ഡൽഹി: മുസ്ലിം മതമൗലികവാദികളുടെ ഭീഷണി അതിജീവിച്ച പ്രമുഖ ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രിൻ പ്രവാസ ജീവിതത്തിന്റെ ഇരുപത്തിയഞ്ച് വർഷങ്ങൾ പൂർത്തിയാക്കുന്നു.
ബംഗ്ലാദേശിലെ മയ്മെൻസിംഗിൽ 1962 ആഗസ്റ്റ് 25നായിരുന്നു തസ്ലീമയുടെ ജനനം. 1994ൽ ‘ലജ്ജ’ എന്ന നോവൽ എഴുതിയതോടെയാണ് തസ്ലീമ മുസ്ലിം മതമൗലികവാദികളുടെ ആക്രമണങ്ങൾക്ക് ഇരയാകേണ്ടി വന്നത്. ബംഗ്ലാദേശ് മുസ്ലിം രാഷ്ട്രമായി മാറിയതിന് ശേഷം അവിടുത്തെ ന്യൂനപക്ഷങ്ങളായ ഹിന്ദുക്കൾ നേരിടുന്ന ദുരന്തത്തിന്റെ നേർക്കാഴ്ച്ചയായിരുന്നു തസ്ലീമയുടെ ലജ്ജ.
ലജ്ജയുടെ പ്രസിദ്ധീകരണത്തിന് ശേഷം മതഭ്രാന്തന്മാരിൽ നിന്നും തസ്ലീമ പലവട്ടം ശാരീരികവും മാനസികവുമായ ആക്രമണങ്ങൾ നേരിട്ടു. ഒടുവിൽ മാതൃരാജ്യമായ ബംഗ്ലാദേശിൽ നിന്ന് പലായനം ചെയ്യേണ്ടി വന്ന തസ്ലീമ സ്വീഡിഷ് പൗരത്വം സ്വീകരിച്ചു.
എന്നാൽ അവിടെയും തസ്ലീമ വേട്ടയാടപ്പെട്ടു. ഇസ്ലാമിക തത്വശാസ്ത്രങ്ങളിലെ പുരുഷാധിപത്യവും അസഹിഷ്ണുതയും തുറന്നു കാട്ടുന്ന നിരവധി കൃതികൾ പിന്നീടും അവർ രചിച്ചു. ബംഗ്ലാദേശിൽ നിന്നും ഇതര മുസ്ലിം രാഷ്ട്രങ്ങളിൽ നിന്നും വർദ്ധിച്ചു വന്ന ഭീഷണികളെ തുടർന്ന് അവർ പല വർഷങ്ങൾ യൂറോപ്പിലും അമേരിക്കയിലും കഴിച്ചു കൂട്ടി.
2004- 2007 കാലഘട്ടത്തിൽ കൊൽക്കത്തയിൽ അഭയം തേടിയ തസ്ലിമയ്ക്ക് മുസ്ലിം മൗലികവാദികളുടെ ഭീഷണിയെ തുടർന്ന് ഇന്ത്യയും വിട്ട് പോകേണ്ടി വന്നു. എന്നാൽ ഇപ്പോൾ അവർ ഡൽഹിയിൽ താമസിക്കുന്നു.
എഴുത്തുകാരി എന്നത് കൂടാതെ സ്ത്രീസ്വാതന്ത്ര്യത്തിനും മനുഷ്യാവകാശത്തിനും വേണ്ടി പ്രവർത്തിക്കുന്ന ഒരു സാമൂഹ്യ പ്രവർത്തക കൂടിയാണ് തസ്ലിമ നസ്രിൻ. ഇന്ത്യൻ പൗരത്വം നേടാനുള്ള ശ്രമത്തിലാണ് നിലവിൽ തസ്ലിമ.
Discussion about this post