പൊതുപ്രവർത്തകരുടേയും രാഷ്ട്രീയക്കാരുടേയും ജീവിതത്തിൽ അറുപത്തിയേഴ് വയസ്സ് എന്നത് അവരുടെ പദവികളുടെ ആരംഭം മാത്രമാണ്. പക്ഷേ ആ പ്രായത്തിൽ ഒരു മനുഷ്യായുസ്സു കൊണ്ടു ചെയ്തുതീർക്കാനാകാത്തിടത്തോളം ഈ ഭാരതഭൂമിയ്ക്കുവേണ്ടി ചെയ്തുതീർത്ത് തന്റെ എല്ലാമെല്ലാമായ ഭഗവാൻ ശ്രീകൃഷ്ണാപരമാത്മാവിന്റെ സവിധത്തിലേക്ക് പുഞ്ചിരിയോടെ സുഷമാ സ്വരാജ് കടന്നുപോയിക്കഴിഞ്ഞു.
ആരാണ് സുഷമാ സ്വരാജ്? സാധാരണക്കാരായ മാതാപിതാക്കളുടെ മകളായി ജനിച്ച് തന്റെ കഴിവും ആത്മാർത്ഥതയും ദേശഭക്തിയും സ്നേഹവും മാത്രം കൈമുതലാക്കി ഇന്ത്യയുടെ ഏറ്റവുമുയർന്ന സ്ഥാനങ്ങളിലെത്തി മറ്റെല്ലാവരേയും അതിശയിപ്പിയ്ക്കുന്ന നിലയിൽ ഏറ്റെടുത്ത ജോലികൾക്കെല്ലാം തന്റേതായ പ്രത്യേക മുദ്രചാർത്തിയ നേതാവ്. ഒരമ്മയെപ്പോലെ തന്റെ മുന്നിലെത്തിയവരെയെല്ലാം അവരുടെ ഏത് ചെറിയ കാര്യമായാലും ക്ഷമയോടെ പരിഹാരമുണ്ടാക്കിയ ഭരണാധികാരി. ഏതൊരു പ്രവാസിയ്ക്കും ഇന്ത്യൻ പാസ്പ്പോർട്ട് ഉയർത്തിപ്പൊടിച്ച് അഭിമാനത്തോടെ എനിയ്ക്ക് വേണ്ടി സംസാരിയ്ക്കാനൊരു വിദേശകാര്യമന്ത്രാലയമുണ്ടെന്ന് പറയാൻ ധൈര്യം നൽകിയ ഒരു ട്വിറ്റർ വിളിപ്പുറത്തുണ്ടായിരുന്ന പ്രവാസികളുടെ അമ്മ.
എഴുപതുകളുടെ ആദ്യം എ ബി വി പിയുടെ ഉശിരൻ കാര്യകർത്താവായിരുന്നു സുഷമാ സ്വരാജ്. തകർപ്പൻ പ്രസംഗവും തികഞ്ഞ ആത്മാർത്ഥതയും സൌമ്യമായ പെരുമാറ്റവുമായി ആ വിദ്യാർത്ഥി നേതാവ് ഡൽഹി യൂണിവേഴ്സിറ്റിയിലുൾപ്പെടെ കാമ്പസുകളിൽ താരമായിരുന്നു. രാഷ്ട്രതന്ത്രവും സംസ്കൃതവും വിഷയങ്ങളായി ബിരുദവും നിയമബിരുദവും നേടി. സുപ്രീം കോടതിയിൽ അഭിഭാഷകയായി പ്രാക്ടീസും തുടങ്ങി.
