാവിഷ്ണുവിനെയാണ് ആരാധിക്കുന്നത്. ബദരീനാഥ് ക്ഷേത്രത്തിലെ ദർശനത്തോടുകൂടി ചാർ ധാം തീർത്ഥാടനം പരിസമാപ്തമാകുന്നതാണ്. ഹിമാലയത്തിലെ ദുർഘടമേഖലകളിൽ സ്ഥിതി ചെയ്യുന്നതിനാൽ ചാർ ധാം യാത്ര ഏറെ കഠിനമാണെങ്കിലും എല്ലാ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും സഹിച്ച് ഈ നാല് വിശുദ്ധ ക്ഷേത്രങ്ങളിലെയും തീർത്ഥാടനം പൂർത്തിയാക്കിയാൽ ജീവിതത്തിലെ എല്ലാ പാപങ്ങളും പരിഹരിക്കപ്പെട്ട് മോക്ഷ പ്രാപ്തി ലഭിക്കും എന്നാണ് ഹൈന്ദവ വിശ്വാസം.
Discussion about this post