ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും ഭീകരമായ തോല്‍വിയേതെന്ന് ചോദിച്ചാല്‍ പറയാന്‍ ഒരൊറ്റയെണ്ണമേയുള്ളൂ. അത് അമേഠിയില്‍ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പരാജയമാണ്. 2009ല്‍ ഇതേ രാഹുല്‍ ഗാന്ധി ബി എസ് പിയുടെ എതിര്‍സ്ഥാനാര്‍ത്ഥിയേക്കാള്‍ മൂന്നുലക്ഷത്തി എഴുപതിനായിരം വോട്ടുകള്‍ക്കും 2014ല്‍ തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്ന സ്മൃതി ഇറാനിയേക്കാള്‍ ലക്ഷത്തില്‍പ്പരം വോട്ടിനുമാണ് വിജയിച്ചത്.
സഞ്ജയ് ഗാന്ധിയുടേയും രാജീവ് ഗാന്ധിയുടേയും സോണിയാ ഗാന്ധിയേയുമൊക്കെ പലതവണ തിരഞ്ഞെടുത്ത അമേഠി ലോകസഭാ മണ്ഡലത്തിലെ പാവപ്പെട്ട ജനത സ്വാതന്ത്ര്യത്തിനു ശേഷം ഇന്നുവരെ നടന്ന തിരഞ്ഞെടുപ്പുകളില്‍ പതിമൂന്ന് പ്രാവശ്യമാണ് കോണ്‍ഗ്രസ്സിനെ തിരഞ്ഞെടുത്തത്. അതില്‍ ഒന്‍പത് പ്രാവശ്യവും നെഹ്രു കുടുംബത്തിലുളവരേയും.
അമേഠി ഒരു സൂചകമാണ്. പ്രധാനമന്ത്രിമാരും സൂപ്പര്‍ പ്രധാനമന്ത്രിമാരും ലോകത്തെ ഏറ്റവും സമ്പന്ന കുടുംബക്കാരുമൊക്കെ മാറിമാറി ഭരിച്ചനുഭവിച്ചിട്ടും അവിടത്തെ ജനങ്ങള്‍ക്ക് പ്രാഥമിക സൌകര്യങ്ങള്‍ പോലുമൊരുക്കാന്‍ ഇന്നുവരെ ഒരൊറ്റയാള്‍ക്കും കഴിഞ്ഞിട്ടില്ല. ഒന്നോ രണ്ടോ ചെറിയ സ്‌കൂളുകളും കോളേജുകളുമൊഴിച്ച് പറയത്തക്ക ഒരു ഗവണ്മെന്റ് സ്ഥാപനങ്ങള്‍ പോലുമില്ല.
സ്വന്തം മണ്ഡലത്തിലെ ജനങ്ങള്‍ക്ക് വേണ്ടി വോട്ടുകിട്ടാന്‍ മാത്രമായെങ്കിലും ചിലര്‍ നടത്തുന്ന വികസനത്തിന്റേയും കൊണ്ടുവന്ന സ്ഥാപനങ്ങളുടേയും പകുതിപോലും അമേഠിയില്‍ ഈ പ്രധാനമന്ത്രിമാരും സൂപ്പര്‍ പ്രധാനമന്ത്രിമാരും ശതകോടീശ്വരരുമായ നെഹ്രു കുടൂംബം കൊണ്ടുവന്നിട്ടില്ല. അവര്‍ അങ്ങ് ജയിയ്ക്കുകയായിരുന്നു. ഞങ്ങളെ ജയിപ്പിക്കാന്‍ അവസരം തരുന്നത് നിങ്ങള്‍ക്ക് ഞങ്ങള്‍ തരുന്ന ഔദാര്യമെന്ന നിലയിലുള്ള പ്രവൃത്തികളായിരുന്നു നെഹ്രു കുടുംബ കോര്‍പ്പറേറ്റ് അമേഠിയോട് ചെയ്തുകൊണ്ടിരുന്നത്.
