കിഫ്ബി മസാല ബോണ്ട് വിഷയത്തിൽ നിയമസഭയിൽ പ്രത്യേക ചർച്ച തുടങ്ങി. മസാലബോണ്ടിന് വേണ്ടി മുഖ്യമന്ത്രി ലണ്ടനിൽ മുഴക്കിയ മണി കേരളത്തിൽ കമ്മ്യൂണിസത്തിന്റെ മരണമണിയാണെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ കെ.എസ് ശബരീനാഥൻ എംഎൽഎ ആരോപിച്ചു. മസാല ബോണ്ടിലെ എല്ലാ വ്യവസ്ഥകളും ദുരൂഹമാണെന്നും കിഫ്ബിയുടെ എല്ലാ രേഖകളും മേശപ്പുറത്ത് വെക്കാൻ സർക്കാർ തയ്യാറാകണമെന്നും ശബരീനാഥൻ സഭയിൽ വ്യക്തമാക്കി.
എന്നാൽ കിഫ്ബി പദ്ധതികൾ ഒന്നും വേണ്ടെന്ന് പറയാൻ പ്രതിപക്ഷ എംഎൽഎമാർ തയ്യാറാണോയെന്ന് ഭരണപക്ഷത്തു നിന്നും എ.എൻ ഷംസീർ എംഎൽഎ ചോദിച്ചു. ലീഗിന് മസാല ബോണ്ടിനെക്കുറിച്ചറിയില്ല മറിച്ച് മസാല ബോണ്ടയെ കുറിച്ചറിയാമെന്നും ഷംസീർ പറഞ്ഞു. ഇതിൽ പ്രതിഷേധിച്ച് ലീഗ് എംഎൽഎമാർ സഭയിൽ ബഹളം വെച്ചു.
കിഫ്ബി മസാല ബോണ്ടിൽ ദുരൂഹതകളുണ്ടെന്ന് ആരോപിച്ച് ഇന്ന് രാവിലെ നിയമസഭയിൽ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. മസാല ബോണ്ടിലെ വ്യവസ്ഥകളിൽ ദുരൂഹതയുണ്ടെന്നും വ്യവസ്ഥയിൽ വ്യക്തതയില്ലെന്നുമായിരുന്നു ആരോപണം. മസാല ബോണ്ടിന് നൽകേണ്ട ഉയർന്ന പലിശ സംസ്ഥാനത്തിന് സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും പ്രതിപക്ഷം ആക്ഷേപമുന്നയിച്ചു. തുടർന്ന് വിഷയത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി തേടി കെ.എസ് ശബരീനാഥൻ എംഎൽഎ നൽകിയ നോട്ടീസിൽ വിഷയം ചർച്ച ചെയ്യാമെന്ന് സർക്കാരും നിലപാടെടുത്തു. വിഷയത്തിൽ ചർച്ചയാകാമെന്ന് ധനമന്ത്രി തോമസ് ഐസക് സ്പീക്കറെ അറിയിക്കുകയായിരുന്നു
Discussion about this post