സുനീഷ് വി ശശിധരൻ
നൂറ്റിമുപ്പത് കോടി ഭാരതീയരുടെ സ്വപ്നസ്പന്ദനം ഇടനെഞ്ചിലറിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചുമലിൽ ചാഞ്ഞ് നിൽക്കുന്ന ഐ എസ് ആർ ഒ ഡയറക്ടർ കെ ശിവന്റെ ചിത്രം ഓരോ ഭാരതീയനും ഒരു വിങ്ങലോടെ കണ്ടുകൊണ്ടാണ് ഇന്നത്തെ പുലരിയെ അഭിവാദ്യം ചെയ്തത്. വെറും 2.1 കിലോമീറ്റർ അകലത്തിൽ വിക്രം മൂകനായെങ്കിലും തല ഉയർത്തി തന്നെയാണ് ഭാരതം ഇന്ന് ലോകത്തിന് മുന്നിൽ നിൽക്കുന്നത്. ലോകത്തിലെ ഏറ്റവും ചിലവ് കുറഞ്ഞ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ-2 തൊണ്ണൂറ്റിയഞ്ച് ശതമാനവും വിജയകരമായി പൂർത്തിയാക്കിയെന്ന് നാസ ഉൾപ്പെടെ അഭിപ്രായപ്പെടുമ്പോൾ ഒരിക്കലും മറന്നു കൂടാത്ത, നിന്ദിക്കാൻ പാടില്ലാത്ത നാമമാണ് ഡോക്ടർ കെ ശിവൻ എന്ന ഐ എസ് ആർ ഒ ഡയറക്ടറുടേത്.
തമിഴ് നാട്ടിലെ കന്യാകുമാരി ജില്ലയിലെ നാഗർകോവിലിൽ 1957 ഏപ്രിൽ മാസം 14ആം തീയതിയാണ് കെ ശിവൻ ജനിച്ചത്. കർഷകരായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കളായ കൈലാസവടിവ് നാടാരും ചെല്ലമ്മാളും. സ്കൂൾ പഠനകാലം മുതൽ ഗണിതശാസ്ത്രത്തെ ആരാധിച്ച ശിവനെ എഞ്ചിനീയറിംഗ് കോളേജിൽ ചേർക്കാനുള്ള സാമ്പത്തിക ശേഷി മാതാപിതാക്കൾക്ക് ഇല്ലായിരുന്നു. പാടത്തെ പണിയിൽ നിന്നും മിച്ചം പിടിച്ചതും ആരോടൊക്കെയോ കടം വാങ്ങിയതുമായ പണം കൊണ്ട് കൈലാസവടിവ് മകനെ കോളേജിൽ അയച്ചു.
നാഗർകോവിലിലെ എസ് ടി ഹിന്ദു കോളേജിൽ ഗണിതശാസ്ത്ര ബിരുദ വിദ്യാർത്ഥിയായി ഉപരി പഠനത്തിന് ചേരുമ്പോൾ കാലിൽ ഇടാൻ ഒരു ജോഡി ചെരുപ്പോ ഉടുക്കാൻ ഒരു നല്ല മുണ്ടോ ആവശ്യത്തിന് ഭക്ഷണമോ അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. എന്നാൽ കാൽക്കുലസും ജ്യോമെട്രിയും ആൾജിബ്രയും മെട്രിക്സും ആ മസ്തിഷ്കത്തിന്റെ വിശപ്പിനെ ശമിപ്പിച്ചു. ആമാശയം ഉപേക്ഷിച്ച ആർത്തി ആ ചിന്തകളിൽ വിജ്ഞാന ശലാകകൾ കൊളുത്തി. ഒടുവിൽ ആ പഠനമികവിന് അർഹിക്കുന്ന അംഗീകാരം ലഭിച്ചു.
