സാങ്കേതിക കാരണങ്ങൾ കൊണ്ട് മാറ്റിവച്ച ചാന്ദ്രയാൻ രണ്ട് ദൗത്യത്തിന്റെ വിക്ഷേപണം നാളെ ഉച്ചക്ക് 2.43ന് നടക്കും. വിക്ഷേപണത്തിന് മുന്നോടിയായുള്ള 20 മണിക്കൂർ കൗണ്ട്ഡൗൺ ഇന്ന് വൈകിട്ട് ആരംഭിക്കും. വിക്ഷേപണത്തിന് മുന്നോടിയായുള്ള ലോഞ്ച് റിഹേഴ്സൽ ഇന്നലെ രാത്രി പൂർത്തിയായി.
ഇന്ന് വൈകീട്ട് 6.43നാണ് ജിഎസ്എൽവി മാക്ക് ത്രീ എം 1 റോക്കറ്റ് വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗൺ തുടങ്ങുന്നത്. കൗണ്ട് ഡൗൺ തുടങ്ങുന്നതിന് പിന്നാലെ റോക്കറ്റിൽ ഇന്ധനം നിറയ്ക്കുന്ന ജോലികളും തുടങ്ങും. ദ്രവ ഇന്ധനഘട്ടമായ എൽ 110 ലും ഖര ഇന്ധന ഘട്ടമായ സ്ട്രാപ്പോണുകളിലും ആണ് ആദ്യം ഇന്ധനം നിറയ്ക്കുന്നത്.
കൗണ്ട് ഡൗണിന്റെ അവസാന മണിക്കൂറിലാണ് മൂന്നാം ഘട്ടമായ ക്രയോജനിക് സ്റ്റേജിലേക്കുള്ള ഇന്ധനം നിറയ്ക്കുന്നത്. ദ്രവീകൃത ഹൈഡ്രജനും ദ്രവീകൃത ഓക്സിജനുമാണ് ഈ ഘട്ടത്തിൽ ഇന്ധനമായി ഉപയോഗിക്കുന്നത്. ഈ ഇന്ധനം നിറച്ചതിന് പിന്നാലെയാണ് ജൂലൈ 15ന് സാങ്കേതിക തകരാർ കണ്ടെത്തിയത്. തുടർന്നാണ് വിക്ഷേപണം മാറ്റിയത്. എന്നാൽ പിഴവുകളെല്ലാം പരിഹരിച്ചാണ് ഇത്തവണ റോക്കറ്റ് വിക്ഷേപണത്തറയിൽ എത്തിച്ചിരിക്കുന്നത്.
Discussion about this post