കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ മോദി ട്രംപിനോട് ആവശ്യപ്പെട്ടുവെന്ന ട്രംപിന്റെ പ്രസ്താവന സംബന്ധിച്ച ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രാജ്യസഭയില്‍ ബഹളം വച്ചപ്പോഴായിരുന്നു സഭ അധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ ഇടപെടല്‍.രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കി കഴിഞ്ഞു. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ അനവദിക്കാനാവില്ലെന്നും രാജ്യസഭ അധ്യക്ഷന്‍ പറഞ്ഞു.
പ്രധാനപ്പെട്ട ഈ വിഷയം രാഷ്ട്രീയമായി ഉപയോഗിക്കുന്നത് നല്ല പ്രവണതയല്ല. അമേരിക്കന്‍ പ്രസിഡണ്ട് പറഞ്ഞതാണോ, ഇന്ത്യന്‍ പ്രധാനമന്ത്രി പറഞ്ഞതാണോ നിങ്ങള്‍ വിശ്വസിക്കുന്നത്-ഉപരാഷ്ട്രപതി ചോദിച്ചു. വിഷയത്തില്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ രാജ്യസഭയില്‍ രാവിലെ വിശദീകരണം നല്‍കിയതിന് പിറകെയായിരുന്നു പ്രതിപക്ഷം വിഷയം രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള നീക്കം നടത്തിയത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇനി ചര്‍ച്ചയില്ലെന്ന് അധ്യക്ഷന്‍ ഉറച്ച് പ്രഖ്യാപിക്കുകയായിരുന്നു.
ട്രംപിനോട് മോദി ഇത്തരമൊരു ആവശ്യം മുന്നോട്ട് വച്ചിട്ടില്ലെന്ന് മന്ത്രി എസ് ജയശങ്കര്‍ രാജ്യസഭയെ അറിയിച്ചു.പാക്കിസ്ഥാനുമായുള്ള പ്രശ്‌നങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നാണ് ഇന്ത്യന്‍ നിലപാട്. ഇതില്‍ ഒരു കാലത്തും മാറ്റം ഉണ്ടായിട്ടില്ലെന്നും വിദേശകാര്യമന്ത്രി വിശദീകരിച്ചു.
രാവിലെ ലോകസഭയിലും പ്രതിപക്ഷം ബഹളം വച്ചു. എന്നാല്‍ മന്ത്രി രാജ്യസഭയിലാണ്.. അവിടെ വിശദീകരണം നല്‍കിയതിന് പിന്നാലെ ലോകസഭയിലും സംസാരിക്കുമെന്ന് ഉപരാഷ്ട്രപതി വ്യക്തമാക്കി.
Discussion about this post