ഭാരതജനാധിപത്യത്തിന്റെ കറുത്ത ദിനങ്ങളായ അടിയന്തിരാവസ്ഥയുടെ ഭീകരതയ്ക്കിരയായവർക്ക് വേണ്ടി നിയമസഹായം നൽകാനായുണ്ടാക്കിയ അഭിഭാഷകസംഘത്തിലാണ് സുഷമാ ശർമ്മ, സ്വരാജ് കൌശൽ എന്ന തന്റെ ജീവിതപങ്കാളിയെ കണ്ടെത്തിയത്. ജോർജ് ഫെർണാണ്ടസിന്റെ അടുത്ത അനുയായിയായിരുന്നു സ്വരാജ് കൌശൽ. 1975 ജൂലൈ 13ആം തീയതി അവർ വിവാഹിതരായി.
അടിയന്തിരാവസ്ഥയ്ക്കെതിരെ ശക്തമായി പോരാടിയ സുഷമാ സ്വരാജ് അതിനുശേഷം ഹരിയാനയിൽ 1977ൽ എം എൽ എ ആയി മത്സരിച്ച് വിജയിച്ചപ്പോൾ 25 വയസ്സായിരുന്നു പ്രായം. ഏറ്റവും പ്രായം കുറഞ്ഞ വനിതാ എം എൽ എ.. തുടർന്ന് പലതവണ എം എൽ എ യും സംസ്ഥാന മന്ത്രിയുമായ സുഷ്മാ സ്വരാജ് മികച്ച ഒരു ഭരണാധികാരിയായി അന്നേ തന്റെ മുദ്ര പതിപ്പിച്ചു.1990ൽ രാജ്യസഭാംഗമായ സുഷ്മാ സ്വരാജ് പതിമൂന്നുദിവസത്തെ വാജ്പേയ് മന്ത്രിസഭയിലെ വാർത്താവിതരണമന്ത്രിയുമായി.
ഡൽഹി മുഖ്യമന്ത്രിയായപ്പോഴാണ് സുഷ്മാ സ്വരാജിനെ രാജ്യം മുഴുവൻ ശ്രദ്ധിയ്ക്കുന്നത്. എവിടേയും എപ്പോഴും ഓടിയെത്തുന്ന നിരത്തുകളിലിറങ്ങി ജനങ്ങൾക്കൊപ്പം നടക്കുന്ന മുഖ്യമന്ത്രി. ജനങ്ങളുടെ ഏത് പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാക്കാൻ സദാ സന്നദ്ധയായ മുഖ്യമന്ത്രി.
പിൽക്കാലത്ത് ബി ജെ പിയുടെ ദേശീയ വക്താവായി സുഷ്മാ സ്വരാജ്. ഒരു ദേശീയപ്പാർട്ടിയുടെ വക്താവായെത്തിയ ആദ്യ വനിത. എതിരാളികളെ തന്റെ കൃത്യവും സമഗ്രവുമായ മറുപടികൾ കൊണ്ട് തകർത്തെറിഞ്ഞ സുഷ്മാ സ്വരാജ് എന്ന വക്താവിൽ നിന്ന് സുഷ്മാ സ്വരാജ് എന്ന മന്ത്രിയിലേക്ക് അധികം ദൂരമുണ്ടായിരുന്നില്ല. പന്ത്രണ്ടാം ലോകസഭയിൽ ആരോഗ്യമന്ത്രിയായും വാർത്താവിതരണമന്ത്രിയായുമൊക്കെ സേവനം ചെയ്ത സുഷ്മാജി കേരളത്തിൽ എച് ഐ വി ബാധിതരായ കുട്ടികൾ ബെൻസണേയും ബെൻസിയേയും വന്നുകണ്ടത് എല്ലാവരുമോർക്കുന്നുണ്ടാവണം.