അമേഠി ഒരു സൂചകമാണ്. 2014ല്‍ സ്മൃതി ഇറാനി അമേഠിയില്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരേ തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുമ്പോള്‍ അവിടെ വിജയിയ്ക്കും എന്ന് ആരും കരുതിയിരുന്നതല്ല. അവര്‍ക്കതിന്റെ ആവശ്യവും ഉണ്ടായിരുന്നില്ല. രാജ്യസഭാ എം പി സ്ഥാനവും കേന്ദ്രമന്ത്രിസ്ഥാനവുമൊക്കെ രാഹുലിനെതിരേ മത്സരിച്ചില്ലെങ്കിലും ഒരുപക്ഷേ സ്മൃതി ഇറാനിയ്ക്ക് ലഭിയ്ക്കുമായിരുന്നു. മത്സരിച്ചു കഴിഞ്ഞ് ഒരു ലക്ഷത്തിലേറേ വോട്ടുകള്‍ക്ക് പരാജയപ്പെട്ടപ്പോള്‍ ഏതൊരു തോറ്റ എം പീയേയും പോലെ അവരാ മണ്ഡലം ഉപേക്ഷിച്ചില്ല എന്നിടത്താണ് ആ സൂചനയുടെ തുടക്കം.
ഒരു ശരാശരി സാധാരണക്കാരനായ മനുഷ്യനു രാഷ്ട്രീയക്കാരെക്കൊണ്ട് ആവശ്യമെന്താണ്? ശരിയാണ് വികസനം വരണം, വലിയ പദ്ധതികളേയും റോഡുകളേയും പാലങ്ങളേയും പറ്റിയൊക്കെ സംസാരിക്കണം…പക്ഷേ അതിലുപരിയായി ഏതൊരു മനുഷ്യനും അവനവന്റെ സാധാരണ, ദൈനം ദിന പ്രശ്‌നങ്ങള്‍ക്കായി ചെല്ലാനാകുന്ന ആദ്യത്തെയിടമാവണം ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍/പ്രവര്‍ത്തക. അതിപ്പൊ കേരളത്തിലെ ശരാശരി രാഷ്ട്രീയ പ്രവര്‍ത്തകന്റെ സ്ഥിരം ജോലിയായ മദ്ധ്യസ്ഥം പറയുന്നത് മുതല്‍ ഒരു ഗവണ്മെന്റ് സര്‍ട്ടിഫിക്കറ്റോ സേവനമോ എങ്ങനെയാണ് ലഭിയ്ക്കുക എന്ന വഴികള്‍ പറഞ്ഞുകൊടുക്കുന്നതുവരെയുള്ള വളരെ ലളിതമായ കാര്യങ്ങളാവാം. അതുമുതല്‍ സ്വന്തം ജീവിതസാഹചര്യങ്ങളില്‍ ധനാത്മകമായ മാറ്റങ്ങള്‍ വരുത്താനുള്ള റോഡും പാലവും സ്‌കൂളും കോളേജും ഫാക്ടറിയും ഒക്കെയായ വികസനത്തിലധിഷ്ഠിതമായ ഇടപെടലുകളില്‍ ഒരു രാസത്വരകം പോലെ നേതൃസ്ഥാനത്ത് നില്‍ക്കുന്നത് വരെ ഒരു ഉദ്യോഗസ്ഥനെപ്പോലെ രാഷ്ട്രീയക്കാരന്റെ ‘ജോലികള്‍’ തന്നെയാണ്.
അതുകൊണ്ട് രാഷ്ട്രീയപ്രവര്‍ത്തകര്‍ ജനങ്ങള്‍ക്ക് എപ്പോഴും സമീപിക്കാവുന്നയൊരാളായിരിയ്ക്കണം. അവരിലൊരുവനോ ഒരുവളൊ ആയിരിയ്ക്കണം. മണ്ഡലത്തിലെ ജനകീയപ്രശ്‌നങ്ങളേറ്റെടുക്കണം. തങ്ങള്‍ക്ക് കഴിയാവുന്ന നിലയില്‍ തങ്ങളുടെ പ്രവര്‍ത്തനമണ്ഡലത്തില്‍ ഈ ജനതയ്ക്ക് വേണ്ടി മറ്റുള്ളവര്‍ക്ക് ദോഷമാകാതെ ലോബിയിങ്ങ് പോലും ചെയ്യണം. ഒരൊട്ടകത്തിനെ മലപ്പുറത്തേക്കുമെന്ന ഉറക്കപ്പിച്ച് തമാശ വെറും തമാശയല്ലെന്ന് സാരം.
