മരടിലെ ഫ്ലാറ്റുകൾ പൊളിക്കാനുള്ള സമയപരിധി ഇന്നവസാനിക്കും. ഫ്ലാറ്റുകൾ പൊളിക്കുന്നതിനുള്ള നടപടികൾ തുടങ്ങിയെന്നറിയിച്ച് സംസ്ഥാന സർക്കാർ ഇന്ന് സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകും. റിപ്പോർട്ട് നൽകുന്നതിന് മുമ്പ് ചീഫ് സെക്രട്ടറി ടോം ജോസ് സർക്കാരിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകരുമായി ചർച്ച നടത്തും. അതേസമയം, ഫ്ലാറ്റൊഴിയണമെന്ന നഗരസഭയുടെ ഉത്തരവിനെതിരെയുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
23ന് കേസ് പരിഗണിക്കുമ്പോൾ സർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയെ ഹാജരാക്കാനുള്ള നീക്കങ്ങൾ തുടരുകയാണ്. സർക്കാരിന് വേണ്ടി ഹാജരാകില്ലെന്ന് തുഷാർ മേത്ത നേരത്തെ വ്യക്തമാക്കിയിരുന്നു. 23 ന് ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണം. കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ ചീഫ് സെക്രട്ടറിയെ ജയിലിലേക്ക് അയക്കുമെന്നാണ് കോടതിയുടെ താക്കീത്.
Discussion about this post