ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണ പദ്ധതിയായ ചന്ദ്രയാൻ-രണ്ടിന്റെ വിക്ഷേപണം മാറ്റിവെച്ചതിനു പിന്നിൽ ഹീലിയം ടാങ്കിലെ ചോർച്ചയാണെന്ന് കണ്ടെത്തി. വിക്ഷേപണ വാഹനമായ ജി.എസ്.എൽ.വി. മാർക്ക്-മൂന്നിലെ ഹീലിയം ടാങ്കിലാണ് ചോർച്ച കണ്ടെത്തിയത്. ഇക്കാര്യം ഫെയിലിയർ അസിസ്റ്റന്റ് കമ്മിറ്റി വിശദമായി വിലയിരുത്തിവരികയാണ്.
അനുയോജ്യ സമയമായതിനാൽ ഈ മാസം 31-ന് മുമ്പായി ചന്ദ്രയാൻ-രണ്ട് വിക്ഷേപിക്കാനുള്ള ശ്രമത്തിലാണ് ഐ.എസ്.ആർ.ഒ. അടുത്ത വിക്ഷേപണ തീയതി ഉടൻ പ്രഖ്യാപിച്ചേക്കും. 22-ന് വിക്ഷേപിക്കാൻ സാധ്യതയുള്ളതായി അനൗദ്യോഗിക വിവരമുണ്ട്. ഹീലിയം ടാങ്കിലെ ചോർച്ച ക്രയോജനിക് എൻജിനിലേക്ക് ഇന്ധനം കൃത്യമായി എത്താതിരിക്കാൻ കാരണമാകും.
ചോർച്ച അടയ്ക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു. സാധാരണനിലയിൽ വിക്ഷേപണ വാഹനം മുഴുവനായും അഴിച്ച വേണം ചോർച്ച പരിഹരിക്കാൻ. എന്നാൽ, നിലവിൽ കണ്ടെത്തിയ തകരാർ പരിഹരിക്കാൻ വിക്ഷേപണ വാഹനം അഴിച്ചുപണിയേണ്ടി വരില്ലെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ.
ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാൻ ബഹിരാകാശ നിലയത്തിൽനിന്ന് തിങ്കളാഴ്ച പുലർച്ചെ 2.51-നായിരുന്നു ചന്ദ്രയാൻ-രണ്ട് വിക്ഷേപിക്കാനിരുന്നത്. 56 മിനിറ്റും 24 സെക്കൻഡും ബാക്കിയിരിക്കെയാണ് വിക്ഷേപണം മാറ്റിയത്.
Discussion about this post