പ്രതിരോധ-വ്യവസായ മേഖലയിൽ സഹകരിക്കാൻ ഇന്ത്യയും യു.എസും ധാരണയായി. പ്രതിരോധ മേഖലയിലും സ്റ്റാർട്ട് അപ്പിലും സഹകരിക്കാനാണ് ധാരണ. ഇന്ത്യയും-യു.എസ് പ്രതിരോധ നയ ഗ്രൂപ്പും തമ്മിലുളള 15ാമത് യോഗത്തിലാണ് ഇക്കാര്യത്തിൽ ധാരണയായത്. ഇന്ത്യയിൽ നിന്നുളള പ്രതിനിധി സംഘത്തെ പ്രതിരോധ സെക്രട്ടറി സഞ്ജയ് മിത്രയും, യു.എസിന്റെ സംഘത്തെ അണ്ടർ സെക്രട്ടറി ഓഫ് ഡിഫൻസ് ഫോർ പോളിസി ജോൺ റൂഡും നയിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുളള ഉഭയകക്ഷി സഹകരണത്തിന്റെ എല്ലാ വശങ്ങളും യോഗം സമഗ്രമായി അവലോകനം ചെയ്തു.പ്രതിരോധ സഹകരണവുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിൽ കൈവരിച്ച പുരോഗതി യോഗം ചർച്ച ചെയ്തു.കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും ഒപ്പു വച്ച പ്രതിരോധ കരാറുകൾ നടപ്പാകുന്നതോടെ ഉണ്ടാകുന്ന പ്രയോജനങ്ങളെ കുറിച്ചും ഇരു രാജ്യങ്ങളും സംസാരിച്ചു.
യു.എസിന്റെ പ്രധാന പ്രതിരോധ പങ്കാളി എന്ന നിലയിൽ ഇന്ത്യയുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു. ഇരു രാജ്യങ്ങളിലെയും പ്രതിരോധ വ്യവസായവും സ്റ്റാർട്ട് അപ്പും തമ്മിലുളള സഹകരണത്തിന്റെ പ്രധാന്യം കണക്കിലെടുത്താണ് പുതിയ തീരുമാനമെന്നും യു.എസ് അറിയിച്ചു.
Discussion about this post