അരുണാചൽ പ്രദേശിലേയ്ക്കുള്ള യാത്രയ്ക്കിടെ കാണാതായ വ്യോമസേനാ വിമാനത്തിനായുള്ള തിരച്ചിൽ നാലാം ദിവസവും തുടരുന്നു. കാണാതായ എഎൻ 32 വിമാനത്തിനു വേണ്ടി ഐഎസ്ആര്‍ഓ ചാര ഉപഗ്രഹങ്ങളും നാവികസേനാ ചാരവിമാനവും ഉപയോഗിച്ചാണ് തെരച്ചിൽ നടത്തുന്നത്. ദുര്‍ഘടമായ ഭൂപ്രകൃതിയും മോശം കാലാവസ്ഥയുമുള്ള ഇവിടെ രക്ഷാപ്രവര്‍ത്തനം ദുഷ്കരമാണ്.
തിങ്കളാഴ്ചയാണ് ആസാമിലെ ജോര്‍ഹട്ടിൽ നിന്ന് മെൻചുക അഡ്വാൻസ് ലാൻഡിഹ് (എ എൽ ജി) ഗ്രൗണ്ടിലേയ്ക്ക് 13 പേരുമായി പുറപ്പെട്ട വിമാനം കാണാതായത്. മെൻചുക വനമേഖലയിൽ വെച്ചാണ് വിമാനവുമായുള്ള ബന്ധം നഷ്ടമായത്. ഏഴ് ഓഫീസര്‍മാരും ആറു സൈനികരുമടക്കം 13 പേരാണ് വിമാനത്തിലുള്ളത്. അതേസമയം, വിമാനത്തിന്റെ അവശിഷ്ടങ്ങളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല.
ഐഎസ്ആര്‍ഓയുടെ കാര്‍ട്ടോസാറ്റ്, റിസാറ്റ് ഉപഗ്രഹങ്ങള്‍ ഉപയോഗിച്ചാണ് തെരച്ചിൽ നടത്തുന്നത്. വ്യോമസേനയുടെ സുഖോയ് വിമാനങ്ങളും സി130 ജെ സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനങ്ങളും കരസേനയുടെ എംഐ ഹെലികോപ്റ്ററുകളും തിങ്കളാഴ്ച മുതൽ പ്രദേശത്ത് തെരച്ചിൽ നടത്തുന്നുണ്ട്.
അസം – അരുണാചൽ പ്രദേശ് വനമേഖലയിൽ നടത്തുന്ന തിരച്ചിലിൽ ഇൻഡോ – ടിബറ്റൻ ബോര്‍ഡര്‍ പോലീസിന്റെ ജവാന്മാരും പങ്കെടുക്കുന്നുണ്ട്. വിമാനത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ബന്ധുക്കളുമായി സൈന്യം തെരച്ചിലിന്റെ വിവരങ്ങള്‍ പങ്കുവെക്കുന്നുണ്ട്.
Discussion about this post