പ്രിയങ്ക ഗാന്ധിയുടെ വരവ് യു.പിയിൽ ഒരു ചലനവുമുണ്ടാക്കില്ലെന്ന് കേന്ദ്ര മന്ത്രി മനേകാ ഗാന്ധി. മോദി സർക്കാരിന്റെ പ്രവർത്തന മികവിനാണ് ജനം വോട്ടു ചെയ്യുക. ബിജെപിക്ക് തനിച്ച് ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടുമെന്നും മേനക ഗാന്ധി സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തി പറഞ്ഞു. മേനക മൽസരിക്കുന്ന യുപിയിലെ സുൽത്താൻപുരിൽ നാളെയാണ് വോട്ടെടുപ്പ്.
2014ൽ വിജയിച്ച പിലിഭിത്ത് സീറ്റ് മകൻ വരുൺ ഗാന്ധിക്ക് നൽകി വരുണിന്റെ മണ്ഡലമായ സുൽത്താൻപുരിൽ നിന്നാണ് മനേകാ ഗാന്ധി ഇത്തവണ ജനവിധി തേടുന്നത്. സഞ്ജയ് ഗാന്ധിക്കൊപ്പം പ്രചാരണത്തിനെത്തിയ കാലം മുതൽ സുൽത്താൻപുരിന് മേനക മരുമകളാണ്. ഇപ്പോൾ ഇളംതലമുറയ്ക്ക് അമ്മയുടെ സ്ഥാനത്തും. അതു കൊണ്ടു തന്നെ പ്രചാരണത്തിന് പതിവ് ചിട്ടവട്ടങ്ങൾക്കപ്പുറം വ്യക്തിപരമായ സ്നേഹോഷ്മളതയുടെ ഇഴയടുപ്പമുണ്ട്. കിഴക്കൻ യു.പിയിൽ കോൺഗ്രസിന്റെ പട നയിക്കാൻ പ്രിയങ്ക ഗാന്ധിയെത്തിയത് ഒരു സ്വാധീനവുമുണ്ടാക്കില്ലെന്ന് മനേകാഗാന്ധി പറയുന്നു.
പാരമ്പര്യത്തിനല്ല പ്രവർത്തന മികവിലാണ് കാര്യം. ഭരണ നേട്ടങ്ങളും ഇനി ചെയ്യാനിരിക്കുന്ന പ്രവർത്തനങ്ങളും പറഞ്ഞാണ് ബിജെപി വോട്ടു തേടുന്നതെന്നും അവര് പറഞ്ഞു.
Discussion about this post