പത്രപ്രവർത്തകനായിരുന്ന എം എസ് സുനിൽ കുമാർ എഴുതുന്നു:
“…..അന്ന് ഏ കെ ആന്റണിയായിരുന്നു മുഖ്യമന്ത്രി. ഞാനും അച്ചായനും ( റോയ് മാത്യു) അദ്ദേഹവുമായി ബന്ധപ്പെട്ടു. കുട്ടികള്‍ക്കും കുടുംബത്തിനും മുഖ്യമന്ത്രിയെ ഒന്നു സന്ദര്‍ശിക്കണം എന്ന ആവശ്യം ഉന്നയിച്ചു. മുഖ്യമന്ത്രി സമ്മതിച്ചു.അങ്ങനെ ബെന്സനും ബെന്സിക്കും ഒപ്പം ഞാനും അച്ചായനും രാജേഷ് ദിവാകറും മുഖ്യമന്ത്രിയുടെ ചേംബറില്‍ എത്തി.കസേരയില്‍ ഇരിക്കുകയായിരുന്നു അദ്ദേഹം.അച്ചായന്‍ കുട്ടികളെ മുഖ്യമന്ത്രിയുടെ കസേരയ്ക്ക് അരികിലേക്ക് നീക്കി നിര്‍ത്തി.
പെട്ടെന്നാണ് ആന്റണി ചാടി എഴുനേറ്റത്. അദ്ദേഹം കുട്ടികളില്‍ നിന്ന്‍ അകലം പാലിച്ച് ദൂരേയ്ക്ക് മാറി ഒതുങ്ങി നിന്നു. അങ്ങനെ നിന്നാണ് ആന്റണി അവരോട് സംസാരിച്ചത്. കുട്ടികളെ തൊടാനോ ഒന്നു തലോടി ആശ്വസിപ്പിക്കാന്‍ പോലുമോ അദ്ദേഹം മുതിര്‍ന്നില്ല. ഞങ്ങള്‍ അവിടെ നിന്ന് ഇറങ്ങി. പിന്നീട് അച്ചായന്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്സിന്റെ പി ആര്‍ ഓ ആയ ലാലു ജോസഫിനെ ബന്ധപ്പെട്ടു. കുട്ടികളുടെ ചികിത്സയ്ക്ക് ആവശ്യമായ സഹായം ലാറ്റക്സിന് ചെയ്തുകൊടുക്കാന്‍ കഴിയുമോ എന്നായിരുന്നു അന്വേഷണം.
അപ്പോള്‍ ലാലു ഒരു കാര്യം പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രി സുഷമ സ്വരാജ് അടുത്ത ദിവസം ലാറ്റക്സ് സന്ദര്‍ശിക്കാന്‍ എത്തുന്നുണ്ട്. വിഷയം അവരുടെ ശ്രദ്ധയില്‍ പെടുത്താം. അങ്ങനെ സുഷമ ലാറ്റക്സിലെത്തി. സന്ദർശനത്തിനിടെ ലാലു ബെന്സന്റെയും ബെന്‍സിയുടെയും കാര്യം ആരോഗ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. കുട്ടികളുടെ ചികിത്സ ഏറ്റെടുക്കാമെന്ന് അപ്പോള്‍ത്തന്നെ സുഷമ വ്യക്തമാക്കി. പിറ്റേന്ന് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ സുഷമയുടെ പത്രസമ്മേളനം. സമ്മേളനത്തിനായി അവര്‍ ഡയസ്സില്‍ ഇരുന്നപ്പോള്‍ ഞങ്ങള്‍ ബെന്സനെയും ബെന്‍സിയും കൊണ്ട് അവരുടെ അടുത്തെത്തി പരിചയപ്പെടുത്തി.
ഒരു നിമിഷം വൈകിയില്ല…സുഷമ സ്വരാജ് രണ്ടുകുട്ടികളെയും വാരിപ്പുണര്‍ന്നു. നെറുകയില്‍ മാറി മാറി ചുംബിച്ചു.ഞങ്ങളുടെ മനസ്സ് നിറഞ്ഞു. ആ ഒരു നിമിഷം നഷ്ടപ്പെട്ട മാതൃ വാത്സല്യം ആ കുരുന്നുകള്‍ അനുഭവിച്ചിട്ടുണ്ടാകും. ബെന്സനും ബെന്സിക്കുമുള്ള സഹായം പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചിട്ടാണ് സുഷമ മടങ്ങിയത്…..”
അതായിരുന്നു സുഷ്മാ സ്വരാജ്.
