മുംബൈ : ഉടന്‍ തന്നെ ബിജെപിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ച് മഹാരാഷ്ട്രാ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ നാരായണ്‍ റാണെ . താന്‍ ഉടന്‍ തന്നെ ബിജെപിയില്‍ ചേരുമെന്നും, തന്റെ പാര്‍ട്ടിയായ മഹാരാഷ്ട്ര സ്വാഭിമാന്‍ പാര്‍ട്ടി ബിജെപിയില്‍ ലയിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസുമായി ഇക്കാര്യം സംസാരിച്ചു, കന്‍കവാലിയില്‍ വച്ചല്ല മുംബൈയില്‍ വച്ച് ബിജെപിയില്‍ ചേരുമെന്നും റാണെപ്രഖ്യാപിച്ചു. മഹാജനദേശ് യാത്രയുടെ ഭാഗമായി കന്‍വാലിയില്‍ എത്തിയ ഫട്‌നാവിസ് റാണെയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തിരുന്നു.
നേരത്തെ പാര്‍ട്ടി വിട്ട റാണെ നിയമസഭാ കൗണ്‍സില്‍ (എംഎല്‍സി) അംഗത്വവും രാജിവച്ചുിരുന്നു. മുഖ്യമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തു കോണ്‍ഗ്രസില്‍ എത്തിച്ചവര്‍ പിന്നീടു കാലു വാരിയെന്നും പ്രധാന പദവികളൊന്നും നല്‍കാതെ അവഗണിച്ചതിനാലാണു പാര്‍ട്ടി വിടുന്നതെന്നും റാണെ പറഞ്ഞിരുന്നു. മൂത്തമകനും കോണ്‍ഗ്രസ് മുന്‍ എംപിയുമായ നിലേഷ് റാണെയും പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവച്ചപ്പോള്‍ കൊങ്കണില്‍ നിന്നുള്ള എംഎല്‍എയായ ഇളയമകന്‍ നിതേഷ് കോണ്‍ഗ്രസ് വിട്ടിട്ടില്ല. കോണ്‍ഗ്രസിലും ശിവസേനയിലും നിന്നു തനിക്കൊപ്പം ചില നേതാക്കള്‍ വരുമെന്നും നിതേഷും അപ്പോള്‍ പാര്‍ട്ടിവിടുമെന്നുമാണ് ഇതേക്കുറിച്ചുള്ള ചോദ്യത്തിനു നാരായണ്‍ റാണെ നല്‍കിയ മറുപടി.
ശിവസേനയില്‍ ബാല്‍ താക്കറെയുടെ വലംകയ്യായിരുന്ന റാണെ, 12 വര്‍ഷം മുന്‍പാണു കോണ്‍ഗ്രസിലെത്തിയത്. മഹാരാഷ്ട്രയില്‍ ശിവസേനബിജെപി സര്‍ക്കാര്‍ ആദ്യമായി നിലവില്‍ വന്ന 1995ല്‍ അവസാന ആറുമാസം മുഖ്യമന്ത്രിയായി; അടുത്ത തിരഞ്ഞെടുപ്പില്‍ ഭരണം നഷ്ടപ്പെട്ടപ്പോള്‍ പ്രതിപക്ഷ നേതാവും. എന്നാല്‍, ബാല്‍ താക്കറെ മകനെ പിന്‍ഗാമിയായി പ്രഖ്യാപിച്ചതിനു പിന്നാലെ ഉദ്ധവുമായി ഇടഞ്ഞു 2005ല്‍ സേന വിട്ടു. കോണ്‍ഗ്രസില്‍ എത്തിയതിന്റെ പിറ്റേന്നു സംസ്ഥാന റവന്യു മന്ത്രിയായി.
കൊങ്കണ്‍ മേഖലയില്‍ കോണ്‍ഗ്രസിന്റെ മുഖമായി അറിയപ്പെട്ടിരുന്ന റാണെ, മഹാരാഷ്ട്രയില്‍ ഏറെ സ്വാധീനമുള്ള മറാഠാ വിഭാഗത്തില്‍ നിന്നുള്ള നേതാവാണ്. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ റാണെ പാര്‍ട്ടിയിലെത്തുന്നത് ബിജെപിയ്ക്ക് വലിയ നേട്ടമാകും. അതേ സമയം മുന്‍ നേതാവ് റാണെ ബിജെപിയില്‍ എത്തുന്നതില്‍ ശിവസേനയ്ക്കും അതൃപ്തിയുണ്ട്. ശിവസേനയില്‍ നിന്നും ചില നേതാക്കള്‍ തനിക്ക് പിന്നാലെ ബിജെപിയില്‍ ചേരുമെന്ന റാണെയുടെ പ്രസ്താവനക്കെതിരെ ശിവസേന രംഗത്തെത്തിയിട്ടുണ്ട്.
Discussion about this post