കോഴിക്കോട് സര്‍വകലാശാല ഭൂമി നല്‍കാത്തതിനാൽ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ ഇവിടെ തുടങ്ങാനിരുന്ന ഫുട്ബോള്‍ അക്കാദമി പദ്ധതി ഉപേക്ഷിക്കുന്നു. ഇരുനൂറ് കോടി രൂപയുടെ സായ് പദ്ധതിയാണ് കേരളത്തിന് നഷ്ടമാകുന്നത്.
ഫുട്ബോൾ അക്കാദമിക്ക് മുൻ സിന്‍ഡിക്കേറ്റ് 2015 ലാണ് 20 ഏക്കര്‍ സ്ഥലം നല്‍ക്കാന്‍ തീരുമാനിച്ചത്. 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാനായിരുന്നു തീരുമാനം. ഇതു പ്രകാരം 200 കോടി രൂപയുടെ പദ്ധതിയില്‍ ആദ്യ ഘട്ടമായി ഇരുപത് കോടി രൂപ അനുവദിച്ചു.
പിന്നീട് വന്ന നോമിനേറ്റഡ് സിന്‍ഡിക്കേറ്റ് ഭൂമി നല്‍കാനുള്ള തീരുമാനം പിന്‍വലിച്ചു. ഇതോടെ പദ്ധതിയില്‍ നിന്ന് പിന്‍മാറാന്‍ സായ് നിര്‍ബന്ധിതരായി. ഫുട്ബോള്‍ റിസര്‍ച്ച് സെന്‍റര്‍ സ്ഥാപിക്കുകയാണെങ്കില്‍ സ്ഥലം നല്‍കാന്‍ തയ്യാറാണെന്ന് കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോക്ടര്‍ കെ.മുഹമ്മദ് ബഷീര്‍ അറിയിച്ചു.
അക്കാദമികള്‍ക്ക് ഫണ്ട് അനുവദിക്കാന്‍ മാത്രമേ സായിക്ക് വ്യവസ്ഥയുള്ളൂ.റിസര്‍ച്ച് സെന്‍ററിന് ഫണ്ട് നല്‍കാന്‍ കഴിയില്ലെന്ന് സായ് അധികൃതര്‍ വിശദീകരിച്ചു. അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം, ഫിസിക്കല്‍ ട്രെയിനിങ് സെന്‍ററുകള്‍, വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനും പരിശീലനത്തിനുമായുള്ള സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതായിരുന്നു അക്കാദമി.
ഏറെക്കാലത്തെ ശ്രമ ഫലമായാണ് കേരളത്തിന് അക്കാഡമി തുഠങ്ങാന് അവസരം കിട്ടിയത്. ഇവിടെ സ്ഥലം കിട്ടാത്തതിനാല്‍ ഗോവക്കോ ബംഗാളിനോ അക്കാദമി അനുവദിക്കാനാണ് സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ആലോചന.
Discussion about this post