കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ ഉണ്ണിയപ്പം ഉദയാസ്തമന പൂജക്കു ഭക്തര്‍ നല്കിയ തുക തട്ടിയെടുത്ത കേസില്‍ മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ കുറ്റക്കാരനെന്ന് വിജിലന്‍സ് കോടതി. കൊല്ലം കൗസ്തുഭത്തില് കെ. പി. ഉണ്ണികൃഷ്ണനാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
വിജിലന്‍സ് കോടതി ഇയാള്‍ക്കെതിരെ ഒരു വര്‍ഷം തടവും 10000 രൂപ പിഴയടയ്ക്കാനും ഉത്തരവിട്ടിട്ടുണ്ട്. 2008 -09 വര്‍ഷങ്ങളില്‍ ഒരു ദിവസത്തെ ഉദയാസ്തമന പൂജക്ക് 35,000 രൂപയാണ് ക്ഷേത്രത്തില്‍ ഈടാക്കിയിരുന്നത്. ഇത്തരത്തില്‍ ഈ വഴിപാട് കഴിച്ച ഇരുപത്തേഴോളം പേര് വഴിപാടിന് എഴുതിയ തുകയായ 9.45 ലക്ഷം രൂപ ഉണ്ണികൃഷ്ണന് തട്ടിയെടുത്തു എന്നാണ് കേസ്. കുലശേഖരനല്ലൂര്‍ സബ് ഗ്രൂപ്പ് ഓഫീസില്‍ ഉണ്ണികൃഷ്ണന്
അഡ്മിനിസ്ട്രേറ്റ് ഓഫീസറായിരിക്കുമ്പോഴാണ് ഈ ക്രമക്കേട് നടത്തിയത്. തുടര്‍ന്ന് നടത്തിയ വിജിലന്‍സ് അന്വേഷണത്തില്‍ വഴിപാട് തുക ഇടാക്കുന്നുണ്ടെങ്കിലും അക്കൗണ്ടില്‍ നിക്ഷേപിക്കില്ലെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പുതിയ അക്കൗണ്ടന്റ് വന്ന് ഇയാള്‍ക്ക് സ്ഥാനമാറ്റം ഉണ്ടായെങ്കിലും വഴിപാട് തുക കയറിയിരുന്നില്ല.
വിജിലന്‍സ് ക്രമക്കേട് കണ്ടെത്തിയപ്പോള്‍ ഭക്തര്‍ വഴിപാടിനായി അടച്ച തുകയും പതിനെട്ട് ശതമാനം പലിശയും പ്രതിയില്‍ നിന്നും ദേവസ്വം ബോര്‍ഡ് ഈടാക്കിയിരുന്നു. വിജിലെന്‍സ് സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഉദ്യോഗസ്ഥരാണ് കേസില്‍ അന്വേഷണം നടത്തിയത്.
Discussion about this post