സ്മൃതി ഇറാനി അതാണ് ചെയ്തത്. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടും കഴിഞ്ഞ അഞ്ചുകൊല്ലം അവര്‍ അമേഠിയിലുണ്ടായിരുന്നു. അവരിലൊരാളാ!യി ജനകീയപ്രശ്‌നങ്ങളേറ്റെടുത്തു. എം പിയായ രാഹുല്‍ പതിനേഴ് പ്രാവശ്യം സ്വന്തം മണ്ഡലത്തിലെത്തിയപ്പോള്‍ തോറ്റ ‘എം പി’ ആയ സ്മൃതി ഇരുപത്തിയൊന്ന് പ്രാവശ്യവുമാണ് അമേഠി സന്ദര്‍ശിച്ചതെന്ന് പറയുമ്പോള്‍ അവരുടെ അഞ്ചുകൊല്ലത്തെ ചിട്ടയായ പ്രവര്‍ത്തനങ്ങളുടെ ശക്തി മനസ്സിലാകും. നൂറ്റിയാറു പരിപാടികളില്‍ അവര്‍ ആ മണ്ഡലത്തില്‍ പങ്കെടുത്തു.
അമേഠി ഒരു സൂചകം തന്നെയാണ്.
രാജ്യസഭാ എം പി ആയി കേന്ദ്രമന്ത്രിയായപ്പോള്‍ അമേഠിയിലെ ചെറിയൊരു സ്‌കൂളിന്റെ പ്രശ്‌നങ്ങളില്‍ നേരിട്ടിടപെട്ട് കാര്യങ്ങള്‍ നടത്തിക്കൊടുക്കുന്നത് മുതല്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയായി. അമേഠിയിലെ ഓരോ പ്രാദേശിക ബിജെപി കാര്യകര്‍ത്താക്കളുമായും പേരെടുത്ത് വിളിക്കാവുന്ന ബന്ധം അവര്‍ സൂക്ഷിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഓരോ മൂന്നുമാസവും കൂടുമ്പോള്‍ അമേഠിയിലെത്തി.
നെഹ്രു കുടുംബത്തിലെ മാഡം സാഹിബല്ല സാധാരണക്കാരുടെ സ്മൃതി ദീദിയായി. ബിജെപി പ്രവര്‍ത്തകരുടെ സജീവമായ ഒരു വോളണ്ടിയര്‍ നെറ്റ്‌വര്‍ക്ക് ഉണ്ടാക്കിക്കൊണ്ട് പ്രാദേശിക വിഷയങ്ങളില്‍ ഇടപെട്ടു. ഓരോരുത്തരുമായും വ്യക്തിബന്ധങ്ങള്‍ സൂക്ഷിച്ചു. കേന്ദ്ര പദ്ധതികള്‍ മണ്ഡലത്തിലെത്തിച്ചു.
എന്തിനധികം പറയുന്നു ട്വിറ്ററില്‍ മാത്രം 202 ട്വീറ്റുകളില്‍ അമേഠി എന്ന വാക്കുപയോഗിച്ചിട്ടുണ്ട് സ്മൃതി ഇറാനി. രാഹുല്‍ അമേഠിയ്ക്ക് വേണ്ടി വെറും 26 തവണയാണ് ട്വിറ്റര്‍ പോലും ഉപയോഗിച്ചിട്ടുള്ളത്.
