സോഷ്യല്‍ മീഡിയയില്‍ സിപിഎം നേതാവും സ്ഥാനാര്‍ത്ഥിയുമായ എംബി രാജേഷിനെ വിമര്‍ശിച്ച ഒരു ട്രോള്‍ ഷെയര്‍ ചെയ്തതിന്റെ പേരില്‍ മണ്ണാര്‍ക്കാട്ടുകാരനായ ഒരു യുവാവിനെതിരെ പോലിസ് കേസ്. 153 എ വകുപ്പ് പ്രകാരമാണ് കേസ്. എംബി രാജേഷ് വടിവാളുമായി നില്‍ക്കുന്ന ഫോട്ടോഷോപ്പ് ചിത്രം പ്രചരിപ്പിച്ചുവെന്ന പരാതിയിലാണ് നടപടി.
അറസ്റ്റിനെതിരെ ബിജെപി രംഗത്തെത്തി. ആധുനിക കാലത്തെ കാര്‍ട്ടൂണുകളാണ് ട്രോളുകള്‍ . നര്‍മ്മത്തോടെ അവതരിപ്പിക്കുന്ന വിമര്‍ശന ട്രോളുകളോട് എംബി രാജേഷ് എംപി കാണിച്ച അസഹിഷ്ണുത ഞെട്ടിപ്പിക്കുന്നതാണെന്ന് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി വാര്യര്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
എംബി രാജേഷ് ഇത്രമേല്‍ തരം താഴരുതായിരുന്നു. മമതാ ബാനര്‍ജിയെ വിമര്‍ശിച്ച് കാര്‍ട്ടൂണ്‍ വരച്ചയാളെ അറസ്റ്റ് ചെയ്ത നടപടിക്ക് തുല്യമാണിത്. വടിവാളുമായി രാജേഷിന്റെ പര്യടനത്തില്‍ പങ്കെടുത്തയാളെ ലജ്ജയില്ലാതെ സംരക്ഷിച്ച പാലക്കാട്ടെ പോലീസ് അതിനെ സരസമായി വിമര്‍ശിച്ചയാളെ ജാമ്യമില്ല വകുപ്പ് പ്രകാരം ജയിലിലാക്കാന്‍ നോക്കുന്നു എന്നത് അത്യന്തം പ്രതിഷേധാര്‍ഹമാണെന്നും സന്ദീപ് ജി വാര്യര്‍ ആരോപിച്ചു.
Discussion about this post