തിങ്കളാഴ്ച്ച രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കും. പശ്ചിമ ബംഗാളിലെ ഡോക്ടര്‍മാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാണ് ഡോക്ടര്‍മാരുടെ നീക്കം. ഇതൊരു അഭിമാന പ്രശ്നമായി കണക്കാക്കി രാജ്യത്തെ പ്രതിസന്ധിയിലേക്ക് തളളി വിടുകയാണ് മമതാ ബാനര്‍ജിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്ദ്ധന് പറഞ്ഞു. അതേസമയം സമരം പിന്‍വലിക്കണമെങ്കില്‍ മമത നിരുപാധികം മാപ്പ് പറയണമെന്ന് സമരം നടത്തുന്ന ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു.
ജൂനിയർ ഡോക്ടർമാർ ആക്രമിക്കപ്പെട്ടതിൽ പ്രതിഷേധിച്ച് കൊൽക്കത്തയിൽ ആരംഭിച്ച സമരം രൂക്ഷമാകുകയാണ്. ബംഗാളിലെ രണ്ട് സര്‍ക്കാര്‍ ആശുപത്രികളിൽനിന്ന് 43 ഡോക്ടര്‍മാര്‍ രാജിവച്ചു. സമരം നാലാം ദിവസത്തേക്ക് കടന്നതോടെയാണ് ഡോക്ടര്‍മാര്‍ കൂട്ടരാജി പ്രഖ്യാപിച്ചത്.
ആര്‍ജി കര് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും 16 ഡോക്ടര്‍മാര്‍ ആരോഗ്യ വകുപ്പിന് രാജി സമര്‍പിച്ചു. സംസ്ഥാനത്തെ നിലവിലത്തെ സ്ഥിതിയില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. നോര്‍ത്ത് ബംഗാള്‍ മെഡിക്കല്‍ കോളേജില്‍ നിന്നും 27 ഡോക്ടര്‍മാര്‍ രാജി വച്ചു. ഡാര്‍ജിലിങ്ങിലെ ആശുപത്രിയില്‍ നിന്നും ഡോക്ടര്‍മാര്‍ രാജിവച്ചു. എന്‍ആര്‍എസ് മെഡിക്കല്‍ കോളേജില്‍ നിന്നും മെഡിക്കല്‍ സുപ്രണ്ട് രാജിവച്ചു.
ഡൽഹിയിലെ എയിംസിലടക്കം ഡോക്ടർമാർ ഐക്യദാർഢ്യവും പ്രതിഷേധവും നടത്തി. എയിംസിലെ ഡോക്ടർമാർ കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ് വർധനുമായി ചർച്ച നടത്തുകയും ആവശ്യങ്ങൾ ഉന്നയിക്കുകയും ചെയ്തു. ഡോക്ടർമാരുടെ സുരക്ഷ അടക്കം സർക്കാർ ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ച കൊൽക്കത്ത എൻആർഎസ് മെഡിക്കൽ കോളേജിൽ രണ്ടു ഡോക്ടർമാർ ആക്രമിക്കപ്പെട്ടതിനെ തുടർന്നാണ് സമരം പ്രഖ്യാപിച്ചത്. 75കാരനായ രോഗി മരിച്ചത് ആശുപത്രിയുടെ അനാസ്ഥ കാരണമാണെന്ന് കുടുംബം ആരോപിക്കുകയും 200ഓളം പേരടങ്ങിയ ആൾക്കൂട്ടം ആശുപത്രിയിൽ ഇരച്ചെത്തി ഡോക്ടർമാരെ മർദിക്കുകയുമായിരുന്നു.
Discussion about this post