ശബരിമലക്ഷേത്രത്തിന്റെ ഭരണ നിര്‍വഹണത്തില്‍ സര്‍ക്കാറിനുകൂടി പങ്കാളിത്തം ലഭിക്കുംവിധം പ്രത്യേക അതോറിറ്റി രൂപവത്കരിച്ചേക്കുമെന്ന് സൂചന.തിരുവിതാംകൂര്‍ ദേവസ്വം നിയമം ഭേദഗതി ചെയ്യുമ്പോള്‍ ശബരിമലക്കായി പ്രത്യേക അതോറിറ്റി രൂപീകരിക്കാനാണ് നീക്കം. സര്‍ക്കാരിന്റെ പങ്കാളിത്തം പക്ഷേ ദേവസ്വം ബോര്‍ഡിന്റെ അധികാരം മറികടക്കും വിധമാകില്ലെന്നാണ് ദേവസ്വം വൃത്തങ്ങള്‍ നല്കുന്ന സൂചന.
ശബരിമലയില്‍ ഭരണകാര്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ എന്ന പേരിലാണ് അതോറിറ്റി രൂപവത്കരിക്കാന്‍ ആലോചിക്കുന്നതെന്നാണ് വിവരം. കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ ശബരിമലയുമായി ബന്ധപ്പെട്ട് കേസ് പരിഗണിക്കവെ സര്‍ക്കാറിനുവേണ്ടി ഹാജരായ അഭിഭാഷകന് ശബരിമലയില്‍ സര്‍ക്കാര്‍ പ്രത്യേക നിയമത്തിനായി തയ്യാറാണെന്ന് വ്യക്തമാക്കിയിരുന്നു.
ഇതിനിടെ ശബരിമലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നതില്‍നിന്ന് ദേവസ്വം ബോര്‍ഡിനെ ഒഴിവാക്കി പകരം സര്‍ക്കാറിന് നേരിട്ട് നിയന്ത്രണമുള്ള പ്രത്യേക കമ്പനി രൂപവത്കരിക്കാന്‍ തീരുമാനമായിട്ടുണ്ട്. അതിനു പിന്നാലെയാണ് നിയമം പരിഷ്കരിച്ച് ഭരണകാര്യങ്ങളിലും സര്‍ക്കാര്‍ പങ്കാളിത്തം ഉറപ്പാക്കാന്‍ നീക്കം നടക്കുന്നത്.
ഇതിനിടെ ദേവസ്വം ബോര്‍ഡുകളില്‍ സമഗ്ര പരിഷ്കാരം നടപ്പാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണ്. ക്ഷേത്രങ്ങളുടെ നടത്തിപ്പില്‍ ബോര്‍ഡുകളുടെ പ്രവര്‍ത്തനം തൃപ്തികരമല്ലാ എന്ന കാരണം പറഞ്ഞാണ് സമഗ്ര പരിഷ്കരണം നടപ്പാക്കുന്നത്. നിലവിലെ ദേവസ്വം ബോര്‍ഡ് നിയമങ്ങള്‍ പരിഷ്കരിച്ച് സര്‍ക്കാരിന് കൂടി ഇടപെടാവുന്ന തരത്തിലുള്ള മാറ്റങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. മലബാര്‍ ദേവസ്വം ബോര്‍ഡില്‍ സമഗ്ര പരിഷ്കാരം നിര്‍ദേശിക്കുന്ന നിയമത്തിന്റെ കരട് രേഖ തയാറായിക്കഴിഞ്ഞു. ഇത് നിയമപരിഷ്കാര കമീഷന്റെ പരിഗണനയിലാണ്. ഇതിനെ പിന്തുടര്ന്ന് മറ്റ് ബോര്‍ഡുകളുടെ നിയമാവലിയും പരിഷ്കരിക്കാനാണ് സര്‍ക്കാര്‍ നീക്കം. തിരുവിതാംകൂര്‍, കൊച്ചി, ഗുരുവായൂര്‍, കൂടല്‍മാണിക്യം, മലബാര്‍ എന്നിങ്ങനെ അഞ്ച് ദേവസ്വം ബോര്‍ഡുകളാണുള്ളത്.
നിലവില്‍ ദേവസ്വം ബോര്‍ഡുകള്‍ രാഷ്ട്രീയവത്ക്കരിക്കപ്പെട്ടിരിക്കുകയാണെന്ന ആരോപണം ഹിന്ദു ഭക്തജനസംഘടനകള്ക്കും വിശ്വാസികള്‍ക്കും ഉണ്ട്. ഇതിനിടയിലാണ് സര്‍ക്കാരിന് കാര്യമായി തന്നെ ഇടപെടാവുന്ന തരത്തിലുള്ള നിയമഭേദഗതിക്ക് കളമൊരുങ്ങുന്നത്. ശബരിമല ക്ഷേത്രം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. ഇതിന് തടയിടുക എന്നത് കൂടി ഉദ്ദേശിച്ചാണ് സംസ്ഥാന സര്‍്ക്കാരിന്റെ നീക്കമെന്ന ആക്ഷേപം വരുദിവസങ്ങളില്‍ ഉയരും
Discussion about this post