ഹിന്ദു മതാചാര്യനും കുളത്തൂര്‍ അദൈത്വാശ്രമം മഠാധിപതിയുമായ സ്വാമി ചിദാനന്ദപുരിക്കെതിരെ തെറ്റായ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് സിപിഎം നേതാവ് പികെ പ്രേംനാഥിനെതിരെ ബിജെപി പരാതി നല്കി. കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷനാണ് ബിജെപി പരാതി നല്‍കിയിട്ടുള്ളത്. 12-ാം തീയതി കോഴിക്കോട് ചീക്കിലോട്ട് നടന്ന എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുത്തു സംസാരിക്കുമ്പോള്‍ ആണ് പ്രേംനാഥ് ചിദാനന്ദപുരിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതെന്ന് പരാതിയില്‍ ആരോപിക്കുന്നു.
ചിദാനന്ദപുരി സന്യാസിയല്ലെന്നും കാഷായ വേഷം ധരിച്ച് വിശ്വാസികളെ കബളിപ്പിക്കുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആരോപിച്ചിരുന്നു. ശബരിമല കര്‍മ്മസമിതി നടത്തിയ നാമജപപ്രതിഷേധത്തില്‍ ചിദാനന്ദപുരി പങ്കെടുത്തിന് പിന്നാലെയായിരുന്നു കോടിയേരിയുടെ പ്രസ്താവന.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ഒരു സീറ്റുപോലും ലഭിക്കാത്ത സാഹചര്യമുണ്ടാകണമെന്ന് സ്വാമി ചിദാനന്ദപുരി തുറന്നടിച്ചിരുന്നു. ഇതിലുള്ള അസഹിഷ്ണുതയാണ് കോടിയേരിയേയും മുഖ്യമന്ത്രി പിണറായി വിജയനെയും ഹിന്ദു സമൂഹത്തെ മുഴുവന്‍ അപമാനിക്കുന്ന അവസ്ഥയിലെത്തിച്ചതെന്ന് വിശ്വാസികള്‍ പറയുന്നു. വിശ്വാസികളെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് ശബരിമല കര്‍മസമിതി സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യവെയായിരുന്നു ഈ പ്രസ്താവന.
Discussion about this post