നീണ്ട മൂക്കും വംശമഹിമയുമല്ല, തങ്ങളിലൊരാളെയാണ് തങ്ങള്‍ക്ക് വേണ്ടതെന്ന് അമേഠിയിലെ ജനത ഇന്ന് തീരുമാനിച്ചു എന്നുള്ളതാണ് പരാജയപ്പെട്ട മണ്ഡലത്തില്‍ ചിട്ടയായി സജീവമായി ഇടപെട്ടതിന്റെ ബാക്കിപത്രം.
ഒരു കാര്യം പറഞ്ഞു വേണം നിര്‍ത്താന്‍.
2009ല്‍ വെറും രണ്ട് തിരഞ്ഞെടുപ്പ് മുന്‍പ്, അമേഠിയില്‍ ഭാരതീയ ജനതാപ്പാര്‍ട്ടിക്ക് കിട്ടിയ മൊത്തം വോട്ടുകള്‍ എത്രയാണെന്നറിയാമോ?
വെറും 37,570 വോട്ടുകള്‍.
അതാണ് താഴേക്കിടയില്‍ ജനങ്ങള്‍ക്കിടയില്‍ ജനങ്ങളിലൊരാളാ!യി പ്രവര്‍ത്തിച്ചാല്‍ ഉണ്ടാകുന്ന മാറ്റം. ആ മാറ്റത്തിലേക്ക് മത്സരിച്ച് നാം ശ്രമിച്ചാല്‍, സ്മൃതി ഇറാനിയെന്ന മാതൃകയെ മുന്നില്‍ക്കണ്ട് മുന്നോട്ടുപോയാല്‍ ജനങ്ങള്‍ക്കായി അവരിലൊരാളായി പ്രവര്‍ത്തിച്ചാല്‍ നമുക്ക് ചുറ്റുമുള്ള സമൂഹം തന്നെ സ്വയമേവ മാറിവരുന്നത് നമുക്ക് നേരിട്ട് കാണാനാകും.
വിജയിച്ചവര്‍ക്കല്ല, തിരഞ്ഞെടുപ്പില്‍ പരാജയെപ്പെട്ടെങ്കിലും ജനഹൃദയങ്ങളില്‍ വിജയിച്ച അനേകം ‘എം പി മാര്‍ക്ക് രാജ്യമെമ്പാടും മാതൃകയാണ് സ്മൃതി ഇറാനി.
രാഹുല്‍ ഗാന്ധിയെപ്പറ്റി അധികം പറയേണ്ടതില്ല. അയാളും ഒരു ഉത്തമ മാതൃകയാണ്. ഒരര്‍ഹതയുമില്ലാഞ്ഞിട്ടും കുടുംബത്തിന്റെ തഴമ്പ് കാട്ടി ചുറ്റുമുള്ളവര്‍ എടുത്തിയര്‍ത്തി പ്രതിഷ്ഠിച്ച കനകസിംഹാസനത്തിലിരിക്കാന്‍ അവസരമുണ്ടായിട്ടുപോലും സ്വന്തം രാജ്യത്തിന്റെ വിധി നിര്‍ണ്ണയിക്കാനവസരമുണ്ടായിട്ടു പോലും സ്വന്തം അഹന്തയും മണ്ടത്തരങ്ങളും മറ്റുള്ളവരെ വീഴിയ്ക്കാന്‍ താന്‍ തന്നെ കുഴിച്ച കുഴികളും കപടതയും കപടതന്ത്രങ്ങളും ചതിയും മാത്രം കൈമുതലാക്കിയ അയാളും അയാളുടെ കോക്കസും ഒരു രാഷ്ട്രീയക്കാരന്‍ ഒരിയ്ക്കലും എങ്ങനെയാകരുത് എന്നതിന്റെ ഉത്തമോദാഹരണമാണ്.
‘ഇന്ത്യന്‍ ജനതയ്ക്ക് മുന്നില്‍ ശിരസ് കുനിക്കുന്നു’ജയിച്ചതി താനല്ല, ജനങ്ങളെന്ന് മോദി
Discussion about this post