അവിടെ നിന്ന് പ്രതിപക്ഷ നേതാവായി പത്തുകൊല്ലം.2014 നടന്നുകയറിയത് ഇന്ത്യയുടെ ആദ്യ വനിതാ വിദേശകാര്യമന്ത്രിയെന്ന പദവിയിലേക്കാണ്. (പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി വിദേശകാര്യവകുപ്പുകൂടി കൈകാര്യം ചെയ്തിരുന്നു എന്നതൊഴിച്ചാൽ). 2014ൽ വിദേശകാര്യവകുപ്പിന്റെ മറ്റൊരു മുഖമാണ് ലോകമെമ്പാടുമുള്ള ഇന്ത്യക്കാർ കണ്ടത്.
സുഷമ സ്വരാജ് എന്ന മന്ത്രി പ്രവാസികളുടെ ഹൃദയത്തിലേക്കാണ് നടന്ന് കയറിയത്.ഇറാഖിൽ യുദ്ധമുഖത്തകപ്പെട്ട് പോയ നേഴ്സുമാരെ രക്ഷിയ്ക്കാൻ അജിത് ഡോവലിനെയും ഇന്റലിജൻസ് ബ്യൂറോയുടെ ഡയറക്ടർ അസിഫ് ഇബ്രാഹീമിനേയും തന്നെ ഇറാഖിലേക്കയച്ച് അവിടത്തെ ഐസിസുമായി ചർച്ചകൾ നടത്തി വിടുതൽ ചെയ്യിച്ചു. ലോകരാഷ്ട്രങ്ങൾ പോലും ഞെട്ടിപ്പോയ സംഭവമായിരുന്നു. അമേരിക്കക്കാരെയൊക്കെ ഐസിസ് കൊന്നൊടുക്കിയപ്പോൾ ഭാരതത്തിന്റെ മാലാഖമാരെ അവർ വിട്ടയച്ചു.
പിന്നീട് യെമനിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ ആരുമവിടെ ഒറ്റപ്പെട്ട് പോയില്ല. ഭാരതത്തിന്റെ സേനാനായകനായി വിരമിച്ച ജനറൽ വീ കേ സിങ്ങ് നേരിട്ട് ജിബൂട്ടിയിലെത്തി സകലഭാരതീയരേയും രക്ഷപെടുത്തി. ഭാരതീയരെ മാത്രമല്ല മറ്റ് രാജ്യങ്ങളിലെ ഒരുപാട് മനുഷ്യരേയും ജനറലിന്റെ നേതൃത്വത്തിൽ നടന്ന രക്ഷാപ്രവർത്തനത്തിൽ യുദ്ധമുഖത്തുനിന്നും രക്ഷിച്ചു.
രക്ഷാപ്രവർത്തനത്തിന്റെ അവസാന ദിവസങ്ങളിൽ എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ജനറൽ വീ കേ സിങ്ങ്, ഭാരതത്തിന്റെ വിദേശകാര്യസഹമന്ത്രി നേരിട്ട് യമനിലെ യുദ്ധമുഖത്ത് പോയി ആൾക്കാരെ രക്ഷപെടുത്തി. സിനിമകളിൽപ്പോലും കാണാത്ത ധൈര്യം. ഒരു സേനാനായകനു മാത്രം അവകാശപ്പെടാവുന്ന ത്യാഗം. അതാണ് നമ്മളന്നവിടെ കണ്ടത്.
സുഷമസ്വരാജ് രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഈ കാര്യങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകുന്നുണ്ടായിരുന്നു. ഇൻഡ്യൻ പാസ്പ്പോർട്ടുള്ള ഒരു കുഞ്ഞുമായി യമനി ആയ സബാ സവേഷ് എന്ന് പേരുള്ള ഒരു അമ്മ സുഷമാ സ്വരാജിനൊരു ട്വിറ്റർ സന്ദേശം അയച്ചു. കുഞ്ഞിനെയെങ്കിലും രക്ഷപെടുത്തണം എന്ന് പറഞ്ഞ്. ആരും മറുപടി വരുമെന്ന് കരുതിയില്ല. ട്വിറ്ററിൽ എത്രയോ പേർ, ഒരുപക്ഷേ ആയിരക്കണക്കിനു സന്ദേശങ്ങളാകും ഒരു മന്ത്രിയ്ക്കു ലഭിയ്ക്കുക.
