പൃഥ്വിരാജ്–മോഹൻലാൽ ചിത്രം ലൂസിഫറിനെ വിമര്‍ശിച്ച് പ്ലാനിങ് ബോര്‍ഡ് അംഗവും കേരള യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാൻസിലറുമായിരുന്ന ഡോ ബി. ഇക്ബാല്‍. തീർത്തും അസഹനീയവും അരോചകവുമായ സിനിമയാണ് ലൂസിഫറെന്നാണ് ഇക്ബാലിന്റെ പക്ഷം .
എന്നാൽ മലയാളത്തിൽ ഏറെ ജനശ്രദ്ധയാകർഷിച്ച ,ഏറെ സാമ്പത്തിക ലാഭം കൊയത് സിനിമയേയും അതിന്റെ അണിയറ പ്രവർത്തകരെയും ആക്ഷേപിച്ച ഇക്ബാലിനെതിരെ സിനിമാ പ്രേമികളുടെ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
ഡോ ബി. ഇക്ബാല്‍ എഴുതിയ കുറിപ്പ് വായിക്കാം–
ആമസോൺ പ്രൈം വിഡിയോയിൽ ലഭ്യമാക്കിയത് കൊണ്ട് ലൂസിഫർ വീട്ടിലിരുന്ന് കാണേണ്ടിവന്നു. ഭീകരം, അസഹനീയം, അരോചകം എന്നൊക്കെയല്ലാതെ എങ്ങനെ വിശേഷിപ്പിക്കാൻ കഴിയും ഈ തട്ടിപൊളിപ്പൻ ബ്ലോക്ക്ബസ്റ്റർ സിനിമയെ?
മലയാളത്തിലെ മികച്ച നടന്മാരായ പൃഥിരാജ് സംവിധാനവും മുരളിഗോപി രചനയും നിർവഹിച്ച് സൂപ്പർ സ്റ്റാർ മോഹൻലാലും പ്രധാന വേഷത്തിൽ വരുന്ന , ഇതിനകം 200 കോടി തട്ടിയെടുത്ത ലൂസിഫർ, മാഫിയ ബന്ധമുള്ള രാഷ്ടീയക്കാർ, ദുഷ്ടകഥാപാത്രങ്ങളെ വെടിവച്ച് വീഴ്ത്തി തത്സമയ നീതി നടപ്പിലാക്കുന്ന അമാനുഷ പരിവേഷമുള്ള നായകൻ, സ്തീത്വത്തെ അപമാനിക്കുന്ന അർദ്ധ നഗ്ന ഐറ്റം ഡാൻസ് അടക്കം നിരവധി ചിത്രങ്ങളിൽ ആവർത്തിച്ച് അവതരിപ്പിച്ച കാലഹരണപ്പെട്ട പ്രമേയങ്ങൾ തന്നെയാണ് വിളമ്പിത്തരുന്നത്.
കമ്മട്ടിപ്പാടം മുതൽ കുമ്പളങ്ങി നൈറ്റ്സ് വരെ കഴിഞ്ഞ ഏതാനും വർഷങ്ങളായി നവ സിനിമാ തരംഗം കേരളത്തിൽ അലയടിച്ചുയരുന്നത് മലയാളത്തിലെ മഹാനടനും ശിഷ്യന്മാരും കണ്ടില്ലെന്നുണ്ടോ? മലയാളികളുടെ മാറിവരുന്ന സിനിമാ ഭാവുകത്വത്തിന് നേരെ ക്രൂരമായി വെടിയുതിർക്കുകയാണ് പൃഥിരാജും മുരളി ഗോപിയും സർവോപരി മോഹൻലാലും, ലൂസിഫറിലൂടെ.
Discussion about this post