കൊച്ചി: പാലാരിവട്ടം പാലം അഴിമതിയിൽ നിർണ്ണായക വെളിപ്പെടുത്തലുമായി ടി ഒ സൂരജ്. അഴിമതിയിൽ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിന് പങ്കുണ്ടെന്ന് സൂരജ് വെളിപ്പെടുത്തി.
കരാറുകാരന് മുൻകൂർ പണം നൽകാൻ ഉത്തരവിട്ടത് ഇബ്രാഹിംകുഞ്ഞാണെന്ന് സൂരജ് പറഞ്ഞു. 8.25 കോടി രൂപ കരാറുകാരന് നൽകാനയിരുന്നു ഉത്തരവ്. ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യ ഹർജിയിലാണ് സൂരജ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
താനല്ല അഴിമതി നടത്തിയതെന്നും വിജിലൻസ് ആരോപിക്കുന്ന കുറ്റങ്ങൾ ചെയ്യാൻ രേഖാമൂലം ഉത്തരവിട്ടത് വികെ ഇബ്രാഹിം കുഞ്ഞാണെന്നുമാണ് സൂരജ് ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.
തീരുമാനം തന്‍റേതായിരുന്നില്ല. ചട്ടങ്ങൾക്കും വ്യവസ്ഥകൾക്കും വിരുദ്ധമായി ഇത്രയും കോടി രൂപ കമ്പനിക്ക് നൽകാൻ രേഖാമൂലം ഉത്തരവിട്ടത് ഇബ്രാഹിം കുഞ്ഞാണെന്ന് സത്യവാങ്മൂലത്തിലുമുണ്ട്. മുൻകൂർ പണത്തിന് പലിശ ഈടാക്കാനുള്ള നിർദ്ദേശം ഉത്തരവിലുണ്ടായില്ല. എന്നാൽ താനാണ് ഏഴ് ശതമാനം പലിശ ഈടാക്കാൻ ഉത്തരവിൽ കുറിപ്പെഴുതിയതെന്നും ടി ഒ സൂരജ് വ്യക്തമാക്കുന്നു.
ഇബ്രാഹിം കുഞ്ഞിനെതിരെ കടുത്ത നടപടികൾക്ക് വിജിലൻസ് നീങ്ങുന്നതിനിടെയാണ് കേസിൽ അറസ്റ്റിലായ സൂരജ് തന്നെ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്. കേസിലെ മുഖ്യപ്രതിതന്നെ ഇക്കാര്യം വെളിപ്പെടുത്തിയതോടെ അന്വേഷണം ഇബ്രാഹിം കുഞ്ഞിനെ കേന്ദ്രീകരിച്ചായിരിക്കുമെന്ന് ഉറപ്പായി.
Discussion about this post