ഡൽഹി: കള്ളപ്പണക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി തുടർന്ന് കേന്ദ്രസർക്കാർ. കോൺഗ്രസ്സ് നേതാവ് കുൽദീപ് ബിഷ്ണോയുടെ 150 കോടി രൂപയുടെ ബിനാമി സ്വത്തുക്കൾ ആദായനികുതി വകുപ്പ് പിടികൂടി.
ഗുരുഗ്രാം ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്രൈറ്റ് സ്റ്റാർ ഹോട്ടൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിലാണ് ക്രമക്കേട് കണ്ടെത്തിയത്. കമ്പനിയുടെ 34 ശതമാനം ഓഹരികൾ ബ്രിട്ടീഷ് വിർജീനിയ ദ്വീപ് ആസ്ഥാനമായുള്ള ഒരു കമ്പനിയാണ് കൈകാര്യം ചെയ്തിരുന്നത്. കമ്പനിയുടെ നിയന്ത്രണം യു എ ഇ ആസ്ഥാനമാക്കിയായിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്.
അന്തരിച്ച മുൻ ഹരിയാന മുഖ്യമന്ത്രി ഭജൻ ലാലിന്റെ മക്കളും കോൺഗ്രസ്സ് നേതാക്കളുമായ കുൽദീപ് ബിഷ്ണോയിയുടെയും ചന്ദ്രമോഹന്റെയും ബിനാമി സ്വത്തുക്കളുടെ ഭാഗമാണ് പ്രസ്തുത കമ്പനിയെന്ന് അന്വേഷണത്തിൽ വ്യക്തമായി.
1988ലെ ബിനാമി സ്വത്ത് നിരോധന നിയമത്തിലെ 24(3) വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. കഴിഞ്ഞ ജൂലൈ മാസത്തിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് അന്താരാഷ്ട്ര ബിനാമി ഇടപാടുകൾ സംബന്ധിച്ച രേഖകൾ അന്വേഷണ സംഘത്തിന് ലഭിച്ചത്.
ബിഷ്ണോയ് കുടുംബത്തിന്റെ അടുത്ത അനുയായികളുടെ പേരിലായിരുന്നു വിദേശ കമ്പനി. ഇന്ത്യയിലും വിദേശത്തുമിരുന്ന് കമ്പനിയെ ബിഷ്ണോയ് സഹോദരന്മാർ നിയന്ത്രിച്ചിരുന്നുവെന്ന് കമ്പനിയുടെ ആസ്തി വിവരങ്ങളും വിദേശയാത്രാ രേഖകളും വ്യക്തമാക്കുന്നതായി ആദായ നികുതി വകുപ്പ് അറിയിച്ചു.
Discussion about this post