പക്ഷേ മിനിട്ടുകൾക്കകം എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് സുഷമ സ്വരാജിന്റെ മറുപടിയെത്തി. നിങ്ങളുടെ ഫോൺ നമ്പർ തരൂ എന്ന് പറഞ്ഞ്. ഓർക്കുക അവർ ഭാരതീയപൗരയല്ല, യമനി ആയിരുന്നു. മന്ത്രി നേരിട്ടാണ് ഫോൺ നമ്പർ ചോദിയ്ക്കുന്നത്. ഫോൺ നമ്പർ കൊടുത്ത ആ അമ്മയെ സുഷമ സ്വരാജ് നേരിട്ട് തന്നെ വിളിച്ചു. സമാധാനമായിരിയ്ക്കാൻ പറഞ്ഞാശ്വസിപ്പിച്ചു. രക്ഷാപ്രവർത്തകരെ അവരുടെയടുത്തേക്ക് പറഞ്ഞ് വിട്ടു. ആ യമനിയായ അമ്മയേയും ഭാരതീയനായ കുഞ്ഞിനേയും ഭാരതത്തിലേക്ക് രക്ഷപെടുത്തി. ഭാരതത്തിൽ കാൽ കുത്തിയയന്ന് മാതൃരാജ്യത്തിലേക്ക് സ്വാഗതം എന്നൊരു സന്ദേശവും സുഷമാ സ്വരാജിന്റേതായി വന്നു.
നമ്മുടെ ദേശത്തിന്റെ അഭിമാനം വാനോളമുയർന്ന നിമിഷം. ഒരു ഭാരതീയൻ, അതൊരു കൈക്കുഞ്ഞായാൽപ്പോലും ഒരിടത്തും ഒറ്റയ്ക്കല്ല എന്ന് മനസ്സിലായ നിമിഷം. നമുക്ക് ചോദിയ്ക്കാനും പറയാനുമൊക്കെ ആരെങ്കിലുമുണ്ടെന്നും പരമപവിത്രമായ ഈ മണ്ണ് നമ്മെ കൈവിടില്ല എന്നും ഉറപ്പായ നിമിഷമായിരുന്നു അത്. ഇന്ന് സബാ സവേഷ് മുബൈയിൽ കുഞ്ഞുമായി സുഖമായി ജീവിയ്ക്കുന്നു.
ഭാരതത്തിലെ മാധ്യമങ്ങൾ ആദ്യസമയത്തൊന്നും ഇതൊന്നും റിപ്പോർട്ട് ചെയ്തതേയില്ല. അന്താരാഷ്ട്ര മാധ്യമങ്ങൾ ബീ ബീ സീയും സീ എൻ എന്നുമടക്കം ഭാരതത്തിന്റെ രക്ഷാപ്രവർത്തനങ്ങളെ വാനോളം പുകഴ്ത്തിയപ്പോൾ അവർ ഒന്ന് റിപ്പോർട്ട് ചെയ്തെന്ന് വരുത്തി. അത്രമാത്രം. മാധ്യമവേശ്യകൾ എന്ന പദം അങ്ങനെയാണ് ചിലർ വിളിയ്ക്കുന്നത്.
ട്വിറ്റർ എന്ന മാധ്യമത്തിന്റെ ശക്തി പലരും തിരിച്ചറിഞ്ഞ സമയമായിരുന്നു അത്. പിന്നീട് സുഷമാ സ്വരാജിനു ട്വിറ്റർ വഴി സന്ദേശങ്ങളയയ്ക്കുക എന്നത് ഒരു പതിവായി. ഇന്ന് വരെ അത്തരം ഒരു സന്ദേശങ്ങൾക്കും പരാതികൾക്കും അവർ പരിഹാരമുണ്ടാക്കാതെയിരുന്നിട്ടില്ല.