ഡോക്ടർ എ പി ജെ അബ്ദുൽകലാം എന്ന മഹാ വൈജ്ഞാനികന് ജന്മം നൽകിയ മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ സ്കോളർഷിപ്പോടെ കെ ശിവന് പ്രവേശനം ലഭിച്ചു. അബ്ദുൽ കലാം തിരഞ്ഞെടുത്ത ഏയ്റനോട്ടിക്കൽ എഞ്ചിനീയറിംഗ് തന്നെയായിരുന്നു ശിവനും തിരഞ്ഞെടുത്തത്. എം ഐ ടിയിലെ നാലാം നമ്പർ ബാച്ചുകാരനായിരുന്നു അബ്ദുൾ കലാം. കെ ശിവൻ ഇരുപത്തിയൊൻപതാം ബാച്ചും. ഇരുപത്തിയഞ്ച് വർഷങ്ങളുടെ വ്യത്യാസത്തിൽ അവുൽ പകീർ ജൈനുലാബ്ദിൻ അബ്ദുൽ കലാമിന് ശേഷം മറ്റൊരു ജോഡി അഗ്നിച്ചിറകുകൾ എം ഐ ടിയിൽ ഉരുവായത് കാലം കരുതി വെച്ച നിയോഗം.
1980ൽ ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്ന് എയ്റോസ്പേസ് എഞ്ചിനീയറിംഗ് ഇന്റേൺഷിപ്പ് പൂർത്തിയാകിയ കെ ശിവൻ രണ്ട് വർഷങ്ങൾക്ക് ശേഷം 1982ൽ ഐ എസ് ആർ ഓയിലെത്തി. 2006ൽ ബോംബെ ഐ ഐ ടിയിൽ നിന്ന് എയ്റോസ്പേസ് എഞ്ചിനീയറിംഗിൽ പി എച്ച് ഡി പൂർത്തിയാക്കി.
ഐ എസ് ആർ ഓയിൽ നാല് ദശാബ്ദക്കാലത്തെ അനുഭവസമ്പത്ത് 2018 ജനുവരിയിൽ അദ്ദേഹത്തെ ഓർഗനൈസേഷന്റെ തലപ്പത്ത് എത്തിച്ചു. ഐ എസ് ആർ ഓയുടെ സ്വപ്നപദ്ധതിയായ പി എസ് എൽ വിയുടെ കുതിപ്പിൽ നിർണ്ണായകമായ പങ്കു വഹിക്കാൻ അദ്ദേഹത്തിന് സാധിച്ചു. മംഗൾയാൻ, ചന്ദ്രയാൻ തുടങ്ങിയ പ്രധാനപ്പെട്ട ദൗത്യങ്ങളുടെ പദ്ധതി രൂപീകരണത്തിലും നിർമ്മിതിയിലും സമന്വയ- വിശകലനങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകി.
വരാനിരിക്കുന്ന ഗഗൻയാൻ പദ്ധതിയിലും നിർണ്ണായകമായ ഗവേഷണങ്ങൾ നടത്തുകയാണ് നിലവിൽ ഡോക്ടർ കെ ശിവൻ. തിരിച്ചടികളും പരിഹാസങ്ങളും ബാല്യ കൗമാരങ്ങളിൽ ഒരുപാട് അനുഭവിച്ച് വളർന്നു വന്ന കെ ശിവൻ ഒരു പ്രതീകമാണ്. പ്രതിസന്ധികൾ പാഠമായിക്കണ്ട് തിരിച്ചടികളെ ഊർജ്ജമാക്കി മുന്നേറുന്ന ഇന്ത്യൻ കരുത്തിന്റെ, അതുല്യമായ പോരാട്ടവീര്യത്തിന്റെ പ്രതീകം.
കാലം ഇന്നോ നാളെയോ അവസാനിക്കുന്നില്ല, അത് അന്യുസ്യൂതം പ്രവഹിക്കുകയാണ് എന്ന തിരിച്ചറിവിൽ മുന്നോട്ട് പോകുകയാണ് ഡോക്ടർ കെ ശിവനും ഐ എസ് ആർ ഓയും ഒപ്പം ബഹിരാകാശ ഗവേഷണ രംഗത്തെ ഇന്ത്യൻ സ്വപ്നങ്ങളും.
Discussion about this post