ജർമ്മനിയിൽ വച്ച് പാസ്പ്പോർട്ടും പണവും നഷ്ടപെട്ട ഐ ടീ ജോലിക്കാരനു എംബസിയിൽ സകല സഹായങ്ങളും ഒരുക്കുന്നതു മുതൽ മെക്‌സിക്കോയിൽ അപകടത്തിൽപ്പെട്ട ഭർത്താവിനെ കാണാൻ യാത്രാരേഖകൾ ശരിയാക്കിക്കൊടുക്കണം എന്നപേക്ഷിച്ച സംഗീത എന്ന പാലക്കാട്ടുകാരിയ്ക്ക് മണിയ്ക്കൂറുകൾക്കകം അത് ശരിയാക്കിക്കൊടുക്കുന്നത് വരെയുള്ള കാര്യങ്ങളിൽ നേരിട്ടിടപെട്ട് തന്നെക്കൊണ്ടാവുന്നതും അതിലുപരിയും ചെയ്യുന്ന സുഷമ സ്വരാജ് എന്ന ഭരണാധികാരിയെ കാണുമ്പോൾ അവർ വെറുമൊരു മന്ത്രിയല്ല, ഭാരതത്തിലെ ജനകോടികളെ ഒരു അമ്മയെന്ന പോലെയാണ് സംരക്ഷിയ്ക്കുന്നതെന്ന തോന്നലാണുണ്ടാവുന്നത്.
അതിനെയാണ് അച്ഛേ ദിൻ എന്ന് വിളിയ്ക്കുക. ഗവേണൻസിന്റെ സകല ഭാഗങ്ങളും ചേർന്ന് ഒരൊറ്റ മനസ്സോടെ വികസനവും സുരക്ഷയുമെന്ന ഒരൊറ്റ മന്ത്രമായി മുന്നോട്ട് പോകുന്ന ശുഭദിനം. പാസ്പ്പോർട്ടോഫീസുകളും വിസാകേന്ദ്രങ്ങളും എംബസികളും കോൺസുലേറ്റുകളുമെല്ലാം ഏത് നാട്ടിലായാലും എണ്ണയിട്ട യന്ത്രം പോലെയാണിന്ന് പ്രവർത്തിയ്ക്കുന്നത്. അവർക്കറിയാം ഒരു ട്വിറ്റർ സന്ദേശം ആരെങ്കിലുമയച്ചാൽ സുഷമാജി നേരിട്ട് വിളിച്ച് കാര്യങ്ങളന്വേഷിയ്ക്കുമെന്ന്. എവിടേയും ആരുടെയും ശുപാർശ വേണ്ട. ഒരു മേലാളൻ കളിയുമില്ല.
മിഷനറീസ് ഓഫ് ചാരിറ്റിയിലെ സിസ്റ്ററും മലയാളിയുമായ സിസ്റ്റർ സാലി കഴിഞ്ഞ മാർച്ച് എട്ടാം തീയതി യെമനിൽ ഭീകരാക്രമണത്തിൽപ്പെട്ടപ്പോൾ പാതിരാത്രി മൂന്നരയ്ക്കാണ് സുഷമാജി അവർ സുരക്ഷിതയാണെന്ന വിവരം ട്വിറ്ററിൽ സന്ദേശമായിട്ടത്. ആരോ അതിലെ സമയം നോക്കിയപ്പോൾ മൂന്നരയെന്ന് കണ്ട് ‘സുഷമാജീ നിങ്ങൾ മൂന്നരയ്ക്ക് ഉറങ്ങിയില്ലേ‘? എന്ന് ചോദിച്ചതിനു ‘മൂന്നരയാണെന്നറിയാം, പക്ഷേ സിസ്റ്റർ സാലി അപ്പോഴാണ് രക്ഷപെട്ടത്‘ എന്ന മറുപടിയായിരുന്നു ലഭിച്ചത്.
ലോകത്തിന്റെ ഏതോ കോണിൽ അപകടത്തിൽപ്പെട്ട ഒരു ഭാരതീയയെ പാതിരാത്രി മൂന്നരയ്ക്കായാലും സുരക്ഷിതയെന്ന് ഉറപ്പ് വരുത്തിയിട്ടേ വിശ്രമമുള്ളൂ എന്ന് തീർച്ചപ്പെടുത്തിയ മനുഷ്യസ്നേഹത്തിനെ എന്താണ് വിളിയ്ക്കുക?
അതിനെത്തന്നെയാണ് അമ്മയുടെ കരുതൽ എന്ന് വിളിയ്ക്കുക.
ആ അമ്മയുടെ കരുതൽ ഇനിയില്ല. ജീവിതം ഈ ഭാരതഭൂമിയ്ക്കായുഴിഞ്ഞുവച്ച് അവിശ്രമം പണിയെടുത്ത ആ അമ്മ തന്റെ എല്ലാമായ ശ്രീകൃഷ്ണപരമാത്മാവിൽ ലയിച്ചുകഴിഞ്ഞു.
2016 ജൂലയ് മാസത്തിൽ വിദേശകാര്യമന്ത്രിയായിരുന്ന സുഷ്മാ ജി ഇങ്ങനെ ഒരു പ്രസ്താവന നൽകി. പാകിസ്ഥാൻ പ്രധാനമന്ത്രിയ്ക്ക് മറുപടിയായാണ് പ്രസ്താവന നൽകിയത്.
“ ഞങ്ങൾ മുഴുവൻ ഭാരതീയർക്കും പാകിസ്ഥാന്റെ പ്രധാനമന്ത്രി നവാസ് ഷെരീഫിനോട് പറയാനുള്ളത് ഒറ്റക്കാര്യമേയുള്ളൂ. കൽപ്പാന്തകാലത്തിന്റെ അവസാനമെത്തിയാൽപ്പോലും നിങ്ങളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാവുകയില്ല. മുഴുവൻ ജമ്മുകാശ്മീരും ഭാരതത്തിന്റേതാണ്. ഭൂമിയിലെ ഈ സ്വർഗ്ഗത്തിനെ ഭീകരവാദികളുടെ സ്വർഗ്ഗമാക്കാൻ നിങ്ങൾക്കൊരിയ്ക്കലും കഴിയില്ല.“
ഇന്ന് വെറും നാലുമണിയ്ക്കൂർ മുൻപ് തന്റെ അവസാന ട്വിറ്റിൽ കാശ്മീരിലെ ആർട്ടിക്കിൽ 370 എടുത്തുമാറ്റിയ കേന്ദ്രസർക്കാർ തീരുമാനത്തിന്റെ സന്തോഷത്തിൽ സുഷ്മാ ജി ഇങ്ങനെ കുറിച്ചിരിയ്ക്കുന്നു.
“നന്ദി പ്രധാനമന്ത്രീ.. ഈ ദിനത്തിനു വേണ്ടി ഞാനെന്റെ ജീവിതം മുഴുവൻ കാത്തിരിക്കുകയായിരുന്നു “
താൻ കാത്തിരുന്നത് കണ്ടശേഷം ആ ജീവിതം വിടവാങ്ങിയിരിയ്ക്കുന്നു. സുഷ്മാ സ്വരാജ് എന്ന സ്നേഹമന്ത്രം ഇനി ഓർമ്മമാത്രം.
നന്ദി സുഷമാജി .. ഈ ലോകത്തേക്ക് വന്നതിന് . ഈ രാജ്യത്തെ സേവിച്ചതിന് . ഞങ്ങളുടെ ശബ്ദമായതിന് .
വിട…
Discussion about this post